കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? കെസിയെന്ന പേരും ചര്‍ച്ചകളിലുണ്ട്. കണ്ണൂരിലെ പയ്യന്നൂര്‍ കണ്ടോന്താര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് ഡല്‍ഹിയിലെ അധികാര സിരാകേന്ദ്രങ്ങളിലേക്ക് കെ.സി. വേണുഗോപാല്‍ നടന്നു കയറിയത് പിആര്‍ വര്‍ക്കുകളുടെ അകമ്പടിയോടെയല്ല, മറിച്ച് അഞ്ച് പതിറ്റാണ്ട് നീണ്ട അടിയുറച്ച പോരാട്ടവീര്യം കൊണ്ടു മാത്രമാണ്. കെസിയെ ശബരിമലയില്‍ തളയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ശ്രമിക്കുന്നു. പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. ഇതോടെ കെസിയുടെ ഭയം ഇടതു ക്യാമ്പിലും സജീവമെന്ന് വ്യക്തം. കെസിയാണ് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതെന്ന് പറയാനുള്ള ആര്‍ജ്ജവം പോലും ഇരട്ട ചങ്കനില്ല. അങ്ങനെ പറഞ്ഞാല്‍ മാനനഷ്ടകേസുണ്ടാകുമെന്ന് പിണറായിയ്ക്ക് അറിയാം. അതുകൊണ്ടാണ് സൂചനകളുമായി കെസിയെ മോശക്കാരനാക്കാനുള്ള ശ്രമം. പക്ഷേ പോറ്റിയുമായി കെസിയെ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നതാണ് വസ്തുത. ഏതായാലും കോണ്‍ഗ്രസിലെ നേതാക്കളെ എല്ലാം ഒരുമിപ്പിക്കുന്ന കെസി മാന്ത്രികത പിണറായിയേയും ഭയപ്പെടുത്തുന്നുണ്ട്.
കേരള രാഷ്ട്രീയം ഇന്ന് ഉറ്റുനോക്കുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ്: പിണറായി വിജയന് ശേഷം ആരാകും കേരളത്തിന്റെ അമരക്കാരന്? സിപിഎം ക്യാമ്പുകളില്‍ പോലും ഈ ചോദ്യം ഉയരുമ്പോള്‍, പ്രതിപക്ഷ നിരയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന പേര് ഒന്നേയുള്ളൂ- കെ.സി. വേണുഗോപാല്‍. അഞ്ച് പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും തളരാത്ത പോരാളിയുടെ പേര്. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പെട്ടെന്ന് കെ.സി. വേണുഗോപാലിനെതിരെ തിരിയാന്‍ കാരണമെന്താണ്? ഉത്തരം ലളിതമാണ് – ഭയം. അധികാരനഷ്ടത്തിന്റെ ഭയം. കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്താന്‍ ഏറ്റവും സാധ്യതയുള്ള നേതാവ് കെസിയാണെന്ന് പിണറായി തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കെസിയെ എങ്ങനെയെങ്കിലും വിവാദങ്ങളില്‍ കുടുക്കി തളയ്ക്കാനാണ് പിണറായിയുടെ ശ്രമം. എന്നാല്‍ ഈ നീക്കങ്ങള്‍ കെസിയുടെ ജനപ്രീതി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്.
കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും തീപ്പൊരി നേതാവായി കേരളത്തെ വിസ്മയിപ്പിച്ച വേണുഗോപാല്‍, ഇന്ന് കോണ്‍ഗ്രസിന്റെ ദേശീയ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നില്‍ക്കുമ്പോഴും ലളിതമായ ആ പച്ചയായ മനുഷ്യനായി തന്നെ തുടരുന്നുവെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കെസിയ്ക്ക് പിറന്നാള്‍ മുധുരം നല്കാന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒരുമിച്ചെത്തി. ഫെബ്രുവരി നാലിനായിരുന്നു ആ പിറന്നാള്‍ ആധോഷം. 50 കൊല്ലം പൊതു പ്രവര്‍ത്തനത്തില്‍ പൂര്‍ത്തിയാക്കുന്നു കെസി. അഞ്ചു പതിറ്റാണ്ടെ മികവുമായി മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്താണ് കെസിയെന്ന് ഏവര്‍ക്കും അറിയാം. അതു തന്നെയാണ് വെറുതെ ശബരിമലയിലേക്ക് കെസിയെ വലിച്ചിഴക്കുന്ന പിണറായി കുതന്ത്രം വെളിവാക്കുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കെസിയാകും മുഖ്യമന്ത്രിയെന്ന തിരിച്ചറിവ് പിണറായിയ്ക്കും വന്നിരിക്കുന്നു. കെഎസ് യു കാലഘട്ടം മുതല്ക്കേ ക്യാമ്പസുകളുടെ ഹരമായിരുന്നു വേണുഗോപാല്‍. നന്ദാവനം എആര്‍ ക്യാമ്പിലെ ക്രൂരമായ പോലീസ് മര്‍ദ്ദനമേറ്റു ശരീരം നീറിപ്പുകയുമ്പോഴും ചെറുത്തുനിന്ന ആ പോരാളിയെ സഹപ്രവര്‍ത്തകര്‍ ഇന്നും ഓര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ പഞ്ചായത്തുകള്‍ തോറും സഞ്ചരിച്ച് യുവാക്കളെ അണിനിരത്തിയ അദ്ദേഹത്തിന്റെ സംഘടനാ പാടവം അന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് പോലുമൊരു പേടിസ്വപ്നമായിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ നല്കുന്ന ആവേശകരമായ പിന്തുണ അദ്ദേഹത്തിന്റെ ജനകീയതയുടെ അടിത്തറയാണ്.
