കൊച്ചി: കൊച്ചിയില്‍ ഭീതിയായി എയ്ഡ് സ് ക്ലസ്റ്ററുകളോ? ഈ രോഗം മറ്റുള്ളവരില്‍ എത്തിക്കുന്ന സംഘങ്ങളുണ്ടെന്നും സൂചന. പലരേയും ചതിയില്‍ വീഴ്ത്തി ലൈംഗിക രോഗികളാക്കുന്ന സ്ഥിതിവിശേഷം കൊച്ചിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല കുട്ടികളേയും ഇത്തരത്തില്‍ ചൂഷക സംഘങ്ങള്‍ ചതിയില്‍ വീഴ്ത്തുന്നു. വിദേശ ജോലി വാഗ്ദാന ചതിയിലാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഇങ്ങനെ ചതിയില്‍ വീഴുന്നവര്‍ വിദേശ യാത്രയ്ക്ക് വേണ്ടി രക്തപരിശോധന നടത്തുമ്പോഴാണ് എയ്ഡ് സ് പോസിറ്റീവാണെന്ന് മനസ്സിലാകുക. ഇങ്ങനെ നിത്യ ദുഖത്തിലായ നിരവധി പേര്‍ കൊച്ചിയിലും പരിസരത്തും ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇതില്‍ ചിലര്‍ തങ്ങളുടെ രോഗം മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ശ്രമിക്കാറുണ്ട്. രോഗം മറച്ചു വച്ച് പലരേയും പ്രണയ ചതിയില്‍ വീഴ്ത്തി രോഗം പകരുന്ന തരത്തില്‍ ഇടപെടല്‍ നടത്തുകയാണ് ഇവരുടെ രീതി.
ഇതിലൂടെ കൂടുതല്‍ പേര്‍ എയ്ഡ്സ് പോസിറ്റീവാണെന്ന അവസ്ഥയുണ്ടാകും. സമൂഹം തങ്ങളെ ചതിച്ചതിനുളള മറുപ്രതികാരമാണ് ഇതിലൂടെ ആ കൂട്ടം ലക്ഷ്യമിടുന്നത്. സമൂഹത്തിലേക്ക് എയ്ഡ്സ് വൈറസിനെ പകര്‍ത്തി കൂടുതല്‍ ആളുകളെ തങ്ങളെ പോലെയാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഈ സാഹചര്യത്തില്‍ വലിയ ജാഗ്രത അനിവാര്യതയാണ്. അതിനിടെയാണ് എറണാകുളം പെരുമ്പാവൂരില്‍ എയ്ഡ്‌സ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യം ആരോഗ്യ വകുപ്പും തിരിച്ചറിയുന്നത്. ഈ മേഖലയില്‍ മേഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
ഫെബ്രുവരി 22നാണ് ക്യാമ്പ്. ആരോഗ്യ ഉത്സവം എന്ന പേരില്‍ നടത്തുന്ന ക്യാമ്പില്‍ പരമാവധി അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കല്‍ ചെക്കപ്പും നടത്താനും തീരുമാനിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍ പത്തു മലയാളികളും സ്ത്രീകളും അടക്കം 27 പേര്‍ക്ക് എയ്ഡ്‌സ് സ്ഥിരീകരിച്ചതായാണ് പെരുമ്പാവൂര്‍ താലൂക്കിലെ ആരോഗ്യവകുപ്പ് വിഭാഗം നല്‍കുന്ന കണക്ക്.
എന്നാല്‍, രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്നില്ല എന്നാണ് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി ചൂണ്ടിക്കാട്ടുന്നത്. അതേസമയം, അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ എയ്ഡ്സ് രോഗം വര്‍ധിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരില്‍ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു.
ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴില്‍, നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചിയിലെ മറ്റു ഭാഗങ്ങളിലും ഇത്തരം പരിശോധനകളും ഇടപെടലും ആരോഗ്യ വകുപ്പ് നടത്തും.



