വിവി രാജേഷിന്റെ കോട്ട തകര്‍ക്കാന്‍ ‘സ്വതന്ത്ര’ തന്ത്രം; തിരുവനന്തപുരത്ത് ബിജെപിയെ വീഴ്ത്താന്‍ സിപിഎം പടയൊരുക്കം; പാറ്റൂര്‍ രാധാകൃഷ്ണനെ മേയറാക്കി ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ അണിയറയില്‍ ആലോചന; തിരുവനന്തപും കോര്‍പ്പറേഷനില്‍ ‘സുഗതന്റെ കാപ്പാ കേസിനെ’ പ്രതീക്ഷയില്‍ കണ്ട് സിപിഎം; ജനകീയ മേയര്‍ക്ക് ‘വാഴോട്ടുകോണം’ പ്രതിസന്ധി മറികടക്കാന്‍ കഴിയുമോ?

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചെടുത്ത് കുറഞ്ഞ കാലം കൊണ്ട് രാഷ്ട്രീയ മേധാവിത്വം ഉറപ്പിച്ച ബി.ജെ.പിക്കും മേയര്‍ വിവി രാജേഷിനും അപ്രതീക്ഷിത പ്രഹരമേല്‍പ്പിക്കാന്‍ സി.പി.എമ്മിന്റെ അണിയറ നീക്കം. പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട തിരുവനന്തപുരത്ത്, കോണ്‍ഗ്രസുമായിപ്പോലും തന്ത്രപരമായ സഹകരണത്തിന് തയാറായി ബി.ജെ.പിയുടെ കോര്‍പ്പറേഷന്‍ ഭരണം അട്ടിമറിക്കാനാണ് സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ ഗൂഢാലോചന നടത്തുന്നത്. ബി.ജെ.പിയുടെ കുതിപ്പിന് തടയിട്ടില്ലെങ്കില്‍ വരും നാളുകളില്‍ ജില്ലയിലെ പാര്‍ട്ടി അടിത്തറ തന്നെ ഇളകുമെന്ന തിരിച്ചറിവിലാണ് ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന പഴയ രാഷ്ട്രീയ തന്ത്രം സി.പി.എം പൊടിതട്ടിയെടുക്കുന്നത്.

നഗരസഭയില്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മേയര്‍ വി.വി. രാജേഷ് നടത്തിയ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ നീക്കങ്ങളും ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തിരുന്നു. കോര്‍പ്പറേഷന്‍ ഭരണത്തിലൂടെ ബി.ജെ.പി ഉണ്ടാക്കിയ ഈ രാഷ്ട്രീയ മേല്‍ക്കൈ വരാനിരിക്കുന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കും ഇടതുമുന്നണിക്കും വലിയ ഭീഷണിയാകുമെന്ന് സി.പി.എം ഭയപ്പെടുന്നു. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണം തുടര്‍ന്നാല്‍ തലസ്ഥാന നഗരിയില്‍ ബി.ജെ.പിയുടെ വേരുകള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശകലനം. ഈ സാഹചര്യത്തിലാണ് മേയറെ മാറ്റാനുള്ള നീക്കം.

കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുണ്ടാക്കി എന്ന പേരുദോഷം ഒഴിവാക്കാന്‍, ഇരുവിഭാഗത്തിനും സ്വീകാര്യനായ ഒരു സ്വതന്ത്ര കൗണ്‍സിലറെ മേയര്‍ പദവിയില്‍ ഇരുത്തി ഭരണം പിടിക്കാനാണ് സി.പി.എമ്മില്‍ ആലോചന നടക്കുന്നത്. നിലവില്‍ ബി.ജെ.പി പാളയത്തില്‍ നില്‍ക്കുന്ന കണ്ണമൂല വാര്‍ഡിലെ സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണനെ മേയറാക്കാനാണ് സി.പി.എം കരുക്കള്‍ നീക്കുന്നത്. രാധാകൃഷ്ണനെ മുന്‍നിര്‍ത്തി, സി.പി.എമ്മും കോണ്‍ഗ്രസും പുറത്തുനിന്ന് പിന്തുണ നല്‍കുന്ന തരത്തിലുള്ള ഒരു ബദല്‍ ഭരണസംവിധാനമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാധാകൃഷ്ണനുമായി വരും ദിവസങ്ങളില്‍ സിപിഎം നേതൃത്വം ആശയ വിനിമയം നടത്തും.

