വയനാടിന്റെ മണ്ണില് നിന്ന് മലയാളിയുടെ പ്രകൃതിസ്നേഹത്തിന് പുതിയൊരു ഭാഷ്യം ചമച്ച ചെറുവയല് രാമന് വിടവാങ്ങിയിരിക്കുന്നു. അപൂര്വ്വങ്ങളായ നാടന് നെല്വിത്തുകളെ സ്വന്തം പ്രാണനുതുല്യം സ്നേഹിക്കുകയും വരുംതലമുറയ്ക്കായി കരുതിവെക്കുകയും ചെയ്ത ആ ജീവിതം കേരളത്തിന്റെ കാര്ഷിക ചരിത്രത്തിലെ ഏറ്റവും തിളക്കമാര്ന്ന അധ്യായങ്ങളിലൊന്നാണ്. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 74-ാം വയസ്സില് അദ്ദേഹം വിടപറയുമ്പോള്, കേരളത്തിന് നഷ്ടമാകുന്നത് ഒരേ സമയം മണ്ണിന്റെ ചൂരും ചൂടുമറിഞ്ഞ കര്ഷകനെ മാത്രമല്ല, ഒരു മഹാസമ്പത്തിന്റെ കാവലാളിനെ കൂടിയാണ്.
1952 ജൂണ് ആറിന് മാനന്തവാടി എടവക കമ്മനയിലെ ചെറുവയല് കുറിച്യ തറവാട്ടിലാണ് കേളപ്പന്റെയും തേയിയുടെയും മകനായി രാമന്റെ ജനനം. രണ്ടാം വയസ്സില് പിതാവിനെ പിരിഞ്ഞ് അമ്മാവന്റെ സംരക്ഷണയിലാണ് അദ്ദേഹം വളര്ന്നത്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്ത് കമ്മന നവോദയ എല്പി സ്കൂളില് അഞ്ചാം ക്ലാസ് വരെ മാത്രമാണ് അദ്ദേഹത്തിന് പഠിക്കാന് സാധിച്ചത്. എന്നാല്, അഞ്ചാം ക്ലാസിലെ പുസ്തകത്താളിനേക്കാള് വലിയ അറിവുകള് അദ്ദേഹത്തെ കാത്തിരുന്നത് പാടത്തും പറമ്പിലുമായിരുന്നു.
പത്താം വയസ്സില് അമ്മാവന്റെ കൈപിടിച്ചാണ് രാമന് ആദ്യമായി പാടത്തേക്ക് ഇറങ്ങിയത്. അന്നുമുതല് കൃഷി അദ്ദേഹത്തിന്റെ ശ്വാസമായി മാറി. പതിനേഴാം വയസ്സില് അമ്മാവന് മരിച്ചതോടെ കുറിച്യത്തറവാട്ടിന്റെയും കൃഷിയുടെയും മുഴുവന് ചുമതലയും രാമന്റെ ചെറുപ്പക്കാരായ ചുമലുകളിലായി. അവിടെനിന്ന് ആരംഭിച്ച കാര്ഷിക ജീവിതം അവസാന ശ്വാസം വരെയും അദ്ദേഹം മുടക്കമില്ലാതെ തുടര്ന്നു.
1969-ല് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കണ്ണൂര് ഡിഎംഒ ഓഫീസില് വാര്ഡനായി 150 രൂപ ശമ്പളത്തില് രാമന് ജോലി ലഭിച്ചിരുന്നു. അക്കാലത്ത് വലിയ തുകയായിരുന്നു അതെങ്കിലും തന്റെ പാടവും കൃഷിയും ഉപേക്ഷിച്ച് നാടുവിടാന് അദ്ദേഹം തയ്യാറായില്ല. മണ്ണിലെ പച്ചപ്പും വിത്തുകളുടെ സുഗന്ധവും ഉപേക്ഷിച്ച് ഒരു സര്ക്കാര് ജോലി തേടിപ്പോകാന് അദ്ദേഹത്തിന്റെ മനസ്സ് അനുവദിച്ചില്ല. മണ്ചുമരും മുളയും കൊണ്ട് നിര്മ്മിച്ച, ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള തറവാട്ടു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ താമസം. 1990-കളിലാണ് കൃഷിമേഖലയെ വിപ്ലവാത്മകമായി മാറ്റിമറിച്ച ചില തിരിച്ചറിവുകള് രാമനുണ്ടാകുന്നത്. സങ്കരയിനം വിത്തുകളുടെ വരവോടെ നമ്മുടെ നാടന് വിത്തുകളും പാരമ്പര്യ കൃഷിരീതികളും വേരോടെ അറ്റുപോവുകയാണെന്ന് അദ്ദേഹം കണ്ടു.
തുടര്ന്ന്, വയനാടിന്റെ വിവിധ കോണുകളിലൂടെ സഞ്ചരിച്ച് അപൂര്വ്വ നെല്വിത്തുകള് ശേഖരിക്കുന്നത് അദ്ദേഹം ജീവിതവ്രതമാക്കി മാറ്റി. അമ്പതിലേറെ അപൂര്വ്വ നെല്ലിനങ്ങളാണ് അദ്ദേഹം കണ്ടെത്തി സംരക്ഷിച്ചത്. കുന്നുംകുളമ്പന്, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം, ഗന്ധകശാല, തൊണ്ടി, വെളിയന് തുടങ്ങി വിസ്മൃതിയിലാണ്ടുപോകുമായിരുന്ന അനേകം വിത്തുകള് രാമന്റെ പാടത്ത് പച്ചപിടിച്ചുനിന്നു.
