കേരളത്തിലെ ‘എപ്സ്റ്റീനിസം’! സംസ്ഥാന രാഷ്ട്രീയത്തിലെ ‘സദാചാര’ ചരിത്രം

പ്സ്റ്റീന്‍ ഫയലുകള്‍ ലോകത്തെ വിറപ്പിക്കുമ്പോള്‍, കേരളം മറ്റൊരു രാഷ്ട്രീയ വിവാദത്തിന്റെ ചൂടിലാണ്. ഇത്തവണ ആരോപണ നിഴലില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. നിയമത്തിന് മുന്നില്‍ തെറ്റുകാരനാണോ എന്നത് കാലം തെളിയിക്കേണ്ട ഒന്നാണെങ്കിലും, ധാര്‍മ്മികമായ ചോദ്യങ്ങളില്‍ രാഹുല്‍ കുരുങ്ങുകയാണ്. എന്നാല്‍ ഇത് കേരള രാഷ്ട്രീയത്തില്‍ പുതിയൊരു സംഭവമല്ല. അധികാരത്തിന്റെ തണലില്‍ സ്ത്രീപീഡന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതിന് കേരളത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്.

പി.ടി. ചാക്കോ എന്ന തുടക്കം: കേരള രൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ വലിയ സദാചാര വിവാദം ഉടലെടുക്കുന്നത് 62 വര്‍ഷം മുമ്പാണ്. 1963 ഡിസംബര്‍ 8. അന്നത്തെ ശക്തനായ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ സഞ്ചരിച്ച ഔദ്യോഗിക കാര്‍ തൃശൂരില്‍ വെച്ച് ഒരു ഉന്തുവണ്ടിയില്‍ തട്ടി അപകടമുണ്ടായി. വണ്ടി നിര്‍ത്താതെ പോയതും കാറില്‍ മന്ത്രിക്കൊപ്പം ഭാര്യയല്ലാത്ത ഒരു സ്ത്രീ ഉണ്ടായിരുന്നു എന്ന വാര്‍ത്തയുമാണ് കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചത്. സ്മാര്‍ത്ത വിചാരത്തിന്റെ കഥകള്‍ പറഞ്ഞ് നിയമസഭയില്‍ ചാക്കോ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും, ഇ.എം.എസ് എന്ന പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ബുദ്ധിക്ക് മുന്നില്‍ അദ്ദേഹത്തിന് അടിതെറ്റി. ഒടുവില്‍ 1964-ല്‍ ചാക്കോയ്ക്ക് രാജിവെക്കേണ്ടി വന്നു. ചാക്കോ അപ്രതീക്ഷിതമായി വിടവാങ്ങുകയും ചെയ്തു ആ വിവാദത്തിന്റെ കനലുകളില്‍ നിന്നാണ് പിന്നീട് കേരള കോണ്‍ഗ്രസ് എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനം പിറവിയെടുത്തത്.

സൂര്യനെല്ലിയും പി.ജെ. കുര്യനും: പിടി ചാക്കോ ആരോപണത്തിന് ശേഷം മുപ്പത് വര്‍ഷത്തോളം ഇത്തരം വിവാദങ്ങള്‍ കേരളത്തില്‍ അടങ്ങിക്കിടന്നു. എന്നാല്‍ 1996-ല്‍ കേരളത്തെ നടുക്കിയ സൂര്യനെല്ലി കേസ് പുറത്തുവന്നു. ഒന്‍പതാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ പേര് ഉയര്‍ന്നുവന്നു. രാഷ്ട്രീയ പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും വര്‍ഷങ്ങളോളം നീണ്ടുനിന്നു. ഒടുവില്‍ കുര്യന്‍ കുറ്റവിമുക്തനായി.

ഐസ്‌ക്രീം കേസും കുഞ്ഞാലിക്കുട്ടിയും: പി.ജെ. കുര്യന്‍ വിവാദത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് പുറത്തുവരുന്നത്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ കൊടുങ്കാറ്റായി. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പ്രമുഖര്‍ മൗനം പാലിച്ചപ്പോഴും സ്ത്രീ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ഈ വിഷയം സജീവമാക്കി നിര്‍ത്തി. ഇതിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരികയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം ബന്ധുവായ കെ.എ. റൗഫ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയതും ഈ കേസിനെ വീണ്ടും ചര്‍ച്ചാവിഷയമാക്കി. അവിടേയും കുഞ്ഞാലിക്കുട്ടി നിയമപരമായി തെറ്റുകാരനായില്ല. ഇന്നും കേരള രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി നിറഞ്ഞു നില്‍ക്കുന്നു.

ഇടതുപക്ഷത്തെ ആരോപണങ്ങള്‍: സ്ത്രീപീഡന ആരോപണങ്ങളില്‍ നിന്ന് ഇടതുപക്ഷവും മുക്തമായിരുന്നില്ല. ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന എ. നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി വലിയ വിവാദമായി. അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. പിന്നീട് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട് എ.കെ. ശശീന്ദ്രനും രാജി നല്‍കി. പി.കെ. ശശി, പി. ശശി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടികള്‍ ഉണ്ടായതും കേരളം കണ്ടു. പക്ഷേ ഇവര്‍ ആരും നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരായില്ല. എല്ലാവരും പല തരത്തില്‍ നിരപരാധിത്വം തെളിയിച്ചു. ഇപ്പോഴും രാഷ്ട്രീയത്തില്‍ സജീവം.

സോളാര്‍ എന്ന കൊടുങ്കാറ്റ്: കേരള രാഷ്ട്രീയത്തെ ഏറ്റവും കൂടുതല്‍ അപകീര്‍ത്തിപ്പെടുത്തിയ ഒന്നായിരുന്നു സോളാര്‍ വിവാദം. അഴിമതിക്കപ്പുറം ലൈംഗികാരോപണങ്ങള്‍ക്കായിരുന്നു അവിടെ മുന്‍ഗണന. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസിലെ പ്രതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. വര്‍ഷങ്ങള്‍ നീണ്ട സിബിഐ അന്വേഷണത്തിനൊടുവില്‍ എല്ലാവരും കുറ്റവിമുക്തരായെങ്കിലും ആ വിവാദങ്ങള്‍ ഉണ്ടാക്കിയ മുറിവ് വലുതായിരുന്നു.

ഇന്ന് വീണ്ടും കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. എം. വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പിള്ളി എന്നീ എംഎല്‍എമാര്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും പ്രതിക്കൂട്ടിലാവുന്നു. സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങളും ആരോപണങ്ങളും രാഷ്ട്രീയ ആയുധമാകുമ്പോള്‍ ഇല്ലാതാകുന്നത് രാഷ്ട്രീയത്തിന്റെ ധാര്‍മ്മികതയാണ്. നിയമത്തിന്റെ പഴുതുകളിലൂടെ പലരും രക്ഷപെട്ടേക്കാം, പല ആരോപണങ്ങളും കെട്ടിച്ചമച്ചതാവാം. പക്ഷേ, അധികാരത്തിലിരിക്കുന്നവര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്നും പൊതുസമൂഹത്തിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. ചരിത്രം പഠിപ്പിക്കുന്നത് ഒന്നുമാത്രം-അധികാരം ആര്‍ക്കും എപ്പോഴും എന്തിനുമുള്ള ലൈസന്‍സല്ല. ഇതു തന്നെയാണ് എപ്സ്റ്റീന്‍ ഫയലുകളും ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top