കരുനാഗപ്പള്ളി: അച്ഛന്റെ അലുവ കച്ചവടത്തിലൂടെ ‘അലുവ അതുല്‍’ എന്ന് പേരുവീണ ഒരു ചെറുപ്പക്കാരന്‍ കരുനാഗപ്പള്ളിയുടെ അധോലോകത്തെ വിറപ്പിക്കുന്ന ഡോണായി വളര്‍ന്നതും ഒടുവില്‍ നടുറോഡില്‍ വെട്ടേറ്റു വീണതും സിനിമയെ വെല്ലുന്ന തിരക്കഥ പോലെ. നാട്ടുകാര്‍ നോക്കിനില്‍ക്കെ പുതിയകാവിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് സാക്ഷിയാക്കി അലുവ അതുലിനെ (30) എതിര്‍സംഘം വെട്ടിത്തീര്‍ത്തത് മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിനൊടുവിലാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ജിം സന്തോഷിന്റെ കൂട്ടുകാരന്‍ അസീമിനെ പങ്കജ് എന്നയാള്‍ മര്‍ദ്ദിച്ചതോടെയാണ് ഈ ഗുണ്ടാപ്പകയുടെ തുടക്കം. ഇത് ചോദ്യം ചെയ്ത ജിം സന്തോഷ് പരസ്യമായി പങ്കജിനെ വിരട്ടി. ഈ അപമാനം കനലായി സൂക്ഷിച്ച പങ്കജ് പിന്നീട് സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരിച്ചും ആക്രമണമുണ്ടായതോടെ സോഷ്യല്‍ മീഡിയയില്‍ കൊലവിളികള്‍ ആളിപ്പടര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അലുവ അതുലിന് പങ്കജ് ക്വട്ടേഷന്‍ നല്‍കുന്നതും 2024 മാര്‍ച്ചില്‍ സന്തോഷിനെ സ്വന്തം വീട്ടില്‍ അമ്മയുടെ മുന്നിലിട്ട് അതുലും സംഘവും കൊലപ്പെടുത്തുന്നതും.
ജിം സന്തോഷ് വധക്കേസില്‍ കുറ്റപത്രം നല്‍കിയിട്ടും അതുല്‍ ജാമ്യം നേടി പുറത്തിറങ്ങിയത് സന്തോഷിന്റെ അനുയായികളെ പ്രകോപിപ്പിച്ചു. അതുല്‍ സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കിയ സംഘം ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളാണ് നടത്തിയത്. മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലമുള്ള വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ടായിരുന്നു. അതുലിനെ തീര്‍ക്കാന്‍ ജിം സന്തോഷിന്റെ ആരാധകര്‍ മുന്‍കൂട്ടി പിരിവ് നടത്തിയതായും സൂചനയുണ്ട്. ‘പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്’ എന്ന ടൈറ്റിലില്‍ അതുല്‍ മുന്‍പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം റീലുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത കടത്തൂര്‍ ഗുണ്ടാ സംഘത്തിലെ ‘ബ്ലാക്ക് വിഷ്ണു’, ഹുസൈന്‍, ആഷിക് തോമ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ ഹുസൈനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതുല്‍ ആക്രമിച്ചിരുന്നു. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. മരണം ഉറപ്പാക്കിയ ശേഷം അക്രമിസംഘം മടങ്ങിയപ്പോള്‍ അതുലിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതി മനു (കുക്കു) പരിക്കുകളോടെ രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയിലെ ഈ ഗുണ്ടാ വിളയാട്ടം പോലീസിന് വലിയ നാണക്കേടായിരിക്കുകയാണ്.
കരുനാഗപ്പള്ളി: നാട്ടുകാരെ സാക്ഷിയാക്കി പുതിയകാവില്‍ നടന്ന അലുവ അതുല്‍ വധക്കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കൊലയാളി സംഘത്തിലെ പ്രധാനികളായ കടത്തൂര്‍ സ്വദേശി വിഷ്ണു (ബ്ലാക്ക് വിഷ്ണു), ഹുസൈന്‍, ആഷിക് (ആഷിക് തോമ) എന്നിവരെ ദൃശ്യങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ കരുനാഗപ്പള്ളി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട വ്യക്തിവൈരാഗ്യവും ഗുണ്ടാപ്പകയുമാണ് ഈ ക്രൂരമായ അന്ത്യത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകള്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രതികളിലൊരാളായ ഹുസൈനെ അലുവ അതുല്‍ കുടം കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ മുന്‍വൈരാഗ്യവും പ്രതികളുടെ സുഹൃത്തായ അനീറിനെ വധിക്കാന്‍ ശ്രമിച്ചതിലുള്ള പകയുമാണ് ഇപ്പോള്‍ അതുലിന്റെ ജീവനെടുത്തത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയാണ് അക്രമിസംഘം നാടന്‍ ബോംബെറിഞ്ഞും വടിവാള്‍ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതിയും അതുലിനൊപ്പം കാറിലുണ്ടായിരുന്ന കുക്കു എന്ന മനുവിനും ആക്രമണത്തില്‍ പരിക്കേറ്റെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
കൊലപാതകത്തിന് പിന്നാലെ അതുല്‍ മുന്‍പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘പകരം വീട്ടാന്‍ നടക്കുന്നവരോട് പറയാനുള്ളത്’ എന്ന ടൈറ്റിലില്‍ ഇട്ട മാസ് റീലുകള്‍ക്ക് താഴെ വന്ന കമന്റുകളും ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതുലിന്റെ മരണം സ്ഥിരീകരിച്ചതോടെ ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. കൊലയാളി സംഘം സഞ്ചരിച്ച വാഹനത്തെ കേന്ദ്രീകരിച്ചും ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.