പാരമ്പര്യമായി ലഭിച്ച അഞ്ചേക്കര് വയലില് ഇവയെല്ലാം അദ്ദേഹം റൊട്ടേഷന് അടിസ്ഥാനത്തിലും മറ്റും കൃഷിചെയ്ത് കാത്തുസൂക്ഷിച്ചു. കേവലം നെല്ലിനങ്ങള് മാത്രമല്ല, പരമ്പരാഗത പച്ചക്കറി ഇനങ്ങളും അപൂര്വ്വ ഔഷധസസ്യങ്ങളും അദ്ദേഹത്തിന്റെ കൃഷിയിടത്തില് സമൃദ്ധമായി വളര്ന്നു. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പൂര്ണ്ണമായും ജൈവരീതിയിലായിരുന്നു അദ്ദേഹത്തിന്റെ കൃഷിമറ.
ചെറുവയല് രാമന്റെ വിത്ത് സംരക്ഷണ രീതിയും വേറിട്ടതായിരുന്നു. ‘വിത്ത് സ്നേഹമാണ്, അതിനെ ചരക്കാക്കി വില്ക്കരുത്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ആര്ക്കും അദ്ദേഹം സൗജന്യമായി വിത്ത് നല്കുമായിരുന്നു. എന്നാല് അതോടൊപ്പം ഒരു നിബന്ധനയുമുണ്ടായിരുന്നു; അടുത്ത വിളവെടുപ്പില് അത്രയും വിത്ത് തിരികെ നല്കണം. ഈ നിബന്ധനയിലൂടെ വിത്തിന്റെ സംരക്ഷണം മറ്റുള്ളവരിലേക്ക് കൂടി വ്യാപിപ്പിക്കാന് അദ്ദേഹത്തിന് സാധിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിക്കാന് ശേഷിയുള്ളതാണ് നമ്മുടെ നാടന് വിത്തുകളെന്ന് രാമന് എപ്പോഴും ഓര്മ്മിപ്പിച്ചു. ശാസ്ത്രജ്ഞരും വിദ്യാര്ത്ഥികളും ഗവേഷകരുമെല്ലാം ആ മണ്ണറിവുകള് തേടി വയനാട്ടിലേക്ക് ഒഴുകിയെത്തി. ആത്മകഥയിലെ ‘വിത്തെന്ന മഹാത്ഭുതം’ എന്ന ഭാഗം ഏഴാം ക്ലാസിലെ മലയാള പുസ്തകത്തില് പാഠഭാഗമായതോടെ രാമന്റെ കൃഷിയറിവുകള് കേരളത്തിലെ കുരുന്നുകളുടെയും ഹൃദയത്തിലേക്ക് പടര്ന്നു.
ദേശീയ-അന്തര്ദേശീയ തലങ്ങളില് കേരളത്തിന്റെ കൃഷിപ്പെരുമ രാമന് ഉയര്ത്തിപ്പിടിച്ചു. 2011-ല് ഹൈദരാബാദില് നടന്ന അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിലും 2018-ല് ബ്രസീലില് നടന്ന ട്രൈബല് കോണ്ഗ്രസിലും അദ്ദേഹം ഇന്ത്യയിലെയും കേരളത്തിലെയും കര്ഷകരെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നാഷണല് പ്ലാന്റ് ജീനോം സേവിയര് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
2023-ലെ റിപ്പബ്ലിക് ദിനത്തില് രാജ്യം അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നല്കി ആദരിച്ചു. 2025-ല് കേരള കാര്ഷിക സര്വ്വകലാശാല പ്രൊഫസര് ഓഫ് പ്രാക്ടീസ് പദവിയും 2026-ല് സംസ്ഥാന കൃഷി വകുപ്പിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരവും അദ്ദേഹത്തിന് സമ്മാനിച്ചു. കൂടാതെ പ്രഥമ ഉമ്മന് ചാണ്ടി സ്മാരക കാര്ഷിക പുരസ്കാരവും അദ്ദേഹത്തിനായിരുന്നു ലഭിച്ചത്.
കാര്ഷിക സര്വ്വകലാശാല ജനറല് കൗണ്സില് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വലിയ അക്കാദമിക ബിരുദങ്ങളൊന്നുമില്ലെങ്കിലും മണ്ണിന്റെ മണവും പ്രകൃതിയുടെ താളവും തിരിച്ചറിഞ്ഞ രാമനേക്കാള് വലിയൊരു കാര്ഷിക പണ്ഡിതന് വേറെയുണ്ടായിരുന്നില്ല. ലാളിത്യമാര്ന്ന ഭാഷയില് ആര്ക്കും മനസ്സിലാകുന്ന രീതിയില് അദ്ദേഹം പകര്ന്നുനല്കിയ അറിവുകള് നിധിയായി ശേഷിക്കുന്നു.
വയനാടിന്റെ പച്ചപ്പിലും ഓരോ അരിമണിയുടെ കരുത ലിലും ചെറുവയല് രാമന് ഇനി എന്നും ജീവിക്കും. ഭാര്യ ഗീതയും എടവക പഞ്ചായത്ത് അംഗം രമേശന് ഉള്പ്പെടെയുള്ള മക്കളായ രമണി, രാജേഷ്, രജിത എന്നിവരും ബന്ധുമിത്രാദികളും കാര്ഷിക ലോകവും ഒരുപോലെ ആ വിയോഗത്തില് വിങ്ങിപ്പൊട്ടുകയാണ്. രാമന് കാത്തുസൂക്ഷിച്ച ആ വിത്തുകള് വരുംതലമുറയുടെ നിലനില്പ്പിനായുള്ള വലിയ പ്രതീക്ഷകളായി മണ്ണില് വീണ്ടും മുളച്ചുപൊന്തും.



