കൊച്ചി കോര്പ്പറേഷന് മേയര്‍ തിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞവര്‍ക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടി നല്‍കാനൊരുങ്ങുകയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. മേയര്‍ നിര്‍ണ്ണയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സ്വീകരിച്ച നിലപാടിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ ഉയര്‍ത്തിയ പരോക്ഷ വിമര്‍ശനം സത്യത്തില്‍ വരാനിരിക്കുന്ന നിയമസഭാ കക്ഷി നേതാവിന്റെ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ളതാണ്. കൊച്ചിയില്‍ മാനദണ്ഡം ‘ഭൂരിപക്ഷം’ ആണെങ്കില്‍ വരുംകാലത്ത് എല്ലാ പദവികളിലേക്കും ഇതേ രീതി തന്നെ പിന്തുടരേണ്ടി വരുമെന്ന് കുഴല്നാടന് ആഞ്ഞടിച്ചത് വി.ഡി. സതീശനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. വരുംകാലത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോഴും ഇതേ ‘ഭൂരിപക്ഷ’ നയം മതിയെന്ന ഒരു നയപ്രഖ്യാപനമായി ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി അവരോധിച്ചത് ഭൂരിപക്ഷം മാത്രം പരിഗണിച്ചല്ലെന്നും അന്ന് പലവിധ ഘടകങ്ങള്‍ പരിശോധിക്കപ്പെട്ടിരുന്നുവെന്നും കുഴല്നാടന് ഓര്‍മ്മിപ്പിക്കുന്നു. ദീപ്തി മേരി വര്‍ഗീസിനെ മേയറാക്കുമെന്ന പ്രതീതി സൃഷ്ടിച്ചാണ് കോണ്‍ഗ്രസ് കൊച്ചിയില്‍ ജനവിധി തേടിയതും മികച്ച വിജയം സ്വന്തമാക്കിയതും. എന്നാല്‍ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ ഭൂരിപക്ഷമില്ലെന്ന ന്യായം പറഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തിയെ വെട്ടിയത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കെ.സി. വേണുഗോപാല്‍ പക്ഷം. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഭൂരിപക്ഷം മാനദണ്ഡമാക്കിയാല്‍ അത് വി.ഡി. സതീശന്റെ മുഖ്യമന്ത്രി മോഹങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നും പകരം കെ.സി. വേണുഗോപാലിന് സാധ്യതയേറുമെന്നുമാണ് കുഴല്നാടന് ഇതിലൂടെ സൂചിപ്പിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇരട്ടനീതിയാണ് നടപ്പിലായതെന്ന് കുഴല്നാടന് കുറ്റപ്പെടുത്തി. പാര്‍ട്ടിയെ ആര്‍ക്കും സ്വന്തം പോക്കറ്റിലിട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും ഒരിടത്ത് ഒരു നീതിയും മറ്റൊരിടത്ത് മറ്റൊരു നിയമവും എന്ന രീതി കോണ്‍ഗ്രസില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു കാലഘട്ടം മുതല്‍ കഠിനാധ്വാനത്തിലൂടെ വളര്‍ന്നുവന്ന ദീപ്തി മേരി വര്‍ഗീസിനെ തഴഞ്ഞത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നിവരെപ്പോലെ തന്നെ ഗ്രൂപ്പുകള്‍ക്ക് അതീതമായി ദീപ്തിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം കോണ്‍ഗ്രസിനകത്തുണ്ട്.
എ ഗ്രൂപ്പും വി.ഡി. സതീശനും ചേര്‍ന്ന് നടത്തിയ നീക്കങ്ങളിലൂടെ കെപിസിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് മിനിമോളെ മേയറാക്കിയതെന്ന് ആരോപണമുണ്ട്. കെ.സി. വേണുഗോപാലിന്റെ നിര്‍ദ്ദേശങ്ങളെപ്പോലും അവഗണിച്ചുകൊണ്ടുള്ള സതീശന്റെ ഈ നീക്കം കെ.സി പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. എറണാകുളം തന്റെ തട്ടകമാണെന്നും അവിടെ തന്റെ തീരുമാനങ്ങളെ നടക്കൂവെന്നുമുള്ള സന്ദേശമാണ് സതീശന് ഇതിലൂടെ നല്‍കുന്നത്. പ്രശ്നം വഷളാക്കാതിരിക്കാന്‍ കെ.സി. വേണുഗോപാല്‍ പാര്‍ട്ടിക്കൊപ്പമെന്ന് പറയുന്നപ്പോഴും ദീപ്തിയാണ് ഏറ്റവും അര്‍ഹയായ നേതാവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
താന്‍ സംവരണ വിഭാഗത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നയാളല്ലെന്ന് പറഞ്ഞുകൊണ്ട് ദീപ്തി തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നതെങ്കിലും ഇതിന്റെയെല്ലാം യഥാര്‍ത്ഥ ലക്ഷ്യം വി.ഡി. സതീശനാണെന്ന് വ്യക്തമാണ്. ദീപ്തിയെ വഞ്ചിച്ചുവെന്ന അജയ് തറയിലിന്റെ പ്രതികരണവും ഈ തര്‍ക്കത്തിന് ആക്കം കൂട്ടുന്നു. കൊച്ചിയില്‍ വിതച്ച ഈ ‘ഭൂരിപക്ഷ’ തന്ത്രം വരുംകാലത്ത് കോണ്‍ഗ്രസിനകത്തെ വലിയ അധികാര സമവാക്യങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം.



