ആഭരണം വിറ്റെടുത്ത ബെന്‍സ്; വണ്ടിഭ്രമം തലയ്ക്കുപിടിച്ച ഗണേഷിന്റെ ‘ചങ്ക്’; തിരുവനന്തപുരത്ത് ബാലഗോപാലോ?

തിരുവനന്തപുരം: അടിവസ്ത്രക്കേസില്‍ ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ‘സര്‍പ്രൈസ്’ നീക്കവുമായി എല്‍ഡിഎഫ്. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ഉറ്റസുഹൃത്തും കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ട്രഷററുമായ കെ.എസ്.ബാലഗോപാലിനെ രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനാണ് ഇടതുമുന്നണിയിലെ പുതിയ ആലോചന. നഗരത്തിലെ പ്രമുഖ വ്യവസായിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ ബാലഗോപാലിന് മണ്ഡലത്തിലുള്ള ആഴത്തിലുള്ള ബന്ധങ്ങള്‍ വോട്ടാകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

തൊണ്ടിമുതല്‍ അട്ടിമറിക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളിയതോടെയാണ് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥി മാറ്റത്തിന് വഴിതെളിഞ്ഞത്. ശിക്ഷാവിധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളില്‍ ആന്റണി രാജുവിന് മത്സരിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റ് കേരള കോണ്‍ഗ്രസ് (ബി)ക്ക് വിട്ടുനല്‍കാനാണ് സാധ്യത. പത്തനാപുരത്തിന് പുറമെ തലസ്ഥാനത്ത് ഒരു സീറ്റ് കൂടി വേണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യത്തിന് ഇതോടെ മുഖ്യമന്ത്രിയുടെ പച്ചക്കൊടി ലഭിച്ചതായാണ് സൂചന.

കാറുകളോടുള്ള ബാലഗോപാലിന്റെ ഭ്രമം തിരുവനന്തപുരത്തുകാര്‍ക്ക് പുതുമയുള്ളതല്ല. 1996-ല്‍ കേരളത്തില്‍ ബെന്‍സ് കാറുകള്‍ അപൂര്‍വ്വമായിരുന്ന കാലത്ത്, തന്റെ ആദ്യ ബെന്‍സ് സ്വന്തമാക്കാന്‍ ബാലഗോപാല്‍ ചെയ്തത് വീട്ടിലെ ആഭരണങ്ങള്‍ വില്‍ക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന സമ്പാദ്യവും ആഭരണം വിറ്റുകിട്ടിയ തുകയും ചേര്‍ത്താണ് അന്ന് സ്വപ്നവാഹനം വീട്ടിലെത്തിച്ചത്. ഇന്ന് ആഡംബര കാറുകളുടെ വലിയൊരു നിരതന്നെ അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്.

വാഹനങ്ങളേക്കാള്‍ ബാലഗോപാലിനെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് അദ്ദേഹം ലേലത്തിലൂടെ സ്വന്തമാക്കുന്ന ഫാന്‍സി നമ്പറുകളാണ്. പുത്തന്‍ പോര്‍ഷെ 718 ബോക്സ്റ്റര്‍ കാറിന് ‘കെ.എല്‍ 01 സി.കെ 1’ എന്ന നമ്പര്‍ സ്വന്തമാക്കാന്‍ അദ്ദേഹം മുടക്കിയത് 31 ലക്ഷം രൂപയാണ്. ദക്ഷിണേന്ത്യയിലെ തന്നെ റെക്കോര്‍ഡ് തുകയായിരുന്നു ഇത്. ഇതിനുമുന്‍പ് ലാന്‍ഡ് ക്രൂയിസറിന് 19 ലക്ഷം മുടക്കിയും അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചു. വാഹനങ്ങളില്‍ മാത്രമല്ല, മൊബൈല്‍ നമ്പറുകളിലും ബാലഗോപാലിന് ഫാന്‍സി ഭ്രമമുണ്ട്. പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള എല്ലാ അക്കങ്ങളുടെയും ഒരേ സീരീസിലുള്ള മൊബൈല്‍ നമ്പറുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്.

മന്ത്രി ഗണേഷ് കുമാറും ബാലഗോപാലും തമ്മിലുള്ള ബന്ധത്തിന് 30 വര്‍ഷത്തെ പഴക്കമുണ്ട്. 1995-ല്‍ ഷാജി കൈലാസ് ചിത്രം ‘കമ്മീഷണറു’ടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ഗണേഷ് കുമാറിന് വാഹനങ്ങളോടുള്ള കമ്പം തുടങ്ങിയത് ബാലഗോപാലുമായുള്ള കൂട്ടുകെട്ടിലൂടെയാണെന്ന് പറയപ്പെടുന്നു. പുതിയ വണ്ടി വാങ്ങിയാല്‍ അത് ആദ്യം ഓടിക്കാന്‍ നല്‍കുന്നത് ഗണേഷിനായിരിക്കും. ‘രാഷ്ട്രീയത്തിന് അപ്പുറം രക്തബന്ധത്തെ തോല്‍പ്പിക്കുന്ന സൗഹൃദമാണിത്’ ബാലഗോപാല്‍ പലപ്പോഴും പറയാറുണ്ട്.

ദേവി ഫാര്‍മ എന്ന വമ്പന്‍ മരുന്ന് വിതരണ ശൃംഖലയുടെ ഉടമയായ ബാലഗോപാലിന് തിരുവനന്തപുരത്തെ വ്യാപാരി വ്യവസായികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്. സിനിമാ നിര്‍മ്മാണ രംഗത്തും സജീവമായതിനാല്‍ താരപ്രചാരണം വഴി യുവവോട്ടുകളെ ആകര്‍ഷിക്കാമെന്നും എല്‍ഡിഎഫ് കരുതുന്നു. എന്‍എസ്എസ് നേതൃത്വവുമായി ഗണേഷ് കുമാറിനുള്ള അടുത്ത ബന്ധവും ബാലഗോപാലിന് തുണയായേക്കും. ഔദ്യോഗിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ബാലഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമാകും.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top