ബിജെപിയില്‍ ‘സൈക്കോ കരുനീക്കം’ ജയിച്ചു; സ്പര്‍ശന്‍ സ്പായില്‍ മേയര്‍ക്ക് പിന്മാറാം

സെക്രട്ടേറിയറ്റിന് തൊട്ടടുത്ത് പ്രവര്‍ത്തിച്ച ‘സ്പര്‍ശന്‍ വെല്‍നസ്’ സ്പായുമായി ബന്ധപ്പെട്ട വിവാദം ബിജെപിയില്‍ ചലനമാകില്ല. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ഷൈന്‍ ലാലിനെ ലക്ഷ്യമിട്ട് നടന്ന നീക്കങ്ങള്‍ പാളിയെന്നാണ് സൂചന. തിരുവനന്തപുരം നഗരസഭയിലെ ബിജെപി മേയര്‍ വി.വി. രാജേഷ് പൂട്ടിക്കലിന് പിന്നില്‍. എന്നാല്‍ ഷൈന്‍ ലാലിനെ സംരക്ഷിക്കാന്‍ ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ കിറുകൃത്യമായ പ്രതിരോധം തീര്‍ത്തു കഴിഞ്ഞു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഷൈന്‍ ലാലിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി. ‘സൈക്കോ’ എന്ന് അണികള്‍ സ്നേഹത്തോടെ വിളിക്കുന്ന നേതാവും ഷൈന്‍ ലാലിന് വേണ്ടി രംഗത്തുണ്ട്. ഇതും ഷൈന്‍ ലാലിനെ രക്ഷിക്കും.

സ്പായില്‍ അഭിമുഖത്തിനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുയര്‍ത്തി മേയര്‍ വി.വി. രാജേഷ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ വിട്ട് സ്ഥാപനം പൂട്ടിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. ആരോപണമുന്നയിച്ച യുവതി ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ലെന്നത് ഷൈന്‍ ലാലിന് വലിയ ആശ്വാസമാണ്. ‘ജോലിക്ക് ആധാറും ഫോട്ടോയും ചോദിച്ചപ്പോള്‍ നല്‍കാത്തതിനാലാണ് ജോലി നല്‍കാതിരുന്നത്, യുവതി മേയറെ തെറ്റിദ്ധരിപ്പിച്ചു’ എന്നാണ് ഷൈന്‍ ലാല്‍ നല്‍കുന്ന വിശദീകരണം. പോലീസില്‍ പരാതിയില്ലാത്ത സാഹചര്യത്തില്‍ പീഡനാരോപണം വെറും സൈബര്‍ പുകമറയായി മാറുകയാണ്.

ലൈസന്‍സ് തന്റെ പിതാവായ മനോഹരന്റെ പേരിലാണെന്നത് ഷൈന്‍ ലാല്‍ നിഷേധിക്കുന്നില്ല. എന്നാല്‍ സ്ഥാപനം ലാഭകരമല്ലാത്തതിനാല്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരാള്‍ക്ക് കൈമാറിയതാണെന്നും ലൈസന്‍സ് മാറ്റുന്ന നടപടികള്‍ പുരോഗമിക്കവെയാണ് വിവാദമുണ്ടായതെന്നും അദ്ദേഹം ബിജെപി നേതൃത്വത്തെ അറിയിച്ചു. ഈ വിശദീകരണം സംസ്ഥാന നേതൃത്വം മുഖവിലയ്ക്കെടുത്തു. മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നഗരസഭ സ്പാ പൂട്ടിച്ചതെങ്കില്‍ അത് സാങ്കേതികമായ കാര്യം മാത്രമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഷൈന്‍ ലാലിനെ കൈവിടില്ലെന്ന സൂചനയാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കുന്നത്. വ്യക്തിപരമായ ബിസിനസ്സുകളെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന പക്ഷത്താണ് ഷൈന്‍ ലാല്‍ അനുകൂലികള്‍. സൈബര്‍ ഇടങ്ങളില്‍ ഇടതുപക്ഷം ആയുധമാക്കിയെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഷൈന്‍ ലാലിന് ശക്തമായ പിന്തുണയുണ്ട്. ഷൈന്‍ ലാലിനെതിരെയുള്ള നീക്കം ചീറ്റിപ്പോയതോടെ സൈക്കോ എന്ന് വിളിപ്പേരുള്ള നേതാവ് അതീവ സന്തുഷ്ടനുമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top