ദക്ഷിണേന്ത്യയിലെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനും ആത്മവിശ്വാസത്തിന്റെ പര്യായവുമായ ഡോ. സി.ജെ. റോയിയുടെ മരണം മലയാളിക്ക് സമ്മാനിക്കുന്നത് മറ്റൊരു തീരാവേദനയാണ്. ബിസ്കറ്റ് രാജാവായിരുന്ന രാജന് പിള്ളയും ജനകോടികളുടെ വിശ്വസ്തനായിരുന്ന അറ്റ്ലസ് രാമചന്ദ്രനും വഴിമധ്യേ വീണുപോയതിന് സമാനമായ മറ്റൊരു ദുരന്തത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചത്. കേവലം ഒരു മണിക്കൂര്‍ നീണ്ട ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ സ്വന്തം ഓഫീസിലെ വെടിയൊച്ചയില്‍ ആ ജീവിതം അവസാനിക്കുമ്പോള്‍, രാജ്യം ചര്‍ച്ച ചെയ്യുന്നത് കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലുകളെ കുറിച്ചാണ്.
അറ്റ്ലസിന് സമാനമായ തൃശൂരുകാരന്റെ ജീവിതം തൃശൂരുകാരനായ അറ്റ്ലസ് രാമചന്ദ്രന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഗള്‍ഫിലെ ബിസിനസ് ശത്രുക്കളാണ് അദ്ദേഹത്തെ തകര്‍ത്തതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. സമാനമായ രീതിയില്‍ ദുബായ് ആസ്ഥാനമായി ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയ സി.ജെ. റോയിയെ തകര്‍ക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ ‘ദുബായ് പക’യാണോ എന്ന സംശയം ശക്തമാണ്. 2019-ല്‍ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് സമാനമായ സാഹചര്യമാണ് ആറ് വര്‍ഷത്തിനിപ്പുറം റോയിയുടെ മരണത്തിലും നിഴലിക്കുന്നത്. ടാക്സ് ടെററിസത്തിന്റെ ഇരയാണ് റോയിയെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നു.
സിനിമയും കാരുണ്യവും; മലയാളിക്ക് സുപരിചിതന്‍ ബിസിനസ്സിനപ്പുറം മോഹന്‍ലാലിന്റെ ‘മരയ്ക്കാര്‍’ ഉള്‍പ്പെടെയുള്ള സിനിമകളുടെ സഹനിര്‍മ്മാതാവായും പ്രളയബാധിതര്‍ക്ക് നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയും അദ്ദേഹം മലയാളിക്ക് സുപരിചിതനായി. ബിഗ് ബോസ്, സ്റ്റാര്‍ സിംഗര്‍ തുടങ്ങിയ പരിപാടികളിലൂടെ ഓരോ മലയാളി വീട്ടിലും റോയ് എന്ന പേര് പരിചിതമായിരുന്നു. കടമില്ലാതെ ബിസിനസ് ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. 165-ലധികം പ്രോജക്റ്റുകളും പതിനയ്യായിരത്തിലേറെ ഉപഭോക്താക്കളുമായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇതിഹാസമായി വളര്‍ന്ന ആ ചാണക്യനെ തളര്‍ത്തിയത് ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ റെയ്ഡുകളാണെന്ന് കുടുംബം ആരോപിക്കുന്നു.
കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന റെയ്ഡിനിടെ അദ്ദേഹം എന്തിന് ഈ കടുത്ത തീരുമാനമെടുത്തു എന്നത് ഇപ്പോഴും ദുരൂഹമാണ്. കര്‍ണാടക സിഐഡി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആ വെടിയൊച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം. രാജന് പിള്ളയെയും അറ്റ്ലസിനെയും പോലെ മറ്റൊരു മലയാളി കൂടി ബിസിനസ് ചതുരംഗത്തിലെ ബലിയാടാവുകയാണോ? കാലം ഉത്തരം നല്‍കേണ്ട ചോദ്യമാണിത്.



