ചിരി മായും മുന്‍പേ ദുരന്തം! ആര്‍ക്കെങ്കിലും ഓടാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമാണ്. അതിനുള്ളില്‍ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായിരുന്നു; തൃശൂരിനെ നടുക്കിയ സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതരക്ഷപ്പെടല്‍

തൃശ്ശൂര്‍: ‘ആര്‍ക്കെങ്കിലും ഓടാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍ അത് രണ്ടോ മൂന്നോ സെക്കന്റുകള്‍ മാത്രമാണ്. അതിനുള്ളില്‍ തന്നെ എല്ലാം പൊട്ടിത്തെറിച്ച് വലിയ തീഗോളമായി മാറി…’ മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സ്‌ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആ തൊഴിലാളിയുടെ വാക്കുകളില്‍ ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് പ്രാഥമിക വിവരം. അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

പതിവുപോലെ കളത്തില്‍ തിരികള്‍ ഉണക്കാനിടുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍. കഠിനമായ ചൂട് കാരണമാകാം പെട്ടെന്ന് തിരികള്‍ക്ക് തീപിടിച്ചത്. ‘ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് തീ പടരുന്നത് കണ്ട് ഉടന്‍ തിരിഞ്ഞോടി. വീണും മറിഞ്ഞും എഴുന്നേറ്റും ഓടുന്നതിനിടെ പിന്നില്‍ എല്ലാം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വേലിക്കമ്പി ചാടിക്കടന്ന് പാടത്തേക്ക് എത്തിയതുകൊണ്ടാണ് ജീവന്‍ തിരികെ കിട്ടിയത്,’ അദ്ദേഹം പറഞ്ഞു. നിമിഷങ്ങള്‍ വൈകിയിരുന്നെങ്കില്‍ താനും ആ തീഗോളത്തിനുള്ളില്‍ അകപ്പെടുമായിരുന്നുവെന്ന് വിറയ്ക്കുന്ന സ്വരത്തോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം പൂരം ഒരുക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തോട് പാട്ടുപാടിയും തമാശകള്‍ പങ്കുവെച്ചുമാണ് തൊഴിലാളികള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ മൂന്ന് മണിക്കൂറുകള്‍ക്കിപ്പുറം ആ സന്തോഷങ്ങളെല്ലാം കത്തിയമര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മൃതദേഹങ്ങള്‍ പലതും ചിതറിത്തെറിച്ച നിലയിലാണ്. പാടത്തുനിന്നും ശരീരഭാഗങ്ങള്‍ കണ്ടെടുക്കുന്നത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

തുടരുന്ന സ്‌ഫോടനങ്ങള്‍; തടസ്സമായി പുകയും ചൂടും

അഞ്ച് താല്ക്കാലിക പുരകളിലായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്കാണ് തീപിടിച്ചത്. പുക നിറഞ്ഞ അന്തരീക്ഷവും പൊട്ടിത്തെറിക്കാത്ത സ്‌ഫോടകവസ്തുക്കളും ഫയര്‍ഫോഴ്‌സിനും നാട്ടുകാര്‍ക്കും വെല്ലുവിളിയുയര്‍ത്തി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃശ്ശൂര്‍ നഗരത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയരുകയാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top