തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കവടിയാര്‍ കൊട്ടാരത്തിന്റെ അതീവ സുരക്ഷാമേഖലയില്‍ വന്‍ മോഷണം. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയുടെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും വജ്രശേഖരവുമാണ് കവര്‍ന്നത്. സംഭവത്തില്‍ പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണം നടന്നത് കഴിഞ്ഞ വര്‍ഷം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനും നവംബര്‍ ഒന്നിനും ഇടയിലുള്ള കാലയളവിലാണ് കൊട്ടാരക്കെട്ടിനുള്ളില്‍ മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തമ്പുരാട്ടിയുടെ കിടപ്പുമുറിയിലുള്ള ഇരുമ്പ് അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ എവിടെയെങ്കിലും മാറിവെച്ചതാകാമെന്ന് കരുതിയതിനാലാണ് പരാതി നല്കാന് വൈകിയതെന്ന് തമ്പുരാട്ടി പോലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്.നഷ്ടപ്പെട്ടത് അമൂല്യനിധി
അര പവന്റെ പവിഴം കോര്‍ത്ത മാല മുതല്‍ പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കം വരെയുള്ള അമൂല്യമായ ശേഖരമാണ് മോഷണം പോയത്.എട്ടു ലക്ഷം രൂപ വിലവരുന്ന പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും.ആറ് പവന് തൂക്കം വരുന്ന റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കന്‍ വളകള്‍.അഞ്ച് കുതിര പവന് സ്വര്‍ണ്ണ നാണയങ്ങള്‍.പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും നേര്‍ത്ത ചെയിനും.സ്വര്‍ണ്ണക്കുഴിമിന്നു മാല, പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണ്ണ പാദസരം, ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണ്ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍ എന്നിവയും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
അന്വേഷണം കൊട്ടാരത്തിനുള്ളിലേക്ക്. മോഷണക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. പേരൂര്‍ക്കട പോലീസാണ് ആണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരത്തിനുള്ളില്‍ കടക്കാന്‍ അനുവാദമുള്ളവരെയോ കൊട്ടാരവുമായി അടുത്ത ബന്ധമുള്ളവരെയോ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നത്. അതീവ സുരക്ഷയുള്ള കൊട്ടാരത്തിന്റെ ഉള്ളറകളില്‍ എങ്ങനെ മോഷണം നടന്നുവെന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.



