ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്.-ഒരു ഫെയ്സ് ബുക്ക് പോസ്റ്റിന്റെ തലവാചകമാണ് ഇത്. ആ പോസ്റ്റ് ഇങ്ങനെ തുടരുന്നു. ജലാശയങ്ങളിലും, കനാലുകളാലും , നദികളിലും ചില സ്വകാര്യ വ്യക്തികള്‍ ഭൂഗര്‍ഭ കുഴലിട്ട് കക്കൂസ് മാലിന്യം ഉള്‍പ്പടെ തള്ളുന്നത് ഡിജിറ്റല്‍ സര്‍വേയിലൂടെ കണ്ട് പിടിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ വി വി രാജേഷ് #ഇത്പൊളിക്കും… തിരുവനന്തപുരത്ത് കിളിപ്പാലത്ത് നിന്ന് ആറ്റുകാല്‍ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയില്‍ കിളിയാര്‍ കൈയ്യേറി സഖാക്കള്‍ സ്ഥാപിച്ചിരിക്കുന്ന നിര്‍മ്മിതികള്‍ ഇടിച്ച് നിരത്തി നദിയെ സംരക്ഷിക്കുക……… #അതൊരുപൊളിപ്പായിരിക്കും…… ഇത് മേയര്‍ BRO അല്ല, മേയര്‍ MAN ആണ്.. #MAYORMAN-സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കുറിപ്പാണ് ഇത്… എല്ലാ അര്‍ത്ഥത്തിലും തിരുവനന്തപുരം മേയര്‍ വിവി രാജേഷിനെ മേയര്‍ മാന്‍ ആക്കുന്ന പോസ്റ്റ്
ഈ മേയര്‍ ബ്രോയും ടീമുമാണ് ഡല്‍ഹിയില്‍ പോയി വരുന്നത്. മോദിക്കൊപ്പം ആഘോഷം കഴിഞ്ഞു. ബിജെപിക്കുള്ളിലെ ചില എതിര്‍പ്പുകളെ പോലും അവഗണിച്ചായിരുന്നു ഡല്‍ഹി യാത്ര. വഴി നീളെ രാജേഷിനും സംഘത്തിനും വിവിധ സംസ്ഥാന ഘടകങ്ങള്‍ സ്വീകരണം നല്‍കി. മോദിക്കൊപ്പം വിരുന്നും. അതിനിടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി മേയര്‍ വി.വി. രാജേഷ് രംഗത്ത് വന്നിരുന്നു. മേയറും സംഘവും ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വിരുന്നിന് പോയതോടെ നഗരസഭ അനാഥമായെന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രചാരണം തെറ്റാണെന്ന് രാജേഷ് പറയുന്നു.
കരാറുകാരുടെ ബില്ലുകള്‍ പാസാക്കാത്തത് താന്‍ സ്ഥലത്തില്ലാത്തതുകൊണ്ടല്ലെന്നും, മറിച്ച് മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ കാലത്തെ പദ്ധതികളുടെ രേഖകള്‍ അപൂര്‍ണ്ണമായതുകൊണ്ടാണെന്നുമാണ് മേയറുടെ വെളിപ്പെടുത്തല്‍. കൃത്യമായ പരിശോധനയില്ലാതെ ജനങ്ങളുടെ പണം ആര്‍ക്കും നല്‍കില്ലെന്ന കര്‍ക്കശ നിലപാടിലാണ് അദ്ദേഹം. ഡല്‍ഹിയിലിരുന്നും ഫയലുകള്‍ ലാപ്‌ടോപ്പ് വഴി ഓണ്‍ലൈനായി പരിശോധിക്കുന്നുണ്ടെന്നും ഡിജിറ്റല്‍ ഒപ്പിടുന്നുണ്ടെന്നും രാജേഷ് വ്യക്തമാക്കുന്നു. ആശുപത്രികളുടെ ചെലവ്, ജീവനക്കാരുടെ ശമ്പളം, ഇന്ധന ബില്ലുകള്‍ എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ യഥാസമയം പാസാക്കുന്നുണ്ട്. എന്നാല്‍, രേഖകള്‍ കൃത്യമല്ലാത്ത ബില്ലുകള്‍ ആര്യ രാജേന്ദ്രന്റെ കാലത്തുള്ളതാണെങ്കില്‍ അവ അരിച്ചുപെറുക്കി പരിശോധിക്കാതെ പണം നല്‍കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി നഗരവികസനം ചര്‍ച്ച ചെയ്യുന്നതിനിടയിലും ഓരോ സെഷന്‍ കഴിയുമ്പോഴും സെക്രട്ടറിമാരുമായും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായും മേയര്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
അതേസമയം, കോര്‍പറേഷനില്‍ ശ്മശാനത്തിലെ ഗ്യാസ് കുടിശിക പോലും നല്‍കാനില്ലെന്നും വാര്‍ഡ് സഭകള്‍ മുടങ്ങുകയാണെന്നും ശബരീനാഥ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിക്കുന്നു. ബജറ്റ് ഒരുക്കങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഭരണസ്തംഭനമാണെന്നും മുന്‍ മേയര്‍ കെ. ശ്രീകുമാറും കുറ്റപ്പെടുത്തുന്നു. എന്നാല്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാണെന്നും ആരോഗ്യവിഭാഗം അധ്യക്ഷന്‍ എം.ആര്‍. ഗോപന്‍ തിരിച്ചടിക്കുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നഗരസഭയുടെ ദൈനംദിന കാര്യങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നുമാണ് ബിജെപി ഭരണസമിതിയുടെ വിശദീകരണം.
ഏതായാലും മാറ്റങ്ങളുടെ കാറ്റാണ് തിരുവനന്തപുരം ആഗ്രഹിക്കുന്നത്. തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നെത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇതു പറഞ്ഞത്. ജനവിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും ജനപ്രതിനിധികളോട് പ്രധാനമന്ത്രി പറഞ്ഞതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലാണ് പ്രധാനമന്ത്രി ജനപ്രതിനിധികളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂറാണ് നീണ്ടത്. ഗുജറാത്തിലെ രാഷ്ട്രീയ അനുഭവം വിവരിച്ച മോദി അംഗങ്ങളുടെ സംശയങ്ങള്‍ക്കും മറുപടി നല്‍കി. ബിജെപി ദേശീയ അധ്യക്ഷന്‍ നിബിന്‍ നവീന്‍, സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരും ജനപ്രതിനിധികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെയും സംഘം കണ്ടു.