രാഹുല്‍ ഗാന്ധിയുടെ ഇടംകയ്യോ വലംകയ്യോ എന്ന സംശയത്തിന് പ്രസക്തിയില്ലാത്ത വിധം ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനായി കെ.സി. മാറിയിരിക്കുന്നു. അദാനിക്കും അംബാനിക്കും മോദിക്കും അമിത് ഷാക്കും കീഴ്പ്പെടുത്താന്‍ കഴിയാത്ത നേതാവ് എന്നാണ് കോണ്‍ഗ്രസ് നേതാവായ പഴകുളം മധു തന്റെ കുറിപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പാര്‍ലമെന്റില്‍ വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടുമ്പോഴുള്ള അദ്ദേഹത്തിന്റെ ഊര്‍ജ്ജവും, പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ചേര്‍ത്തുപിടിക്കാനുള്ള നൈപുണ്യവും കെ.സിയെ ദേശീയ രാഷ്ട്രീയത്തിലെ അനിവാര്യ ഘടകമാക്കുന്നു.
എംഎല്‍എ, മന്ത്രി, എംപി, കേന്ദ്രമന്ത്രി, പിഎസി ചെയര്മാന് തുടങ്ങിയ ഒട്ടേറെ പദവികള്‍ അലങ്കരിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നും അഹന്ത കലരാത്തതാണ് വേണുഗോപാലിന്റെ സവിശേഷത. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും സ്വഭാവഗുണങ്ങള്‍ ഒത്തുചേര്‍ന്ന നേതാവ് എന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന അതിവിശിഷ്ടമായ പദവിയില്‍ ഇരിക്കുമ്പോഴും സ്വന്തക്കാരെ തിരുകിക്കയറ്റാനോ വിഭാഗീയത ഉണ്ടാക്കാനോ അദ്ദേഹം ശ്രമിച്ചില്ല.
കേരളം വിട്ട് ഡല്‍ഹിയിലേക്ക് വണ്ടി കയറാന്‍ ഒരിക്കലും താല്‍പ്പര്യമില്ലാതിരുന്ന, കണ്ണൂരും ആലപ്പുഴയും അവിടുത്തെ സാധാരണക്കാരായ ജനങ്ങളുമായുള്ള ആത്മബന്ധം നെഞ്ചേറ്റുന്ന വ്യക്തിയാണ് കെ.സിയെന്നും പഴകുളം മധു പറയുന്നു. അവഗണനയുടെ കൈപ്പുനീര് കുടിക്കുമ്പോഴും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടുപോയ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം ഇന്നും മാതൃകാപരമാണ്. അഞ്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും മാറ്റമില്ലാത്ത ചിരിയോടെ, ചിന്തയോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ മതേതരത്വത്തിന്റെ പടച്ചട്ടയണിഞ്ഞു സംരക്ഷിക്കുകയാണ് ഈ കണ്ടോന്താര്‍ സ്വദേശി.
കെ.സി. വേണുഗോപാല്‍ പൊതുപ്രവര്‍ത്തനത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. എംഎല്‍എ, മന്ത്രി, എംപി, കേന്ദ്രമന്ത്രി തുടങ്ങി ഒട്ടനവധി പദവികള്‍ വഹിച്ചിട്ടും, പഴയ പയ്യന്നൂരുകാരന്റെ ലാളിത്യം അദ്ദേഹം കൈവിട്ടില്ല. കരുണാകരന്റെ തന്ത്രജ്ഞതയും ആന്റണിയുടെ കരുതലും ഒത്തുചേര്‍ന്ന കെസി, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നതില്‍ അണികള്‍ക്ക് സംശയമില്ല. പിണറായി വിജയന്റെ ‘ഇരട്ടച്ചങ്ക്’ കെസിയുടെ പേര് കേള്‍ക്കുമ്പോള്‍ വിറയ്ക്കുന്നതും അതുകൊണ്ട് തന്നെ.



