പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് യു-വിനെ (ഉമേഷ് വള്ളിക്കുന്ന്) സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സേനയുടെ അച്ചടക്കം ലംഘിച്ച് നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംസ്ഥാന പോലീസ് സേനയെയും ഉന്നത ഉദ്യോഗസ്ഥരെയും അവഹേളിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര് ഐപിഎസ് കടുത്ത നടപടി സ്വീകരിച്ചത്. കേരള പോലീസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട ഗുരുതരമായ പെരുമാറ്റദൂഷ്യവും അച്ചടക്കലംഘനവും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉമേഷിന്റെ സര്‍വീസ് കാലയളവില്‍ 11 തവണ വകുപ്പുതല അന്വേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ എട്ടെണ്ണവും സോഷ്യല്‍ മീഡിയയിലെ വഴിവിട്ട ഇടപെടലുകളെ തുടര്‍ന്നാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഡിജിപിക്കും മറ്റ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ഇയാള്‍ക്ക് നേരത്തെ ‘ബ്ലാക്ക് മാര്‍ക്ക്’ ലഭിച്ചിട്ടുണ്ട്. ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അന്നത്തെ സിറ്റി പോലീസ് കമ്മീഷണറെ വിമര്‍ശിച്ചതിനും, സര്‍ക്കാരിന്റെ യുഎപിഎ നടപടികളെ സിനിമ രംഗങ്ങള്‍ ഉപയോഗിച്ച് പരിഹസിച്ചതിനും മുന്‍പ് വേതന വര്‍ദ്ധനവ് തടയല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ ഉമേഷ് നേരിട്ടിരുന്നു. വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചതുമായി ബന്ധപ്പെട്ട പരാതിയിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന മെമ്മോകളും അതിന് നല്കുന്ന ധിക്കാരപരമായ മറുപടികളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ പലതവണ നോട്ടീസ് നല്‍കിയെങ്കിലും ഓണ്‍ലൈനായോ നേരിട്ടോ പങ്കെടുക്കാന്‍ ഉമേഷ് തയ്യാറായില്ല. ശമ്പളം ലഭിക്കാത്തതിനാലാണ് ഹാജരാകാത്തതെന്ന ഇയാളുടെ വാദം വസ്തുതാവിരുദ്ധമാണെന്ന് ശമ്പള രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ബോധ്യപ്പെട്ടതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
നിയമപരമായി നടക്കുന്ന അന്വേഷണത്തെ മാധ്യമങ്ങളിലൂടെ അവഹേളിക്കാന്‍ ശ്രമിച്ചത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 33-ന്റെ നഗ്നമായ ലംഘനമായാണ് വിലയിരുത്തിയത്. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ പ്രതികളെ ന്യായീകരിക്കുന്നതും സേനാംഗങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതുമാണ് ഉമേഷിന്റെ പ്രവര്‍ത്തികളെന്ന് പിരിച്ചുവിടല്‍ ഉത്തരവില്‍ പറയുന്നു. തുടര്‍ച്ചയായി ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടും പെരുമാറ്റത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത ഒരാളെ സേനയില്‍ തുടരാന്‍ അനുവദിക്കുന്നത് പോലീസിന്റെ അന്തസ്സിനും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുമെന്ന് ബോധ്യപ്പെട്ടതോടെയാണ് ഈ നടപടി സ്ഥിരപ്പെടുത്തിയത്. 2025 ഡിസംബര്‍ 21-ലെ ഉത്തരവ് പ്രകാരം സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ 60 ദിവസത്തിനുള്ളില്‍ മേലധികാരികള്‍ക്ക് അപ്പീല്‍ നല്കാന് ഇയാള്‍ക്ക് സാധിക്കും.



