സുകുമാരക്കുറുപ്പിനെ വെല്ലുന്ന ‘ഉത്ര മോഡല്‍’ ക്രൂരത; ഇന്‍ഷുറന്‍സ് തുകയ്ക്കായി പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന മക്കള്‍ പിടിയിലാകുമ്പോള്‍
ചെന്നൈ: മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ മക്കളുടെ ക്രൂരത സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നു. തിരുവള്ളൂര്‍ സ്വദേശിയായ സര്‍ക്കാര്‍ സ്‌കൂള്‍ ജീവനക്കാരന്‍ ഗണേശനെയാണ് മക്കളായ മോഹന്‍രാജും ഹരിഹരനും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ ഇല്ലാതാക്കിയത്.
കേരളത്തെ നടുക്കിയ അഞ്ചലിലെ ഉത്ര വധക്കേസിന് സമാനമായി, ഉറങ്ങിക്കിടന്ന ഗണേശനെ അതീവ വിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഇവര്‍ കൊലപ്പെടുത്തിയത്. തന്റെ മരണത്തിന് പകരം മറ്റൊരാളെ ബലിനല്‍കി സുകുമാരക്കുറുപ്പ് കാണിച്ച ആസൂത്രണത്തെക്കാള്‍ ഭയാനകമായ രീതിയിലാണ്, തെളിവുകള്‍ അവശേഷിക്കാത്ത ‘ആയുധമായി’ ഇവര്‍ പാമ്പിനെ ഉപയോഗിച്ചത്.
പിതാവിന്റെ മരണത്തിന് പിന്നാലെ ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ കാണിച്ച അമിത തിടുക്കമാണ് പോലീസിന് സംശയമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബത്തിന്റെ വരുമാനത്തിന് ആനുപാതികമല്ലാത്ത വിധം വന്‍തുകയുടെ പോളിസികള്‍ ഗണേശന്റെ പേരില്‍ കണ്ടെത്തി. ഉത്രക്കേസില്‍ ഡിഎന്‍എ പരിശോധനയിലൂടെയും ഡമ്മി പരീക്ഷണത്തിലൂടെയും കുറ്റവാളിയായ സൂരജിനെ കുടുക്കിയ കേരള പോലീസിന്റെ ശാസ്ത്രീയ അന്വേഷണ രീതികളാണ് ഈ കേസിലും തമിഴ്നാട് പോലീസിന് വഴികാട്ടിയായത്.
ശാസ്ത്രീയ തെളിവുകളിലൂടെ ഒരു ‘തികഞ്ഞ കൊലപാതകത്തെ’ (എങ്ങനെ പുറത്തുകൊണ്ടുവരാമെന്ന് ഉത്രക്കേസ് പോലീസ് അക്കാദമികളില്‍ പാഠപുസ്തകമായെങ്കിലും, ആ ശിക്ഷാവിധിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും പാമ്പിനെ ആയുധമാക്കിയ തമിഴ്‌നാട്ടിലെ അച്ഛനെ മക്കള്‍ കൊന്ന ക്രൂരകൃത്യം കുറ്റാന്വേഷണ ചരിത്രത്തിലെ പുതിയൊരു കറുത്ത അധ്യായമായി മാറുകയാണ്.
ഈ കേസില്‍ പാമ്പിനെ എത്തിച്ചുനല്‍കാനും കൊലപാതകം ആസൂത്രണം ചെയ്യാനും സഹായിച്ച ക്വട്ടേഷന്‍ സംഘത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ തമിഴ്നാട് പോലീസ് പുറത്തുവിട്ടു. പാമ്പുകളെ പിടികൂടാനും കൈകാര്യം ചെയ്യാനും പ്രത്യേക പരിശീലനം ലഭിച്ച നാലംഗ സംഘത്തെയാണ് മക്കള്‍ കൂട്ടുപിടിച്ചത്. കാട്ടുപാമ്പുകളെ പിടികൂടുന്നവരില്‍ നിന്നും അതീവ വിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെ സംഘടിപ്പിച്ച ഇവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
ഇന്‍ഷുറന്‍സ് തുക ലഭിക്കുന്ന മുറയ്ക്ക് പണം നല്‍കാമെന്നായിരുന്നു കരാര്‍. നേരത്തെ ഒരു മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഗണേശനെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും കടി മാരകമാകാത്തതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാമത്തെ ശ്രമത്തിനായി കൂടുതല്‍ വിഷമുള്ള വെള്ളിക്കെട്ടന്‍ പാമ്പിനെ തിരഞ്ഞെടുത്തത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്ന സമയത്ത് അത് കൂടുതല്‍ ആഴത്തില്‍ ഇറങ്ങാനായി പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിക്കുന്ന രീതി ഇവര്‍ പയറ്റിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അഞ്ചലിലെ ഉത്രക്കേസില്‍ സൂരജ് പ്രയോഗിച്ച അതേ തന്ത്രമാണിത്. ഗണേശന്റെ വീടിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണ്‍ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഈ ക്വട്ടേഷന്‍ സംഘത്തെയും മക്കളെയും കുടുക്കാന്‍ പോലീസിനെ സഹായിച്ചത്.




