മുണ്ടക്കയം: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി, പ്രതികളെ പിന്തുടരാന്‍ അദ്ദേഹം സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് ലോറി തിരഞ്ഞെടുക്കുകയായിരുന്നു. ലോറിയില്‍ പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന ജോണ്‍സണ്‍, അവരെ തടയാനായി താന്‍ സഞ്ചരിച്ചിരുന്ന ലോറി കൊണ്ട് പ്രതികളുടെ വാഹനത്തില്‍ ഇടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികള്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചു പോകുകയും മുണ്ടക്കയം പുത്തന്‍ചന്ത ഭാഗത്ത് വെച്ച് മറ്റൊരു സ്വിഫ്റ്റ് കാറിലിടിച്ച് അപകടമുണ്ടാവുകയും ചെയ്തു.
അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയല്‍ ഭാഗത്ത് വെച്ച് കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ സമീപത്തെ റബ്ബര്‍ തോട്ടങ്ങളിലേക്കും കാടുകളിലേക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഈ സമയം ജോണ്‍സണ്‍ എ.ജെ ഉടന്‍ തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ എരുമേലി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസും നാട്ടുകാരും ചേര്‍ന്ന് പ്രദേശം മുഴുവന്‍ വളഞ്ഞതോടെ രക്ഷപ്പെടാന്‍ വഴിയില്ലാതെ പ്രതികള്‍ പോലീസിന് കീഴടങ്ങുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ജോണ്‍സണ്‍ എ.ജെയുടെ അസാമാന്യ മനക്കരുത്തില്‍ പോലീസ് കുടുക്കിയത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തെ മുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെയാണ് ജോണ്‍സണ്‍ തിരിച്ചറിഞ്ഞത്. കണ്‍മുന്നിലൂടെ കൊലയാളി സംഘം പാഞ്ഞുപോകുമ്പോള്‍ ഒട്ടും വൈകാതെ തന്നെ സമീപത്തുണ്ടായിരുന്ന ഒരു പിക്ക് അപ്പ് ലോറിയില്‍ അദ്ദേഹം അവരെ പിന്തുടരുകയായിരുന്നു. ഈ ധീരതയ്ക്ക് മുന്നിലാണ് കൊലയാളി സംഘത്തിന്റെ രക്ഷപ്പെടല്‍ പ്ലാന്‍ പാളിയത്.
റോഡുകളില്‍ ബസ്സുകള്‍ കുറുകെയിട്ട് പോലീസ് തീര്‍ത്ത പത്മവ്യൂഹത്തില്‍ കുടുങ്ങിയ പ്രതികള്‍ മുരിക്കുംവയല്‍ ഭാഗത്തെ ഒരു വീടിന് പിന്നിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയതാണ് പോലീസിന് സഹായകമായത്. വാഹനത്തിന്റെ കേടുപാടുകളും ഇവരുടെ അസ്വാഭാവിക പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം അറിയിച്ചതോടെ മിനിറ്റുകള്‍ക്കുള്ളില്‍ വന്‍ പോലീസ് സംഘം പ്രദേശം വളഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന ഗുണ്ടാ നേതാവ് ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട അലുവ അതുല്‍. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പ്രതികള്‍ അതുലിനെ ആസൂത്രിതമായി വെട്ടിക്കൊന്നത്. പിടികൂടിയ പ്രതികളെ കൊല്ലം സിറ്റി പോലീസിന് കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയായി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യസമയത്തെ ഇടപെടലും ധീരതയുമാണ് നാടിനെ നടുക്കിയ കൊലക്കേസിലെ പ്രതികളെ അതിവേഗം വലയിലാക്കിയത്.



