തിരുവനന്തപുരം നഗരിയിലെ നിയമവിരുദ്ധ സ്പാകള്‍ക്കെതിരെ മേയര്‍ വി.വി. രാജേഷ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ ബിജെപിക്കുള്ളിലെ വന്‍ രാഷ്ട്രീയ പോരിന് വഴിതുറക്കുന്നു. സെക്രട്ടേറിയറ്റിന് തൊട്ടുമുന്നിലെ ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ പൂട്ടിച്ച നടപടിയിലൂടെ സ്വന്തം പാര്‍ട്ടിക്കുള്ളിലെ എതിര്‍വിഭാഗത്തിന് കനത്ത പ്രഹരമാണ് രാജേഷ് നല്‍കിയിരിക്കുന്നത്. പൂട്ടിക്കപ്പെട്ട സ്പാ ഉടമ ബിജെപിയിലെ ഒരു പ്രമുഖ ‘സൈക്കോ’ നേതാവിന്റെ വിശ്വസ്തനാണെന്നതാണ് അണിയറയിലെ സംസാരം.
വി.വി. രാജേഷിനെ മേയറാക്കാതിരിക്കാന്‍ ചരടുവലിച്ച നേതാവിന്റെ വലംകൈയ്യായ സ്പാ ഉടമയ്ക്ക്, കോവളത്തും രണ്ട് സമാന സ്ഥാപനങ്ങളുണ്ട്. തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ നടപടി എന്ന നിലപാടിലൂടെ പാര്‍ട്ടിയിലെ എതിര് ഗ്രൂപ്പിന്റെ സാമ്പത്തിക-രാഷ്ട്രീയ അടിത്തറയിലാണ് രാജേഷ് ആഞ്ഞടിച്ചിരിക്കുന്നത്. വി.വി. രാജേഷിനെയും സംഘത്തെയും ഡല്‍ഹിയിലേക്ക് അയക്കാതിരിക്കാന്‍ ഈ നേതാവിന്റെ നേതൃത്വത്തില്‍ വന്‍ ചരടുവലികള്‍ നടന്നിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ ഈ നീക്കങ്ങളെ പൊളിച്ചടുക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലെത്തിയ ഈ സ്പാ ഉടമ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ നിന്ന് മത്സരിക്കാന്‍ പി.കെ. കൃഷ്ണദാസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളെ വെട്ടാനായി ചരടുവലിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് സൂചന. സ്പായില്‍ ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ക്രോസ് മസാജിംഗിന് നിര്‍ബന്ധിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഉടന്‍ തന്നെ പെണ്‍കുട്ടി മേയറെ നേരിട്ട് ഫോണില്‍ വിളിച്ച് പരാതി അറിയിച്ചു. ഇതോടെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മേയര്‍ ഹെല്‍ത്ത് വിഭാഗത്തെയും പോലീസിനെയും സംഭവസ്ഥലത്തേക്ക് അയക്കുകയായിരുന്നു.
ലൈസന്‍സ് എടുത്ത വ്യക്തിയല്ല സ്പാ നടത്തുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യതയില്ല. ക്രോസ് മസാജിംഗ് അടക്കമുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ ഇവിടെ നടന്നിരുന്നതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവല്ലയിലെ സ്പായില്‍ ഉണ്ടായ പീഡനവിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സ്പാ സെന്ററുകള്‍ക്കെതിരെ കര്‍ശന അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് നടന്ന ഈ നടപടി ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്.
‘സ്വന്തം പാര്ട്ടിക്കാരന്’ എന്ന ലേബലില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്താമെന്ന് ആരും കരുതേണ്ടെന്ന വ്യക്തമായ മുന്നറിയിപ്പാണ് മേയര്‍ വി.വി. രാജേഷ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.



