കൊച്ചി: കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമായ കലാപത്തിലേക്ക് നീങ്ങരുതന്ന് നിര്‍ദ്ദേശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. അര്‍ഹമായ പരിഗണന നല്‍കാതെ തന്നെ തഴഞ്ഞുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരിട്ട് രംഗത്തിറങ്ങി. പ്രസ്താവനകള്‍ പാടില്ലെന്നും എല്ലാം പരിഹരിക്കുമെന്നും അറിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ദീപ്തിയെ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കും. മാത്യു കുഴല്‍നാടനും ഇനി പരസ്യ പ്രതികരണം നടത്തി വിവാദം വഷളാക്കില്ല.
വേണുഗോപാല്‍ വിളിച്ചതോടെ ദീപ്തിയും യപ്പെട്ടു. മേയര്‍ സ്ഥാനത്തേക്ക് ഇനി താനില്ലെന്ന കര്‍ക്കശമായ നിലപാടിലാണ് ദീപ്തി. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ദീപ്തി തുറന്നടിച്ചിരുന്നു. ഇനി അത്തരം ചര്‍ച്ചകള്‍ക്കില്ലെന്നും പറഞ്ഞു. കൗണ്‍സിലര്‍മാരുടെ രഹസ്യ ബാലറ്റിലൂടെയുള്ള അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടു എന്നും ഗ്രൂപ്പ് നേതാക്കള്‍ കൗണ്‍സിലര്‍മാരെ സ്വാധീനിച്ചെന്നും സുതാര്യമായ വോട്ടെടുപ്പ് നടന്നിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും അവര്‍ ആരോപിച്ചു. സ്ത്രീ സംവരണത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നയാളല്ല താനെന്നും മേയര്‍ പദവി മോഹിച്ചല്ല ഇത്രയും കാലം പ്രവര്‍ത്തിച്ചതെന്നും പറഞ്ഞ ദീപ്തി, പാര്‍ട്ടിയില്‍ അര്‍ഹമായ നീതി ലഭിച്ചില്ലെന്ന് ആവര്‍ത്തിച്ചു. തന്നെ തഴയാന്‍ ബോധപൂര്‍വമായ നീക്കം നടന്നതായി ചൂണ്ടിക്കാട്ടി ദീപ്തി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് പരാതി നല്‍കിയിട്ടുണ്ട്.
വിവാദം കൊഴുക്കുന്നതിനിടെ ദീപ്തിയെ ഫോണില്‍ വിളിച്ച കെ.സി. വേണുഗോപാല്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പുനല്‍കിയതായാണ് വിവരം. പാര്‍ട്ടിക്കുള്ളിലെ ഐക്യം പ്രധാനമാണെന്നും പരാതികള്‍ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ദീപ്തിയെ മെട്രോപൊളിറ്റന്‍ (ങജഇ) ചെയര്‍പേഴ്സണാക്കാമെന്ന വാഗ്ദാനം നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും അവര്‍ അത് നിരസിച്ചതായാണ് സൂചന. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ഇതിനകം മുന്നണി ബന്ധത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ പദവി തീരുമാനിക്കുന്നതില്‍ തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തെത്തി. സ്വന്തമായി ഭൂരിപക്ഷം ഉണ്ടെന്ന് കരുതി സഖ്യകക്ഷികളെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ലീഗ് നേതാവ് അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ദീപ്തിക്ക് പിന്തുണയുമായി മാത്യു കുഴല്നാടന് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളും രംഗത്തുണ്ട്.
നിലവിലെ തീരുമാനപ്രകാരം ഐ ഗ്രൂപ്പിലെ വി.കെ. മിനിമോള്‍ ആദ്യ രണ്ടര വര്‍ഷം മേയറാകും. ബാക്കി രണ്ടര വര്‍ഷം എ ഗ്രൂപ്പിലെ ഷൈനി മാത്യു ആ പദവി അലങ്കരിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ഇത്തരത്തില്‍ വീതം വെച്ചിട്ടുണ്ട്. ദീപക് ജോയ്, കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവരാണ് ഡെപ്യൂട്ടി മേയര്‍മാരാകുക. ലത്തീന്‍ സഭയുടെ താല്‍പ്പര്യങ്ങളും ഗ്രൂപ്പ് സമവാക്യങ്ങളും ദീപ്തിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ ‘അതിതീവ്ര ഗ്രൂപ്പ് കളി’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കെതിരെ ആയുധമാകുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കള്‍.



