മോഹന്‍ലാലിന്റെ അമ്മയുടെ മരണവും സംസ്കാര ചടങ്ങുകളും മലയാളി നേരിട്ടു കണ്ടത് കുറച്ചു കാലം മുമ്പാണ്. അന്ന് മോഹന്‍ലാലിന് താങ്ങും തണലുമായി നിന്നത് ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി സിനിമാ നിര്‍മ്മാതാവായി മാറിയ ആന്റണി. ആന്റണിയുടെ സജീവതയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായി കോണ്‍ഫിഡന്റ് ഗ്രൂപ്പുടമ സിജെ റോയ് മാറിയത്. ഏതായാലും റോയിയുടെ സംസ്കാര ചടങ്ങില്‍ ആന്റണി പെരുമ്പാവൂര്‍ എത്തി. ലാല്‍ വന്നില്ല. പക്ഷേ ആന്റണി പെരുമ്പാവൂരിന്റെ സാന്നിധ്യം ഉണ്ടായി. പൊട്ടിക്കരയുന്ന മുഖഭാവവുമായി ആയിരുന്നു ആന്റണി എത്തിയത്. എത്രമാത്രം വേദനയിലാണ് ലാല്‍ എന്നും ആന്റണിയുടെ മുഖത്ത് വ്യക്തം. അതായിരുന്നു ലാലും റോയിയും തമ്മിലെ ബന്ധം. റോയിയുടെ അമ്മയും മകനെ എന്ന് വിളിച്ച് പൊട്ടിക്കരഞ്ഞു. റോയിയുടെ കുടുംബവും വേദനയുടെ നിഴലില്‍.
പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ ഡോ.സി ജെ റോയിയുടെ നിര്യാണത്തില്‍ നടന് മോഹന്‍ലാല്‍ അനുശോചിച്ചിരുന്നു. റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്ത വേദനയാണെന്നും അദ്ദേഹം തനിക്ക് ഒരു സുഹൃത്തിനപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നുവെന്നും മോഹന്‍ലാല്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചു. മോഹന്‍ലാല്‍ നായകനായ സിനിമകളില്‍ റോയി നിര്‍മാണ പങ്ക് വഹിച്ചിരുന്നു. ‘എന്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വിശ്വസിക്കാനാവാത്ത വേദനയാണ് നല്‍കുന്നത്. ഒരു സുഹൃത്തിനപ്പുറം ഏറെ പ്രിയപ്പെട്ടൊരാളായിരുന്നു അദ്ദേഹം. സ്നേഹത്തോടെ അദ്ദേഹം എന്നും എന്റെ ഓര്‍മകളില്‍ ജീവിക്കും. ദുഃഖത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം പങ്കുചേരുന്നു.’- മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ കുറിച്ചു.
വെള്ളി വൈകുന്നേരമാണ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ശ്രദ്ധേയനായ സി ജെ റോയ് ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തവെ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. ബംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്തായിരുന്നു ദാരുണ സംഭവം. സ്വന്തം തോക്കില്‍നിന്ന് നെഞ്ചിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ എച്ച്എസ്ആര്‍ ലേഔട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ച്ചയായുള്ള ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്നും മരിച്ചിട്ടും റെയ്ഡ് തുടര്‍ന്നെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോയെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചിട്ടുണ്ട്.