ഇതുസംബന്ധിച്ച് പാറ്റൂര്‍ രാധാകൃഷ്ണനുമായി സി.പി.എം ഉന്നത നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം. തിരുവനന്തപുരത്തെ ഒരു മുതിര്‍ന്ന സി.പി.എം സംസ്ഥാന സമിതി അംഗവുമായി രാധാകൃഷ്ണനുള്ള അടുത്ത വ്യക്തിബന്ധം ഈ നീക്കങ്ങള്‍ക്ക് ഗുണകരമാകുമെന്ന് സിപിഎം കരുതുന്നു. മുന്‍പ് സി.പി.എം പ്രവര്‍ത്തകനായിരുന്ന രാധാകൃഷ്ണന്‍, പിന്നീട് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്നു. ഇത്തവണ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അദ്ദേഹം നിലവില്‍ ബി.ജെ.പി മുന്നണിക്കൊപ്പമാണ് നില്‍ക്കുന്നത്. എന്നാല്‍, മേയര്‍ പദവി വെച്ചുനീട്ടിയാല്‍ രാധാകൃഷ്ണന്‍ ഇടതുപക്ഷത്തിന്റെ തന്ത്രത്തിനൊപ്പം നില്‍ക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. നിലവില്‍ ബിജെപി പിന്തുണയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗമാണ് രാധാകൃഷ്ണന്‍.

തലസ്ഥാന കോര്‍പ്പറേഷനിലെ നിലവിലെ കക്ഷിനിലയും ബി.ജെ.പി ക്യാമ്പിലെ അപ്രതീക്ഷിത പ്രതിസന്ധിയുമാണ് സി.പി.എമ്മിന് ഇത്തരം ഒരു നീക്കത്തിന് ധൈര്യം പകരുന്നത്. നൂറംഗ നഗരസഭയില്‍ കൃത്യം 50 പേരുടെ പിന്തുണയോടെയാണ് ബി.ജെ.പി ഭരണം നടത്തുന്നത്. എന്നാല്‍, വാഴോട്ടുകോണം വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്‍ കാപ്പാ കേസില്‍ അറസ്റ്റിലായതോടെ ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയാണ്. കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള കേസ് ആയതിനാല്‍ സുഗതന് ഉടനെയൊന്നും ജാമ്യം ലഭിക്കില്ലെന്നും ഇത് അദ്ദേഹത്തിന്റെ കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യതയായി മാറുമെന്നുമാണ് സി.പി.എമ്മിന് ലഭിച്ച നിയമോപദേശം.

സുഗതന്‍ അയോഗ്യനാക്കപ്പെടുന്നതോടെ ബി.ജെ.പിയുടെ കൗണ്‍സിലര്‍മാരുടെ എണ്ണം 49 ആയി ചുരുങ്ങും. അതോടെ നഗരസഭയില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടും. തുടര്‍ന്ന് വാഴോട്ടുകോണം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായാല്‍ അവിടെ ശക്തമായ മത്സരം കാഴ്ചവെച്ച് സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ഈ രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍, പാറ്റൂര്‍ രാധാകൃഷ്ണന്റെ കൂടി പിന്തുണയോടെ ബി.ജെ.പിയുടെ ഭൂരിപക്ഷം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.

മേയര്‍ വി.വി. രാജേഷിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് പുറത്താക്കുകയാണ് സി.പി.എമ്മിന്റെ പ്രഥമ ലക്ഷ്യം. ബി.ജെ.പിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസും ഒപ്പം നില്‍ക്കുമെന്ന് സി.പി.എം ഉറച്ചു വിശ്വസിക്കുന്നു. സംസ്ഥാന തലത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം പോരടിക്കുമ്പോഴും, തിരുവനന്തപുരത്ത് ബി.ജെ.പിയെ തളയ്ക്കാന്‍ ഇരുകൂട്ടരും കൈകോര്‍ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.എം ഭരണത്തിലേറിയാല്‍ അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് ‘സ്വതന്ത്രന്‍ മേയര്‍’ എന്ന ഫോര്‍മുലയിലേക്ക് സി.പി.എം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ രണ്ട് സുപ്രധാന മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് വിജയിച്ചത്. നേമത്തും കഴക്കൂട്ടത്തും. ഈ രണ്ട് മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികളാണ് പരാജയപ്പെട്ടത് എന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കോര്‍പ്പറേഷന്‍ ഭരണത്തിന്റെ തണലില്‍ ബി.ജെ.പി നഗരപ്രദേശങ്ങളില്‍ സ്വാധീനം ഉറപ്പിക്കുന്നതാണ് സി.പി.എമ്മിന്റെ പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വി.വി. രാജേഷിനെ മേയര്‍ സ്ഥാനത്ത് നിന്ന് എങ്ങനെയെങ്കിലും പുറത്താക്കുക എന്നത് സി.പി.എമ്മിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ബി.ജെ.പിയെ അട്ടിമറിക്കാനുള്ള സി.പി.എമ്മിന്റെ ഈ ‘രഹസ്യ അജണ്ട’ വരും ദിവസങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷനെ രാഷ്ട്രീയ യുദ്ധക്കളമാക്കുമെന്നതില്‍ സംശയമില്ല. ജയിലില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലറുടെ നിയമപരമായ അയോഗ്യത മുന്‍നിര്‍ത്തി സി.പി.എം നീങ്ങുമ്പോള്‍, ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിയും പ്രതിരോധതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് സിപിഎം നീക്കത്തോട് പരസ്യമായി എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top