കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റാന്‍ ഒരു ‘മാസ്സ്’ എന്‍ട്രി! കേരള രാഷ്ട്രീയത്തിന്റെ തിരക്കഥ മാറുകയാണ്, അതും ഒരു സിനിമാ സ്റ്റൈല്‍ ക്ലൈമാക്സിലേക്ക്! ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തുവന്ന ആ വിഡിയോ വെറുമൊരു ‘ഹായ്, ബൈ’ അല്ല, മറിച്ച് സിപിഎമ്മിന്റെ ഉറക്കം കെടുത്തുന്ന വലിയൊരു പൊളിറ്റിക്കല്‍ മൂവ് ആണെന്ന് വ്യക്തം. നാല് വര്‍ഷം മുന്‍പ് വൈറ്റിലയിലെ നടുറോഡില്‍ ഏറ്റുമുട്ടിയവര്‍ ഇന്ന് പരസ്പരം നെഞ്ചോട് ചേര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത് ഒന്നുമാത്രം- ജോജു ജോര്‍ജ് ഇനി ഔദ്യോഗികമായി കോണ്‍ഗ്രസുകാരന്‍ തന്നെയോ?
ഇടക്കാലത്ത് ജോജുവിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍, വൈറ്റിലയിലെ ട്രാഫിക് ബ്ലോക്കില്‍ തുടങ്ങിയ ആ പക ഇന്ന് കോണ്‍ഗ്രസിനോടുള്ള വലിയ അനുഭാവമായി മാറിയിരിക്കുന്നു. ‘തെറ്റുകാര്‍ക്ക് മാപ്പ് നല്‍കുന്നതാണ് കോണ്‍ഗ്രസ് ശൈലി, വേട്ടയാടുന്നത് സിപിഎം ശൈലിയാണ്’ എന്ന് മുഹമ്മദ് ഷിയാസ് തുറന്നടിച്ചതോടെ സന്ദേശം വ്യക്തം- ജോജുവിനെ കോണ്‍ഗ്രസ് ഏറ്റെടുത്തു കഴിഞ്ഞു. അന്ന് ജോജുവിനെ ഗുണ്ടയെന്നും മദ്യപാനിയെന്നും വിളിച്ച ഡിസിസി പ്രസിഡന്റ് തന്നെ ഇന്ന് അദ്ദേഹത്തെ ‘ഭായ്’ എന്ന് വിളിക്കുമ്പോള്‍ അമ്പരക്കുന്നത് എകെജി സെന്ററിലെ നേതാക്കളാണ്.
തല്‍ക്കാലം ഒരു ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി ജോജുവിനെ കാണാന്‍ കഴിയില്ലെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയായി താരം മാറുമെന്നാണ് ലഭിക്കുന്ന വിവരം. താരപ്രചാരകനായി ജോജു മൈതാനത്തിറങ്ങിയാല്‍ അത് ഉണ്ടാക്കുന്ന ഓളം ചെറുതാകില്ല. വിദേശ മണ്ണില്‍ അബിന്‍ വര്‍ക്കിയെ സാക്ഷിയാക്കി നടന്ന ഈ കൂടിക്കാഴ്ച ഒരു കൃത്യമായ ‘മാസ്റ്റര്‍ പ്ലാനിന്റെ’ ഭാഗമാണ്.
സിനിമയിലെ മാസ്സ് പ്രകടനം പോലെ തന്നെ രാഷ്ട്രീയത്തിലും തന്റെ നിലപാട് വ്യക്തമാക്കാനാണ് ജോജുവിന്റെ നീക്കം. അന്ന് തന്റെ ലക്ഷ്വറി കാറിന്റെ ചില്ല് തകര്‍ത്തവരോട് താരം ക്ഷമിച്ചെങ്കില്‍, അതിന് പിന്നില്‍ വലിയൊരു രാഷ്ട്രീയ സമവാക്യമുണ്ട്. ഇത് വെറുമൊരു കെട്ടിപ്പിടുത്തമല്ല, മറിച്ച് കേരളത്തിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ ഹൈടെക് നീക്കമാണ്. അന്ന് ചില്ല് തകര്‍ക്കാന്‍ കല്ലെടുത്ത കൈകള്‍ ഇന്ന് ജോജുവിന് അഭിവാദ്യമര്‍പ്പിക്കാന്‍ റെഡിയായിക്കഴിഞ്ഞു.



