തിരുവനന്തപുരം: തിരുവനന്തപുരം കോര്പ്പറേഷന് ഭരണസാരഥ്യം ഏറ്റെടുക്കാന്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ചു. തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷനുമായ രാജേഷ്, നിലവില്‍ കോര്പ്പറേഷന് കൗണ്‍സിലറാണ്. മുന്‍ ഡിജിപി ആര്. ശ്രീലേഖയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ തഴക്കമുള്ള രാജേഷിനെ തന്നെ നിയോഗിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആശാനാഥാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി.
മേയറെ നിശ്ചയിക്കുന്നതില്‍ ആര്.എസ്.എസിന്റെ നിലപാടാണ് നിര്‍ണ്ണായകമായത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡന്റ് കരമന ജയനും ആര്. ശ്രീലേഖയുമായി ആശയവിനിമയം നടത്തിയെങ്കിലും സംഘടനാ പിന്തുണ രാജേഷിന് അനുകൂലമായി മാറി. കൗണ്‍സിലര്‍മാരുടെ അഭിപ്രായം ക്രോഡീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ വഴി കേന്ദ്രത്തെ അറിയിച്ച ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ നാഗ്പൂരിലെ ആര് എസ് എസ് നേതൃത്വമാണ് രാജേഷിനെ ഈ പദവിയിലേക്ക് മുമ്പോട്ട് വച്ചത്. മുന്‍ ഡിജിപി ആര് ശ്രീലേഖയെ മേയറാക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം. ഇത് ആര് എസ് എസ് അംഗീകരിച്ചില്ല. രാജീവ് ചന്ദ്രശേഖറിന് കടുത്ത തിരിച്ചടിയാണ് ഈ തീരുമാനം. ബിജെപി ജനറല്‍ സെക്രട്ടറിയായ എസ് സുരേഷും രാജേഷിന് എതിരായിരുന്നു.
എങ്കിലും, നാളെ നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാജേഷിന്റെ വിജയം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ബി.ജെ.പിയുടെ 20 കൗണ്‍സിലര്‍മാര്‍ നടത്തിയ സത്യപ്രതിജ്ഞയിലെ ‘ദൈവനാമ വിവാദമാണ്’ ഇതിന് കാരണം. മുനിസിപ്പല്‍ നിയമപ്രകാരം ‘ദൈവനാമത്തില്‍’ എന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ട സ്ഥാനത്ത്, പ്രത്യേക ദേവീദേവന്മാരുടെ പേരെടുത്ത് പറഞ്ഞത് നിയമവിരുദ്ധമാണെന്ന് സി.പി.എം വാദിക്കുന്നു. ചട്ടം ലംഘിച്ചുള്ള ഈ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും ഇവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നും ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ വി. ജോയിയും എസ്.പി. ദീപക്കും കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.
100 അംഗ കൗണ്‍സിലില്‍ ബി.ജെ.പിക്ക് 50 പേരുടെ പിന്തുണയുണ്ട്. എന്നാല്‍ വിവാദത്തില്‍പ്പെട്ട 20 പേരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ബി.ജെ.പിയുടെ അംഗബലം 30 ആയി ചുരുങ്ങും. അങ്ങനെയെങ്കില്‍ 29 അംഗങ്ങളുള്ള എല്‍.ഡി.എഫിനോ 19 അംഗങ്ങളുള്ള യു.ഡി.എഫിനോ സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം പിടിക്കാനാകും.
സത്യപ്രതിജ്ഞാ വേളയില്‍ തന്നെ തെറ്റ് തിരുത്തിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കുന്ന നിലപാട് മേയര്‍ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കും. 100 പേരും വോട്ട് ചെയ്യുകയാണെങ്കില്‍ ബി.ജെ.പിക്ക് അനായാസം വിജയിക്കാം. എന്നാല്‍ കമ്മീഷന് നടപടിയെടുത്താല്‍ അത് നഗരസഭാ ഭരണത്തില്‍ വലിയ രാഷ്ട്രീയ അട്ടിമറിക്ക് വഴിതെളിക്കും.



