തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വഴിയോരങ്ങളില് അലങ്കോലമായി തൂങ്ങിയാടി ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്ന അനാവശ്യ കേബിളുകള് മുറിച്ചുമാറ്റുന്ന തിരുവനന്തപുരം നഗരസഭയുടെ നീക്കം തികച്ചും അഭിനന്ദനാര്ഹമാണ്. പലപ്പോഴും ഇരുചക്രവാഹന യാത്രക്കാരുടെയും കാല്നടക്കാരുടെയും കഴുത്തില് കുരുക്കായി മാറിയ ഇലക്ട്രിക്, ടെലിഫോണ്, ഇന്റര്നെറ്റ് വയറുകളെ അറുത്തുമാറ്റാന് മേയര് വി. വി. രാജേഷിന്റെ നേതൃത്വത്തില് നഗരസഭ കാണിച്ച ഈ ആര്ജ്ജവം വലിയ കയ്യടി അര്ഹിക്കുന്നു. നാടിന് ശരിക്കും ആവശ്യമുള്ള ഇത്തരം വികസന ജനക്ഷേമ പദ്ധതികള് പൂര്ണ്ണ വിജയത്തിലെത്തുക തന്നെ വേണം.
അശാസ്ത്രീയമായി സ്ഥാപിച്ചതും സേവനദാതാക്കള് ഉപേക്ഷിച്ചുപോയതുമായ ഓവര്ഹെഡ് കേബിളുകളാണ് ആദ്യഘട്ടത്തില് നീക്കം ചെയ്യുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില് ചേര്ന്ന ചടങ്ങില് മേയര് വി. വി. രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. പാളയം കണ്ണിമേറ മാര്ക്കറ്റിനു മുന്നിലെ അനാവശ്യ ഓവര്ഹെഡ് കേബിളുകള് മേയര് നേരിട്ട് മുറിച്ചു മാറ്റിയാണ് ഈ മഹത്തായ ദൗത്യത്തിന് ഔദ്യോഗിക തുടക്കമിട്ടത്.
ഹെല്ത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് എം. ആര്. ഗോപന്റെ അദ്ധ്യക്ഷതയില് ചേര്ന്ന ഉദ്ഘാടന യോഗത്തില് ടൗണ് പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് പാറ്റൂര് രാധാകൃഷ്ണന് സ്വാഗതം ആശംസിച്ചു. കൗണ്സിലര്മാരായ വേണുഗോപാല്, ക്ലീറ്റസ്, ഹരികുമാര് എസ്, ശ്രുതി, ദീപ, ഷെര്ളി, സൂപ്രണ്ടിംഗ് എന്ജിനിയര് സജീഷ്, അസി.എക്സി. എന്ജിനിയര് സുമ എന്നിവരും പരിപാടിയില് പങ്കെടുത്തു. നഗരത്തിന് പുതിയൊരു മുഖച്ഛായ നല്കാനുള്ള ഭരണസമിതിയുടെ ഈ തീരുമാനത്തിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൂര്ണ്ണ പിന്തുണയാണുള്ളത്.
നിരവധി അപകടങ്ങള്ക്കും നിരപരാധികളുടെ ജീവഹാനിക്കും വരെ കാരണമായിട്ടുള്ള കേബിളുകള് സ്വമേധയാ നീക്കം ചെയ്യണമെന്ന് സേവനദാതാക്കളോട് നേരത്തെ തന്നെ നഗരസഭ ആവശ്യപ്പെട്ടിരുന്നു. നഗരസഭാ കൗണ്സില് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെയായിരുന്നു ഈ മുന്നറിയിപ്പ്. എന്നാല് ഇതവഗണിച്ച് അപകടക്കെണികളായി തുടര്ന്ന കേബിളുകള് നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുമെന്നും, ഇതിന്റെ ചെലവും നഷ്ടപരിഹാരവും ബന്ധപ്പെട്ട കമ്പനികളില് നിന്ന് ഈടാക്കുമെന്നും ശക്തമായ നിലപാടാണ് മേയര് സ്വീകരിച്ചത്.
