യേശുദാസിന്റെ ഗുരുവായൂര്‍ ദര്‍ശനം ഉടന്‍? ഹൈക്കോടതി വിധി നല്‍കുന്ന സൂചനകള്‍ അനുകൂലം; സര്‍ക്കാര്‍ ആ ഗോപുരവാതില്‍ തുറക്കുമോ?

കൊച്ചി: അമേരിക്കയിലാണ് ഗാനഗന്ധര്‍വ്വന്‍ യേശുദാസുള്ളത്. കുറേ കാലമായി കേരളത്തിലേക്ക് വന്നിട്ട്. ഇനി വരുമ്പോള്‍ ആ മോഹം നടക്കുമോ? ‘ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും… ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും…’ – ദശകങ്ങളായി മലയാളികള്‍ കേള്‍ക്കുന്ന ഈ വരികള്‍ യാഥാര്‍ത്ഥ്യമാകാന്‍ കാലം ഒരുങ്ങുകയാണോ?
കടമ്പനാട് ക്ഷേത്രത്തിലെ ക്രിസ്ത്യന്‍ പുരോഹിതന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധി, ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസിനെപ്പോലെയുള്ള പതിനായിരക്കണക്കിന് അഹിന്ദു ഭക്തര്‍ക്ക് ഗുരുവായൂര്‍ ദര്‍ശനത്തിനുള്ള വഴിതുറക്കുന്നതാണ്. ഗുരുവായൂരപ്പന്റെ ഉത്തമ ഭക്തനാണ് യേശുദാസ്. ശബരിമലയിലും മൂകാംബികയിലും ഇഷ്ട ദേവതകളെ നേരില്‍ കണ്ട് പ്രാര്‍ത്ഥിക്കുന്ന യേശുദാസിന് ഗുരുവായൂരപ്പനെ ഇനിയും കാണാനായിട്ടില്ല. അതിന് തൊട്ടടുത്താണ് കാര്യങ്ങള്‍ ഇപ്പോള്‍. മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായ യേശുദാസിന് ഗുരുവായൂരിലേക്ക് പ്രവേശനം കിട്ടാന്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മതി. ഗുരുവായൂര്‍ തന്ത്രി മുന്‍കൈയ്യെടുത്താലും യേശുദാസിന് ഗുരുവായൂരില്‍ കയറാം.
തന്ത്രിയുടെ വാക്ക് അവസാന വാക്ക് അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഓര്‍ത്തഡോക്സ് സഭ ഭദ്രാസനാധിപന്‍ പ്രവേശിച്ചത് ആചാരലംഘനമല്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. തന്ത്രിയുടെ അനുമതിയോടെ അതിഥി എന്ന നിലയില്‍ ഒരാള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിയമവിരുദ്ധമല്ല. ക്ഷേത്രാചാരങ്ങളില്‍ തന്ത്രിയാണ് അവസാന വാക്ക് എന്ന് കോടതി അടിവരയിട്ടു പറയുമ്പോള്‍, ഗുരുവായൂര്‍ തന്ത്രിയുടെ നിലപാടും ഇതില്‍ നിര്‍ണ്ണായകമാകും. തന്ത്രി അനുവദിച്ചാല്‍ ഏത് വിശ്വാസിക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന സാഹചര്യം ഇതോടെ തെളിയുകയാണ്.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്നത് 1965-ലെ നിയമമല്ല, മറിച്ച് അതിനു കീഴിലുള്ള ‘ചട്ടങ്ങള്‍’ മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവും ചട്ടവും തമ്മില്‍ വൈരുദ്ധ്യമുണ്ടായാല്‍ നിയമമാണ് നിലനില്‍ക്കുക. ഈ സാഹചര്യത്തില്‍, അഹിന്ദു പ്രവേശനം തടയുന്ന പഴയ ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും മതപണ്ഡിതരുമായും ആലോചിച്ച് ചട്ടത്തില്‍ മാറ്റം വരുത്തിയാല്‍, യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് തന്റെ ‘കണ്ണനെ’ നേരിട്ട് തൊഴാന്‍ സാധിക്കും.
സാമൂഹിക ഐക്യത്തിന് പുതിയ മാനങ്ങള്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവുമാണ് പ്രധാനം എന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങള്‍ സാമൂഹിക ഐക്യത്തിനുള്ളതാകണം. സമൂഹം കൂടുതല്‍ ഉദാരമാകുമ്പോള്‍ ഭരണഘടനാ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി പഴയ ആചാരങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുമെന്ന കോടതിയുടെ ഈ നിരീക്ഷണം യേശുദാസിനെപ്പോലുള്ള ഭക്തര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
ദൂരൂഹതകളില്ലാത്ത, സ്നേഹത്തില്‍ അധിഷ്ഠിതമായ ഭക്തിക്ക് ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകള്‍ തടസ്സമാകരുതെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top