തിരുവനന്തപുരം: യൂട്യൂബര്‍മാരുടെ നിരന്തരമായ സൈബര്‍ വേട്ടയാടലിനും വ്യക്തിഹത്യക്കുമെതിരെ പൊട്ടിക്കരഞ്ഞ് മുഖ്യമന്ത്രിയുടെ സഹായം തേടി പ്രശസ്ത മിനിസ്‌ക്രീന്‍ താരം രേഖാ രതീഷ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ യൂട്യൂബര്‍മാരായിരിക്കുമെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ താരം തുറന്നടിച്ചു. നടി നേരിടുന്ന അതിരൂക്ഷമായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന ക്രൂരമായ തേജോവധം താങ്ങാനാവുന്നില്ലെന്നും ജീവന്‍ പോലും അപകടത്തിലാണെന്നുമാണ് രേഖ വെളിപ്പെടുത്തിയത്. ഒന്‍പതാം ക്ലാസ്സുകാരനായ മകന് വേണ്ടി ജീവിക്കാന്‍ ശ്രമിക്കുന്ന തനിക്ക് നേരെ ചില യൂട്യൂബ് ചാനലുകള്‍ മോശം ക്യാപ്ഷനുകള്‍ നല്‍കി നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കഴിയുന്ന താന്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും താരം പറഞ്ഞു. അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തില്‍ അടുത്തിടെ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ സൈബര്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കാന്‍ കാരണമായി. വ്യക്തിജീവിതത്തെയും സ്വകാര്യതയെയും മാനിക്കാതെ അശ്ലീല കമന്റുകളുമായി എത്തുന്നവര്‍ക്കെതിരെ ഇനി മൗനം പാലിക്കാനാവില്ലെന്ന് നടി വീഡിയോയില്‍ വ്യക്തമാക്കി.
താന്‍ നേരിടുന്ന ഈ അനുഭവം മിനിസ്‌ക്രീനിലെ പല സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്നുണ്ടെന്നും പലരെയും യൂട്യൂബര്‍മാര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുകയാണെന്നും രേഖ ചൂണ്ടിക്കാട്ടി. സൈബര്‍ ഗുണ്ടായിസത്തിന് ഒരു അന്ത്യമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇനിയൊരു സഹോദരനും സഹോദരിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും അവര്‍ കണ്ണീരോടെ അപേക്ഷിച്ചു. നടി ഉന്നയിച്ച പരാതികള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
യൂട്യൂബ് ചാനലുകളുടെ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് നടി രേഖാ രതീഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. എന്നാല്‍ മലയാള സിനിമയുടെ ചരിത്രത്തോളം വലിപ്പമുള്ള ഒരു നിയോഗം രേഖയുടെ കുടുംബത്തിനുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ ആദ്യമായി ശബ്ദം നല്‍കിയത് രേഖാ രതീഷിന്റെ പിതാവ് രതീഷായിരുന്നു. 1980-ല്‍ പുറത്തിറങ്ങിയ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലെ മാധവന്‍കുട്ടി എന്ന കഥാപാത്രത്തിന് ശബ്ദം പകര്‍ന്നത് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ രതീഷാണ്. മലയാള സിനിമയില്‍ മമ്മൂട്ടി യുഗത്തിന് തുടക്കമിട്ട ആ കഥാപാത്രത്തിന്റെ ശബ്ദമായി രതീഷ് മാറിയത് ഒരു ചരിത്ര നിയോഗമായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം നടന്‍ കൃഷ്ണചന്ദ്രന്‍ അയച്ച കത്തിന് മറുപടിയായി തന്റെ ആദ്യ ശബ്ദദാതാവ് രതീഷാണെന്ന് മമ്മൂട്ടി തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ആ സൗഭാഗ്യം തന്റെ പിതാവ് മരണം വരെ അഭിമാനത്തോടെ കൊണ്ടുനടന്നിരുന്നതായി രേഖ രതീഷ് ഓര്‍ക്കുന്നു. ചെന്നൈയില്‍ നടനാകാന്‍ മോഹിച്ച് എത്തിയ രതീഷ് പിന്നീട് ഡബ്ബിംഗ് രംഗത്താണ് ശ്രദ്ധേയനായത്. മമ്മൂട്ടിക്ക് പുറമെ ‘സ്‌ഫോടന’ത്തില്‍ അന്തിക്കാട് മണിയും പിന്നീട് ശ്രീനിവാസനും മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. അഭിനയരംഗത്തെ കടുത്ത വെല്ലുവിളികള്‍ നേരിട്ട വ്യക്തി എന്ന നിലയില്‍ മകള്‍ രേഖ അഭിനയത്തിലേക്ക് വരുന്നതിനെ തുടക്കത്തില്‍ അദ്ദേഹം എതിര്‍ത്തിരുന്നു. എങ്കിലും മരണത്തിന് മുന്‍പ് തന്റെ വഴി അഭിനയമാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം രേഖയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.
രേഖാ രതീഷിന്റെ മാതാപിതാക്കള്‍ രണ്ടുപേരും സിനിമയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. അച്ഛന്‍ രതീഷിനെപ്പോലെ അമ്മ പി.കെ. രാധാദേവിയും നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു. നാലാം വയസ്സില്‍ ‘ഉന്നൈ നാന്‍ സന്തിത്തേന്‍’ എന്ന തമിഴ് ചിത്രത്തില്‍ രേവതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് രേഖ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ‘നിറക്കൂട്ട്’ എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലെത്തിയ രേഖ ഇന്ന് മഞ്ഞില്‍ വിരിഞ്ഞ പൂവ്, ഭാവന തുടങ്ങിയ നിരവധി ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. താന്‍ നേരിടുന്ന ഈ വലിയ പ്രതിസന്ധിയിലും അച്ഛന്റെ പോരാട്ടവീര്യമാണ് തന്റെ കരുത്തെന്നും താരം പറയുന്നു.



