നിപയെയും കോമയെയും തോല്‍പ്പിച്ച ‘അത്ഭുത മനുഷ്യന്‍’; ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് നഴ്സ് ടിറ്റോയുടെ രണ്ടാം ജന്മം

കോഴിക്കോട്: നിപ രോഗിയെ പരിചരിപ്പിക്കുന്നതിലൂടെ ഉണ്ടായ അണുബാധയും നിപയുടെ അത്യപൂര്‍വമായ സങ്കീര്‍ണതയായ ഡിലൈഡ് എന്‍സഫലിറ്റിസ് എന്ന അവസ്ഥയെയും അതിജീവിച്ച ടിറ്റോ. ആരോഗ്യ കേരളത്തിന് പ്രതീക്ഷയാണ് ടിറ്റോ.

2023ല്‍ കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച മരുതൂംകരം സ്വദേശിയായ രോഗിയെ പരിചരിച്ചതിലൂടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ടിറ്റോയ്ക്ക് നിപ ബാധിച്ചത്. ടിറ്റോയില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും രോഗത്തില്‍ നിന്നും അദ്ദേഹം മോചനം നേടുകയും ചെയ്തു. എന്നാല്‍ അത്യപൂര്‍വമായി തലച്ചോറില്‍ വൈറസ് അവശേഷിക്കുകയും വീണ്ടും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡിലെയ്ഡ് എന്‍സഫലിറ്റിസ് അവസ്ഥയിലേക്ക് ടിറ്റോ നീങ്ങി. വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ നിന്നുമാണ് ടിറ്റോ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെയെത്തിക്കൊണ്ടിരിക്കുന്നത്. 2023ല്‍ ഉണ്ടായ നിപ ബാധയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതില്‍ ടിറ്റോ നല്‍കിയ വിവരങ്ങള്‍ വളരെ പ്രധാനമായിരുന്നു. അത്തരം വിവരങ്ങള്‍ കൂടി ലഭിച്ചതിനാലാണ് മരണനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിഞ്ഞത്. ടിറ്റോയില്‍ ഉണ്ടായതുപോലെയുള്ള രോഗാവസ്ഥ വളരെ അപൂര്‍വമായി സംഭവിക്കുന്നതാണ്. അവരില്‍ നിന്നും മറ്റൊരാള്‍ക്ക് രോഗം പകരുകയില്ല. രണ്ടുതവണ നിപാ രോഗത്തെ അതിജീവിച്ച ടിറ്റോ വളരെ വേഗം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് കേരളം.

മംഗലാപുരം മര്‍ദ്ദാല സ്വദേശി ടിറ്റോ തോമസാണ് മറ്റൊരു നിപബാധിതനെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് കോമയിലായത്. നിപ വൈറസ് ബാധയെക്കുറിച്ച് പഠനം നടത്തുന്ന അനേകംപേര്‍ക്ക് മുന്നില്‍ രാജ്യത്തെ ഏക നിപ എന്‍സെഫലൈറ്റിസ് ബാധിതനായിരുന്നു് ടിറ്റോ. ഒട്ടേറെ അപൂര്‍വതകളാണ് രണ്ടു വര്‍ഷത്തില്‍ അധികം നിശ്ശബ്ദനായി കിടക്കുന്ന ടിറ്റോ ശാസ്ത്രലോകത്തിനുമുന്നില്‍ വെച്ചത്. പൊതുവേ തൊണ്ടയിലെ സ്രവം, മൂത്രം, രക്തം, ശരീരത്തില്‍നിന്ന് പുറത്തുവരുന്ന മറ്റ് സ്രവങ്ങള്‍ എന്നിവയുടെ പരിശോധനയിലൂടെ നിപ വൈറസ് ബാധ സ്ഥിരീകരിക്കാമെന്നിരിക്കെ ടിറ്റോയില്‍ ഇത് വിജയകരമായില്ല. ഈ പരിശോധനകളിലെല്ലാം നെഗറ്റീവ് കാണിക്കുകയും രോഗാവസ്ഥയുടെ കാരണം ബോധ്യപ്പെടാതിരിക്കുകയും ചെയ്തു. തുടര്‍ന്ന് തലയോട്ടിയില്‍ ശസ്ത്രക്രിയ നടത്തി മസ്തിഷ്‌കത്തോടുചേര്‍ന്ന ഒരു പാളിയുടെ ബയോപ്സിയെടുത്ത് പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇങ്ങനെ ലോകത്തൊരിടത്തും നിപ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐസിഎംആര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതിന് പുറമെ, നിപ ബാധിച്ച് അബോധാവസ്ഥയിലായ ഒരു രോഗിക്ക് മോണോക്ലോണല്‍ ആന്റിബോഡി ഇന്ത്യയില്‍ ആദ്യമായി നല്‍കിയതും ടിറ്റോയ്ക്കാണ്. നിപ പരിചരണചികിത്സ ഐസിയുവിലും അല്ലാതെയുമായി ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ സൗജന്യമായി ഒരു സ്വകാര്യ ആശുപത്രി നല്‍കിയെന്നതും അപൂര്‍വതയുടെ അധ്യായത്തിലെ ഒരേടാണ്. ഇഖ്‌റ ആശുപത്രിയാണ് ആദ്യദിനംമുതലുള്ള ചികിത്സ പണംവാങ്ങാതെ നടത്തിവരുന്നത്. ടിറ്റോ തോമസിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 17 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചെങ്കിലും യഥാര്‍ഥചെലവ് ഇതിന്റെ എത്രയോമടങ്ങായിരുന്നു.

നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രില്‍ 23-നാണ് ടിറ്റോ തോമസ് കോഴിക്കോട്ട് നഴ്സായെത്തുന്നത്. ഇതേ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെയെത്തിയ നിപ രോഗിയില്‍നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍നിന്ന് മുക്തിനേടിയെങ്കിലും അധികംവൈകാതെ പാര്‍ശ്വഫലമായി ലേറ്റന്റ് നിപ എന്‍സഫലൈറ്റിസ് ബാധിക്കുകയായിരുന്നു.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top