തിരുവനന്തപുരം: അയ്യപ്പന്റെ തിരുസന്നിധിയില്‍ നടന്നത് അതിഭീകരമായ കൊള്ളയോ? ശബരിമല ശ്രീകോവില്‍ വാതിലിലെ സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ പുറത്തുവരുന്നത് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. വെറും മോഷ്ടാക്കളല്ല, ക്ഷേത്ര സ്വത്തുക്കള്‍ കാത്തുസൂക്ഷിക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ ഗൂഢാലോചനയുടെ സൂത്രധാരന്മാരെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ കമ്മീഷണര്‍ എന്‍. വാസു, തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവരുള്‍പ്പെടെ എട്ടുപേരാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടിലുള്ളത്. 2019-ല്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന ശ്രീകോവില്‍ പാളികള്‍ ചെന്നൈയിലേക്ക് കടത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്.
രേഖകളില്‍ നടത്തിയ കൃത്യമായ തിരിമറിയാണ് അന്വേഷണ സംഘത്തെ അമ്പരപ്പിച്ചത്. ‘സ്വര്‍ണ്ണം പൂശിയ ചെമ്പ് പാളികള്‍’ എന്ന ഔദ്യോഗിക രേഖയില്‍ നിന്ന് ‘സ്വര്‍ണ്ണം പൂശിയ’ എന്ന ഭാഗം ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം മായ്ച്ചു കളഞ്ഞു. പകരം ഇവ ‘വെറും ചെമ്പ് പാളികള്‍’ എന്ന് രേഖപ്പെടുത്തി കടത്തിക്കൊണ്ടുപോയി. അയ്യപ്പവിഗ്രഹത്തിന് ചുറ്റുമുള്ള പ്രഭാമണ്ഡലത്തില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നും സ്വര്‍ണ്ണം ഇളക്കിമാറ്റിയിട്ടുണ്ട്. ശിവരൂപങ്ങളും വ്യാളികളും കൊത്തിവെച്ച പ്രഭാമണ്ഡലത്തില്‍ നിന്ന് ഏകദേശം ഒരു കിലോയോളം സ്വര്‍ണ്ണമാണ് പ്രാഥമികമായി നഷ്ടപ്പെട്ടത്.
കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ റോദ്ദം എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്ത പാളികളിലെ സ്വര്‍ണ്ണം രാസപ്രക്രിയയിലൂടെ ഇവര്‍ കട്ടകളാക്കി മാറ്റി. പങ്കജ് ഭണ്ഡാരിയില്‍ നിന്നും ഗോവര്‍ദ്ധന്‍ റോദ്ദത്തില്‍ നിന്നും ഏകദേശം 580 ഗ്രാമിലധികം സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. വി.എസ്.എസ്.സിയിലെ പരിശോധനാ ഫലം പുറത്തുവരുന്നതോടെ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ അളവ് ഇനിയും കൂടുമെന്നാണ് കരുതുന്നത്.
തട്ടിപ്പിന് പിന്നില്‍ രാഷ്ട്രീയ ഉന്നതരുടെ കരങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിന്റെ ഭാഗമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചെങ്കിലും അന്വേഷണം പുരോഗമിക്കുകയാണ്.
വിശ്വാസികളുടെ കണ്ണീരും ഭക്തിയും നിറഞ്ഞ സന്നിധിയില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്നവര്‍ക്ക് ചുറ്റും നിയമത്തിന്റെ കുരുക്ക് മുറുകുകയാണ്. വമ്പന്‍ സ്രാവുകള്‍ വലയിലാകുന്നതോടെ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുടെ ചുരുളുകള്‍ വരും ദിവസങ്ങളില്‍ പൂര്‍ണ്ണമായും അഴിയും.