ടൗണ് പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് പാറ്റൂര് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില് ചേര്ന്ന കൗണ്സിലര്മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്വ്വീസ് പ്രൊവൈഡര്മാരുടെയും യോഗത്തിലാണ് പദ്ധതിയുടെ കൃത്യമായ രൂപരേഖ തയ്യാറാക്കിയത്. ഡിവൈന് നെറ്റ്വര്ക്കിനാണ് ഇതിന്റെ കരാര് ചുമതല. സേവനദാതാക്കള് കൃത്യമായി ടാഗ് ചെയ്യാത്ത കേബിളുകള് മുഴുവനും മുറിച്ചു മാറ്റിയ ശേഷം, ഉപയോഗത്തിലുള്ള ബാക്കിയുള്ളവ മെഷീന് ഉപയോഗിച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്ത് സുരക്ഷിതമായി ഒതുക്കി വെക്കുന്ന മികച്ച രീതിയാണ് ഇതിനായി അവലംബിക്കുന്നത്.
തലസ്ഥാനത്തെ 101 വാര്ഡുകളിലും ഈ പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില് ഏറ്റവും പ്രധാനപ്പെട്ട 5 വാര്ഡുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. നഗരസഭാ മെയിന് ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയം, ഫോര്ട്ട്, കണ്ണമ്മൂല, തൈക്കാട്, പെരുന്താന്നി എന്നീ വാര്ഡുകളിലാണ് ആദ്യഘട്ട പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്.
വര്ഷങ്ങളായി നഗരവാസികളും യാത്രക്കാരും അനുഭവിച്ചിരുന്ന വലിയൊരു ഭീഷണിക്കാണ് ഈ പദ്ധതിയോടെ അറുതിയാകുന്നത്. ഇലക്ട്രിക് പോസ്റ്റുകളിലും മരങ്ങളിലും ചിലന്തിവല പോലെ കെണിവെച്ച കേബിളുകള് കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ് വമ്പന് അപകടങ്ങളാണ് പലപ്പോഴും സൃഷ്ടിക്കാറുള്ളത്. രാത്രികാലങ്ങളില് ഇരുചക്രവാഹന യാത്രക്കാര്ക്ക് കാഴ്ച തടസ്സപ്പെടുത്തുന്ന കേബിളുകള് മാറ്റിസ്ഥാപിക്കുന്നത് സുരക്ഷിത യാത്രയ്ക്ക് വലിയ തുണയാകും.
കേവലം കേബിളുകള് മുറിച്ചുമാറ്റുക എന്നതിനപ്പുറം നഗരസൗന്ദര്യവല്ക്കരണത്തിന് വലിയൊരു ചുവടുവെപ്പാണിത്. ഡിജിറ്റല് കാലഘട്ടത്തില് ഇന്റര്നെറ്റ്, കേബിള് സേവനങ്ങള് അത്യാവശ്യമാണെങ്കിലും അത് ആളുകളുടെ ജീവന് ഭീഷണിയാകാത്ത രീതിയില് അശാസ്ത്രീയത ഒഴിവാക്കി ക്രമീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മേയറുടെ ഈ ദീര്ഘവീക്ഷണമുള്ള ഇടപെടല് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കും മാതൃകയാണ്.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കിക്കൊണ്ട് നഗരസഭ കൈക്കൊണ്ട ഈ തീരുമാനം മറ്റ് ഘട്ടങ്ങളിലും തടസ്സങ്ങളില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്. പലപ്പോഴും ഇത്തരം പദ്ധതികള് തുടക്കത്തിലെ ആവേശത്തിന് ശേഷം വഴിപാടായി മാറാറുണ്ടെങ്കിലും, ഇത്തവണ കര്ശനമായ മേല്നോട്ടവും തടസ്സമില്ലാത്ത തുടര്നടപടികളും ഉറപ്പാക്കാനാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്.
ജനക്ഷേമത്തിനും സുരക്ഷയ്ക്കും ഊന്നല് നല്കുന്ന ഇത്തരം വികസന പദ്ധതികള്ക്കാണ് നമ്മുടെ നാടിന് ആവശ്യം. അനാവശ്യ വിവാദങ്ങള്ക്ക് പിന്നാലെ പോകാതെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന യഥാര്ത്ഥ പ്രശ്നങ്ങളില് നേരിട്ടിടപെട്ട് പരിഹാരം കാണുന്ന മേയര് വി. വി. രാജേഷിന്റെയും നഗരസഭാ ഭരണസമിതിയുടെയും ഈ ദൗത്യം നൂറു ശതമാനം വിജയത്തിലെത്തട്ടെയെന്ന് പ്രത്യാശിക്കാം.



