തരൂരും രാജീവ് ചന്ദ്രശേഖറും ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ എത്തുമോ? 2026-ല്‍ നേമത്ത് കേരളം കാത്തിരിക്കുന്നത് ‘മഹാ യുദ്ധം’! ആരു ജയിക്കും ആ അങ്കം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ നേമം മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകും. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായി ശശി തരൂരും ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും എല്‍ഡിഎഫിനായി മന്ത്രി വി. ശിവന്‍കുട്ടിയും നേര്‍ക്കുനേര്‍ വരികയാണെങ്കില്‍ അത് കേരളം കണ്ട എക്കാലത്തെയും വലിയ രാഷ്ട്രീയ പോരാട്ടമായി മാറും. ഇതിന് സാധ്യത ഏറെയാണ്. കോണ്‍ഗ്രസിന്റെ വയനാട്ടിലെ കോണ്‍ക്ലേവില്‍ തരൂര്‍ നിറയുന്ന സാഹചര്യത്തിലാണ് ഇത് ചര്‍ച്ചയായി മാറുന്നത്.

ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം എന്ന നിലയില്‍ സംഘപരിവാറിനും, അത് തിരിച്ചുപിടിച്ച വി. ശിവന്‍കുട്ടിയിലൂടെ കരുത്ത് തെളിയിച്ച ഇടതിനും, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിടുന്ന കോണ്‍ഗ്രസിനും ഈ പോരാട്ടം ജീവന്മരണ പ്രശ്‌നമാണ്. നേമം നിലവില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. കുമ്മനം രാജശേഖരനെ തോല്‍പ്പിച്ച് വി ശിവന്‍കുട്ടി പിണറായി മന്ത്രിസഭയില്‍ അംഗവുമായി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തരൂര്‍ മത്സരിക്കാന്‍ എത്തിയാല്‍ സ്ഥിതിയാകെ മാറും.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും അവരവരുടേതായ വ്യക്തമായ സ്വാധീന മേഖലകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനോട് പരാജയപ്പെട്ടെങ്കിലും നേമം നിയമസഭാ മണ്ഡല പരിധിയില്‍ 22,000-ത്തിന് മുകളില്‍ വോട്ടുകളുടെ വന്‍ ലീഡ് സ്വന്തമാക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. ബിജെപിയുടെ ഈ ശക്തമായ മുന്നേറ്റം തടയുക എന്നതാണ് ശിവന്‍കുട്ടിയുടെയും തരൂരിന്റെയും പ്രധാന വെല്ലുവിളി.

എന്നാല്‍ തിരുവനന്തപുരത്തിന്റെ വികസന നായകന്‍ എന്ന പ്രതിച്ഛായയുള്ള ശശി തരൂര്‍ മത്സരരംഗത്തിറങ്ങുന്നത് കളി മാറ്റും. കഴിഞ്ഞ തവണ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് വോട്ട് ചെയ്ത യുഡിഎഫ് അനുകൂല വോട്ടുകള്‍ തരൂരിലൂടെ തിരികെ എത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇത് വി. ശിവന്‍കുട്ടിയുടെ വോട്ട് വിഹിതത്തില്‍ വലിയ കുറവുണ്ടാക്കിയേക്കാം. പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടുകള്‍ തരൂരിന് ആകര്‍ഷിക്കാന്‍ കഴിയും.

മറുഭാഗത്ത്, മണ്ഡലത്തിലെ ഓരോ വീടും കുടുംബവും സുപരിചിതമായ വി. ശിവന്‍കുട്ടിക്ക് തന്റെ ജനസമ്പര്‍ക്കവും മന്ത്രി എന്ന നിലയിലുള്ള സ്വാധീനവും ഗുണകരമാകുമെന്ന് എല്‍ഡിഎഫ് വിശ്വസിക്കുന്നു. രണ്ടു ടേമില്‍ കുടുതല്‍ മത്സരിച്ച വ്യക്തിയാണ് ശിവന്‍കുട്ടി. തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചു. ഇതില്‍ ഒരു തവണ ബിജെപിയുടെ ഒ രാജഗോപാലിനോട് തോറ്റു. അതായത് ശിവന്‍കുട്ടി വീണ്ടും നേമത്ത് മത്സരിച്ചാല്‍ അത് തുടര്‍ച്ചയായ നാലാം തവണയാകും. രണ്ടു ടേം മാനദണ്ഡം ശിവന്‍കുട്ടിക്ക് ഒഴിവാക്കാനാണ് സാധ്യത.

ബിജെപി വോട്ടുകള്‍ ഏകീകരിക്കപ്പെട്ടാലും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ട് വിഭജനം നടന്നാല്‍ അത് രാജീവ് ചന്ദ്രശേഖറിന് ഗുണകരമായേക്കാം. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളും നിഷ്പക്ഷ വോട്ടുകളും തരൂരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടാല്‍ അത് ശിവന്‍കുട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സിപിഎം ശിവന്‍കുട്ടിയെ മാറ്റിയാല്‍ സ്ഥിതി മറ്റൊരു തലത്തിലും എത്തും.

ചുരുക്കത്തില്‍, അതിശക്തമായ ഒരു ത്രികോണ മത്സരം നടന്നാല്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനോ അല്ലെങ്കില്‍ വന്‍ അട്ടിമറിക്കോ ആകും നേമം സാക്ഷ്യം വഹിക്കുക. ആര്‍ക്കും കൃത്യമായ മുന്‍തൂക്കം പ്രവചിക്കാനാവാത്ത വിധം പ്രമുഖരായ മൂന്ന് പേര്‍ ഏറ്റുമുട്ടുമ്പോള്‍ നേമം വീണ്ടും കേരള രാഷ്ട്രീയത്തിന്റെ വിധി നിര്‍ണ്ണയിക്കും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top