തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പോലീസ് തലപ്പത്ത് അടിമുടി മാറ്റം വരുത്തി ആഭ്യന്തര വകുപ്പിന്റെ വന്‍ സര്‍ജറി. താഴെത്തട്ടുമുതല്‍ ഉന്നത റാങ്കുകളില്‍ വരെ അഴിച്ചുപണിയാന്‍ പുതിയ ആഭ്യന്തര മന്തി രമേശ് ചെന്നിത്തല തീരുമാനിച്ചതോടെ, തന്ത്രപ്രധാന കസേരകളിലേക്ക് വിശ്വസ്തരും കരുത്തുറ്റവരുമായ പുതിയ സാരഥികളെത്തി. പോലീസ് സേനയില്‍ ഇനി ‘ചെന്നിത്തല രാജ്’ എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന സ്ഥലംമാറ്റ ഉത്തരവുകള്‍.
ശക്തമായ ക്രമസമാധാനപാലനവും രാഷ്ട്രീയ വെല്ലുവിളികളെ നേരിടലും ലക്ഷ്യമിട്ടുള്ള മാറ്റങ്ങളില്‍ ഏറ്റവും വലിയ ലോട്ടറി അടിച്ചത് പി. വിജയനാണ്. നിലവില്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന അദ്ദേഹത്തെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പവര്‍ഫുള്‍ എഡിജിപിയായി നിയമിച്ചു. ഡിജിറ്റല്‍ യുഗത്തിലെ കുറ്റകൃത്യങ്ങള്‍ തടയാനുള്ള സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണവും ഇനി വിജയനാണ്.
അതേസമയം, സംസ്ഥാനത്തിന്റെ കണ്ണും കാതുമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ (ഇന്റലിജന്‍സ്) താക്കോല്‍സ്ഥാനം പണിയറിയാവുന്ന ദിനേന്ദ്ര കശ്യപിന്റെ കൈകളിലെത്തിച്ചു എന്നതാണ് ചെന്നിത്തലയുടെ മറ്റൊരു തന്ത്രപരമായ നീക്കം. കേന്ദ്ര ഇന്റലിജന്‍സില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് പയറ്റിത്തെളിഞ്ഞ കശ്യപിനെ സായുധ ബറ്റാലിയനില്‍ നിന്നാണ് ഇന്റലിജന്‍സ് മേധാവിയായി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പോലീസ് ആസ്ഥാനത്തെ എഡിജിപി ആയിരുന്ന എസ്. ശ്രീജിത്താണ് പുതിയ ജയില്‍ വകുപ്പ് മേധാവി. സായുധ ബറ്റാലിയന്‍ എഡിജിപിയായി ബല്‍റാം കുമാര്‍ ഉപാധ്യായയെയും, ക്രൈംബ്രാഞ്ച് തലവനായി എച്ച്. വെങ്കിടേഷിനെയും പൂര്‍ണ്ണ ചുമതലകളോടെ നിയമിച്ചു.
വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ-ക്രമസമാധാന വിഷയങ്ങളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കോഴിക്കോടിനെ വിറപ്പിക്കാന്‍ ‘സിങ്കം’ ഷൗക്കത്തലി എ.പി. എത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തുന്ന ഷൗക്കത്തലി മുന്‍കാലങ്ങളിലെ രാഷ്ട്രീയ കൊലപാതക അന്വേഷണങ്ങളിലൂടെ ശ്രദ്ധേയനായ, വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനാണ്. നിലവിലെ കമ്മീഷണര്‍ മേരിന്‍ ജോസഫിനെ കോഴിക്കോട് റൂറല്‍ പോലീസ് ചീഫായി മാറ്റി.
ക്രൈംബ്രാഞ്ചിലും നഗര സുരക്ഷയിലും കാര്യക്ഷമത കൂട്ടാന്‍ നാല് പുതിയ താല്ക്കാലിക തസ്തികകള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഹര്‍ഷിത അത്തല്ലൂരി (പോലീസ് ആസ്ഥാനം), എസ്. ശ്യാംസുന്ദര്‍ (ക്രൈംബ്രാഞ്ച്), ആര്‍. നിശാന്തിനി (ഇന്റലിജന്‍സ്) എന്നിവരാണ് പുതിയ ഐജിമാര്‍.
റേഞ്ച് ഡിഐജി തലത്തിലും ആഭ്യന്തര വകുപ്പ് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ എറണാകുളത്തേക്കും, ഡോ. അരുള്‍ ആര്‍.ബി. കൃഷ്ണയെ തിരുവനന്തപുരം സിറ്റി കമ്മീഷണറായും നിയമിച്ചു. കാര്‍ത്തിക് കെ. തൃശൂരിലും നാരായണന്‍ ടി. കണ്ണൂരിലും പുതിയ ഡിഐജിമാരാകും. കോഴിക്കോട് റൂറല്‍ എസ്പിയായിരുന്ന ഫറാഷ് ടി. ഇനി എറണാകുളം കോസ്റ്റല്‍ പോലീസ് എഐജിയാകും.
പുതിയ ജില്ലാ പോലീസ് മേധാവിമാര്‍:
തിരുവനന്തപുരം റൂറലില്‍ പ്രശാന്തന്‍ കാണി ബി.കെയും കൊല്ലത്ത് ഷാജി സുഗുണനും ചുമതലയേല്‍ക്കും. വിഷ്ണു പ്രതീപ് ടി.കെ (ആലപ്പുഴ), സാബു മാത്യു കെ.എം (കോട്ടയം), ഡോ. നസീം എ (ഇടുക്കി), അബ്ദുല്‍ റഷീദ് എ (പാലക്കാട്), എസ്. ദേവ മനോഹര്‍ (വയനാട്), മുഹമ്മദ് നദീമുദ്ദീന്‍ (തൃശ്ശൂര്‍ റൂറല്‍), ഉമേഷ് ഗോയല്‍ (കണ്ണൂര്‍ റൂറല്‍), നിധിന്‍രാജ് പി (കാസര്‍ഗോഡ്) എന്നിവരാണ് പുതിയ എസ്പിമാര്‍. ബി.വി. വിജയ ഭാരത് റെഡ്ഡിയാണ് പുതിയ കണ്ണൂര്‍ കമ്മീഷണര്‍. മോഹനാചന്ദ്രന്‍ നായരെ കോഴിക്കോട്-വയനാട് ക്രൈംബ്രാഞ്ച് എസ്പിയായി മാറ്റി.

ഭരണമാറ്റത്തിന് പിന്നാലെ ക്രമസമാധാനവും പോലീസ് സംവിധാനവും അടിമുടി സ്വന്തം ശൈലിയിലേക്ക് ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് ചെന്നിത്തലയുടെ ഈ നടപടികള്‍.





