തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ തുടര്‍ച്ചയായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആരാധന നടത്താനോ വിശേഷദിവസങ്ങള്‍ ആഘോഷിക്കാനോ അനുവദിക്കാത്ത വിധം മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കാന്‍ അക്രമിസംഘങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024-ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 830 അക്രമങ്ങള്‍ നടന്നത് രാജ്യത്തെ മതേതരത്വത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ തടയുകയും വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. കാഴ്ചപരിമിതിയുള്ള സ്ത്രീയെ വരെ ജബല്പൂരില് അക്രമികള്‍ വെറുതെവിട്ടില്ല. ഛത്തീസ്ഗഡില്‍ ശവസംസ്കാരം തടയുകയും പള്ളികള്‍ക്ക് തീയിടുകയും ചെയ്ത സംഭവങ്ങള്‍ അങ്ങേയറ്റം ഭീകരമാണ്. ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് അവധി പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയും ബൈബിള്‍ വിതരണം ചെയ്തതിന്റെ പേരില്‍ പാസ്റ്റര്‍മാരെ ജയിലിലടയ്ക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.
കേരളത്തിലും സമാനമായ നുഴഞ്ഞുകയറ്റത്തിനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പാലക്കാട് കരോള്‍ സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതും ഇതിനെ നേതാക്കള്‍ ന്യായീകരിക്കുന്നതും ഗൗരവകരമാണ്. തിരുവനന്തപുരത്തെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി ആര്‍എസ്എസ് ഗീതം ഉള്‍പ്പെടുത്താന്‍ ശ്രമിച്ചത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ സൗഹൃദം നടിക്കാന്‍ കേക്കും വൈനുമായി എത്തുന്നവര്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവരുടെ രക്തത്തിനായി ദാഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷനുകളെ പ്രവര്‍ത്തനരഹിതമാക്കി വെച്ചിരിക്കുകയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ മതേതര വിശ്വാസികള്‍ ഒരുമിച്ച് നിന്ന് ഇതിനെ ചെറുക്കണം. ക്രൈസ്തവ സഹോദരങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കണമെന്നും ആയുധം താഴെ വെച്ച് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംഘ്പരിവാര്‍ തയ്യാറാകണമെന്നും സതീശന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



