തിരുവനന്തപുരം: വാമനപുരത്ത് സപ്രൈസ് കാന്‍ഡിഡേറ്റായി മാതൃഭൂമി ന്യൂസിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രതീഷ് അനിരുദ്ധനെ കോണ്‍ഗ്രസ് പരിഗണിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രതീഷ് അനിരുദ്ധന്‍ എത്തിയേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മാധ്യമപ്രവര്‍ത്തന രംഗത്തെത്തുന്നതിന് മുന്‍പ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ സംസ്ഥാന തലത്തിലുള്ള സജീവ നേതാവായിരുന്നു രതീഷ് അനിരുദ്ധന്‍. നിലമേല്‍ എന്‍.എസ്.എസ് കോളേജിലെ പഠനകാലത്ത് വാമനപുരം മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും വലിയ സ്വാധീനമുള്ള വിദ്യാര്‍ത്ഥി നേതാവായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഈ തഴക്കവും മണ്ഡലവുമായുള്ള അടുത്ത ബന്ധവുമാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് എത്തിക്കുന്നത്.
സമുദായ സമവാക്യങ്ങളും അനുകൂലമാക്കാനാണ് നീക്കം. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് വാമനപുരം എന്നാണ് വിലയിരുത്തല്‍. നിലവിലെ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഡികെ മുരളി വീണ്ടും മത്സരിക്കും. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകനിലൂടെ വാമനപുരത്ത് അട്ടിമറിക്കുള്ള കോണ്‍ഗ്രസ് ശ്രമം.
പഠനത്തിന് ശേഷം കോണ്‍ഗ്രസ് മുഖപത്രമായ ജയ്ഹിന്ദ് ടിവിയിലൂടെയാണ് രതീഷ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി ന്യൂസിലേക്ക് മാറുകയും ചുരുങ്ങിയ കാലം കൊണ്ട് ചാനലിന്റെ പ്രധാന മുഖങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. വര്‍ഷങ്ങളായി മാതൃഭൂമി ന്യൂസിലെ പ്രൈം ടൈം ചര്‍ച്ചകളുടെയും വാര്‍ത്തകളുടെയും അവതാരകനാണ് അദ്ദേഹം.
വാമനപുരം മണ്ഡലത്തില്‍ സുപരിചിതനായ ഒരു യുവമുഖത്തെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. രതീഷിന്റെ മാധ്യമപ്രവര്‍ത്തനത്തിലൂടെയുള്ള ജനപ്രീതിയും പഴയകാല രാഷ്ട്രീയ ബന്ധങ്ങളും ഗുണകരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.



