കൊച്ചി: ശബരിമലയിലെ വിഗ്രഹങ്ങള്‍ കടത്തിയെന്ന വിവാദ വെളിപ്പെടുത്തലില്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കൈമാറിയ നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, കേസിലെ ദുരൂഹ വ്യക്തിയായ ‘ഡി. മണി’യെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ തമ്പടിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഈ ഡി. മണിയാണ് വിഗ്രഹങ്ങള്‍ കൈപ്പറ്റിയതെന്ന ദുബായ് വ്യവസായിയുടെ മൊഴി ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ എസ്ഐടി സ്ഥിരീകരിച്ചു. മണിയുടെ സംഘത്തിലുള്ളവരുമായി ഉദ്യോഗസ്ഥര്‍ ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്.
2019-20 കാലഘട്ടത്തില്‍ ശബരിമലയുടെ ഭരണചുമതലയിലുണ്ടായിരുന്ന ഒരു ഉന്നതന്റെ തണലില്‍ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നാണ് ദുബായിലെ വ്യവസായി വെളിപ്പെടുത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണന് പോറ്റി വഴിയാണ് വിഗ്രഹങ്ങള്‍ കൈമാറിയത്. വിഗ്രഹങ്ങള്‍ക്കായി വലിയ തുക കൈമാറിയത് 2020 ഒക്ടോബര്‍ 26-ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചാണെന്നും കൂടിക്കാഴ്ചയില്‍ വിഗ്രഹങ്ങള്‍ വാങ്ങിയ മണിയും ഇടനിലക്കാരനും ഭരണരംഗത്തെ ഉന്നതനും മാത്രമാണ് പങ്കെടുത്തതെന്നും മൊഴിയിലുണ്ട്. ‘ദാവൂദ് മണി’ എന്നും ‘ദുബായ് മണി’ എന്നും അറിയപ്പെടുന്ന വ്യക്തിക്ക് വിദേശത്തും വന്‍ സാമ്പത്തിക ഇടപാടുകളുണ്ട്.
വിഗ്രഹക്കടത്തില്‍ ലഭിച്ച പണം കൈപ്പറ്റിയത് ശബരിമല ഭരണസമിതിയുമായി അവിശുദ്ധ ബന്ധമുള്ള ഒരു ഉന്നതനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസ് മുറുകുന്നതോടെ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസും എന്‍. വിജയകുമാറും കടുത്ത ആശങ്കയിലാണ്. അറസ്റ്റ് ഭയന്ന് ഇരുവരും കൊല്ലം വിജിലന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വിഗ്രഹക്കടത്തില്‍ എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും ശങ്കര്‍ദാസിനും വിജയകുമാറിനുമെതിരെ അന്വേഷണം നീളാത്തതിലെ കോടതി വിമര്‍ശനവുമാണ് ഇവരെ നിയമസഹായം തേടാന്‍ പ്രേരിപ്പിച്ചത്.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്തെ ഭരണസമിതി അംഗങ്ങളായിരുന്നു ഇവര്‍. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശങ്കര്‍ദാസ് സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. വിദേശ വ്യവസായി നല്കിയ മൊഴികളുടെ വിശ്വസനീയത എസ്ഐടി വിശദമായി പരിശോധിച്ചുവരികയാണ്. ഡി. മണിയെ പിടികൂടുന്നതോടെ ശബരിമലയുടെ പേരില്‍ നടന്ന ഈ വമ്പന്‍ കൊള്ളയുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.



