കൊച്ചി: തിരുനാവായയിലെ ഭാരതപ്പുഴയുടെ മണപ്പുറത്ത് ചരിത്രവും ആത്മീയതയും കൈകോര്‍ക്കുന്ന അപൂര്‍വ്വതയ്ക്കാണ് കുറച്ചു ദിവസങ്ങളായി കേരളം സാക്ഷ്യം വഹിച്ചത്. 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചുപോയ മാമാങ്കത്തിന്റെ ആത്മീയ പതിപ്പായ ‘മഹാമാഘ മഹോത്സവം’ ഭാരതപ്പുഴയുടെ തീരത്ത് പുനര്‍ജനിക്കുമ്പോള്‍ അത് ദക്ഷിണ ഭാരതത്തിന്റെ കുംഭമേളയായി മാറി.
ഈ ചരിത്രപരമായ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത് ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിയാണ്. മലയാളിയായ സന്യാസി വര്യന്. അസാധ്യമെന്ന് കരുതിയതാണ് സാധിച്ചെടുത്തത്. പലവിധ എതിര്‍പ്പുകളുണ്ടായി. പക്ഷേ പഴയ എസ് എഫ് ഐക്കാരന് തളര്‍ന്നില്ല. ആത്മീയതയുടെ കരുത്തില്‍ എല്ലാ എതിര്‍പ്പുകളേയും അപ്രസക്തമാക്കി. അങ്ങനെ പുതു ചരിത്രം പിറന്നു. കേരളത്തില്‍ ഹൈന്ദവത ഉയര്‍ത്തി പിടിച്ച ചേങ്കോട്ടുകോണം സ്വാമിയ്ക്ക് ശേഷം ചരിത്രം കുറിച്ച മറ്റൊരു സന്യാസിയായി മാറുകായണ് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.
ജൂന അഖാഡയുടെ മഹാമണ്ഡലേശ്വറായി നിയമിതനായ ആദ്യ മലയാളിയാണ് തൃശൂര്‍ ചാലക്കുടി സ്വദേശിയായ സ്വാമി ആനന്ദവനം ഭാരതി. പൂര്‍വ്വാശ്രമത്തില്‍ സലില്‍ പി. 2025 ജനുവരിയില്‍ പ്രയാഗ്രാജ് കുംഭമേളയിലാണ് അദ്ദേഹം ഈ പദവിയില്‍ അഭിഷേകം ചെയ്യപ്പെട്ടത്. മുന്‍ മാധ്യമപ്രവര്‍ത്തകനും കേരള പ്രസ് അക്കാദമിയില്‍ ഒന്നാം റാങ്ക് ജേതാവുമായിരുന്ന ഇദ്ദേഹം. പഠിക്കുമ്പോള്‍ എസ് എഫ് ഐക്കാരന്. വീറോടെ വിപ്ലവ മുദ്രാവാക്യം വിളിച്ച യുവാവ്. പിന്നീട് ആധ്യാത്മികതയിലേക്ക് തിരിയുകയും കാശി, ഋഷികേശ്, ഹിമാലയം എന്നിവിടങ്ങളില്‍ സാധന അനുഷ്ഠിക്കുകയും ചെയ്തു. പൂര്‍വാശ്രമത്തില്‍ കേരള വര്‍മ്മ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐ നേതാവായിരുന്നു.
ആധ്യാത്മിക പാതയില്‍ 12 വര്‍ഷത്തിലധികമായി ജൂന അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. സ്വാമി അവധേശാനന്ദ് ഗിരിയാണ് അദ്ദേഹത്തെ മഹാമണ്ഡലേശ്വറായി വാഴിച്ചത്. കാളികാ പീഠാധീശ്വരും കൊട്ടാരക്കര അവധൂതാശ്രമത്തിന്റെ ഉത്തരാധികാരിയുമാണ്. ധര്‍മ്മ പ്രചരണത്തിനും ധര്‍മ്മ സംരക്ഷണത്തിനുമായി കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തില്‍ അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ് സ്വാമിയുടെ ലക്ഷ്യം. കേരളത്തില്‍ നിന്നും ഈ ഉന്നത പദവിയിലെത്തുന്ന മൂന്നാമത്തെ വ്യക്തിയും ജൂന അഖാഡയിലെ ആദ്യ മലയാളിയുമാണ് സ്വാമി ആനന്ദവനം ഭാരതി. ഈ സ്വാമിയാണ് കേരളത്തില്‍ കുംഭമേള എത്തിച്ചത്.
ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കുന്ന കുംഭമേളകളുടെ അതേ ഗരിമയോടെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മുന്നില്‍ നിളയുടെ മാറിലാണ് ഈ പുണ്യസംഗമം നടന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമഹത്തിന്റെ മാതൃകയില്‍, വരും വര്‍ഷങ്ങളില്‍ ഇത് ലോകശ്രദ്ധയാകര്‍ഷിക്കുന്ന തീര്‍ത്ഥാടനമായി മാറ്റാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ മാത്രം മഹാമണ്ഡലേശ്വര്‍ എന്ന പദവി അലങ്കരിക്കുന്ന സ്വാമി ആനന്ദവനം ഭാരതി, ഉത്തരേന്ത്യന്‍ കുംഭമേളകളുടെ ചട്ടക്കൂട്ടില്‍ നിന്ന് കൊണ്ട് കേരളത്തിന്റെ തനതായ ആചാരങ്ങളെ ഇതില്‍ കോര്‍ത്തിണക്കുന്നു.
പ്രതീക്ഷിക്കാത്ത വിധമായിരുന്നു കുംഭമേളയില്‍ പങ്കെടുക്കാന്‍ നിളയുടെ തീരത്തേക്ക് വിശ്വാസികള്‍ ഒഴുകിയെത്തിയത്. ഇതോടെ സ്വാമി ആനന്ദവനം ഭാരതിയുടെ ആ ആത്മീയ ശ്രമവും അഭിനന്ദനങ്ങളുടെ കൊടുമുടി കയറുകയാണ്.



