തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി രാഷ്ട്രീയ അട്ടിമറിക്ക് ഇടതുമുന്നണി നീക്കം. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയതലത്തില്‍ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനുമായ തുഫൈല്‍ പി.ടിയെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കാനാണ് തിരശ്ശീലയ്ക്ക് പിന്നില്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.
ഇടതു ഘടകകക്ഷിയായ ഐഎന്‍എല്‍ ആണ് തുഫൈലിന്റെ പേര് മുന്നോട്ട് വെച്ച് ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. കേരളത്തിലെ യുവത്വത്തിനിടയിലും സാംസ്‌കാരിക മേഖലയിലും വ്യക്തമായ സ്വാധീനമുള്ള തുഫൈലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് ഐഎന്‍എല്ലിന്റെ കണക്കുകൂട്ടല്‍. നിര്‍ണ്ണായകം തുഫൈലിന്റെയും സിപിഎമ്മിന്റെയും നിലപാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തുഫൈല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ അദ്ദേഹം ജനവിധി തേടണമെന്ന നിലപാടിലാണ് ഐഎന്‍എല്‍ നേതൃത്വം.
ഈ വിഷയത്തില്‍ തുഫൈല്‍ എടുക്കുന്ന തീരുമാനത്തിനൊപ്പം തന്നെ സിപിഎമ്മിന്റെ രാഷ്ട്രീയ വിശകലനവും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിര്‍ണ്ണായകമാകും. നിലവില്‍ ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തുഫൈല്‍, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.
ആരാണ് തുഫൈല്‍ പി.ടി?
2018-ല്‍ തന്റെ 29-ാം വയസ്സില്‍ ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ അമരത്തെത്തി.
തെഹല്‍ക്ക, ഔട്ട്‌ലുക്ക് തുടങ്ങിയ ദേശീയ മാധ്യമങ്ങളില്‍ സീനിയര്‍ എഡിറ്റര്‍ പദവികള്‍ വഹിച്ചു.
ഡല്‍ഹിയില്‍ തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ അവഗണിച്ച് കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണയുടെ കച്ചേരി സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി.
ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
സിപിഎമ്മിലെ പ്രമുഖ നേതാക്കളുമായും സാംസ്‌കാരിക നായകരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന തുഫൈല്‍ പി.ടി കളത്തിലിറങ്ങിയാല്‍, അത് കാസര്‍കോട് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റുമെന്നുറപ്പാണ്. യുവ വോട്ടര്‍മാരെയും ബുദ്ധിജീവി വിഭാഗത്തെയും ഒരുപോലെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു ‘ക്ലീന്‍ ഇമേജ്’ സ്ഥാനാര്‍ത്ഥിയെയാണ് ഇടതുമുന്നണി തുഫൈലിലൂടെ ലക്ഷ്യമിടുന്നത്.



