ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ വിവരം പുറത്തായ സംഭവത്തില്‍ ഉറവിടം കണ്ടെത്താനാകാതെ അധികൃതര്‍ കുഴയുന്നു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സന്ദര്‍ശന വിവരങ്ങള്‍ ചോര്‍ന്നത് നാണക്കേടായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, വിഷയം കൂടുതല്‍ വഷളാക്കാതെ വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് നിലവില്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം.
ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രിയുടെ കുടുംബം താമസിച്ചിരുന്ന ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വിഐപികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഈ ഗസ്റ്റ് ഹൗസ് ദേവസ്വത്തിന് കീഴിലാണെങ്കിലും പോലീസിന്റെ കര്‍ശന നിയന്ത്രണവും നിരീക്ഷണവും ഇവിടെയുണ്ട്. വിഐപികളെ സഹായിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയോഗിക്കപ്പെട്ടവരില്‍ ആരെങ്കിലും വിവരം പുറത്തുവിട്ടോ എന്നാണ് സംശയിക്കുന്നത്.
മുമ്പും പിണറായി വിജയന്റെ മകന്‍ ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയിട്ടുണ്ട്. അന്നൊന്നും ആരും അറിഞ്ഞില്ല. പക്ഷേ ഇത്തവണ പുറത്തു പോയി. കോഴിക്കോട്ടെ ഒരു സുഹൃത്തുവഴിയാണ് വിജയന്റെ മകന്‍ ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയത്. ഒരിക്കലും പോലീസിനെ ആശ്രയിക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ വിവരം പുറത്തു പോയതില്‍ പല തിയറികള്‍ സജീവമാണ്.
ഗസ്റ്റ് ഹൗസിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാകാം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന നിഗമനത്തിലാണ് ദേവസ്വത്തിലെ പ്രധാനികള്‍. വിഐപികളുടെ ചലനങ്ങള്‍ കൃത്യമായി അറിയാവുന്നതും പോലീസിനാണ്. അതീവ രഹസ്യ സ്വഭാവമുള്ള സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളിലേക്കും മറ്റും എത്തിയത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഉദാസീനതയാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. ജനം ടിവി ക്യാമറാമന്റെ ക്യാമറ പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കേണ്ടി വന്നു.
സംഭവം ചര്‍ച്ചയായതോടെ ദേവസ്വം ഭരണസമിതി പ്രതിരോധത്തിലായിരുന്നു. എന്നാല്‍, ഇനി ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണങ്ങളോ വിവാദങ്ങളോ ഉണ്ടാക്കേണ്ടതില്ലെന്ന നിലപാടിലാണ് ദേവസ്വം പ്രസിഡന്റ്. അനാവശ്യ ചര്‍ച്ചകള്‍ വിശ്വാസികളെയും ഭരണകൂടത്തെയും ഒരുപോലെ ബാധിക്കുമെന്നതിനാലാണ് ഈ ഒത്തുതീര്‍പ്പ് നീക്കം. കൂടുതല്‍ പ്രകോപനപരമായ നടപടികളിലേക്ക് കടക്കാതെ പ്രശ്നം തണുപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ സന്ദര്‍ശനം പോലുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി പുറത്തറിയുന്നത് സുരക്ഷാപരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
പോലീസിന്റെ നിയന്ത്രണത്തിലുള്ള ഒരു കേന്ദ്രത്തില്‍ നിന്ന് തന്നെ വിവരങ്ങള്‍ ചോരുന്നത് വരും ദിവസങ്ങളില്‍ വിഐപി പ്രോട്ടോക്കോളുകളില്‍ മാറ്റം വരുത്താന്‍ കാരണമായേക്കും. എങ്കിലും, നിലവില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാതെ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് നീക്കം നടക്കുന്നത്.



