ആര്യയുടെ അഹങ്കാരവും മുഖ്യമന്ത്രിയുടെ കാര്‍ യാത്രയും ചര്‍ച്ചയായി; പത്മകുമാറിനെ സംരക്ഷിക്കുന്നതിലും പൊട്ടിത്തെറി; തിരുവനന്തപുരം സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; കേട്ട് ഞെട്ടി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുടെ കരുത്തില്‍ മുന്നോട്ടുപോകുന്ന സിപിഎമ്മിനുള്ളില്‍ പൊട്ടിത്തെറികള്‍ തുടങ്ങുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ അരങ്ങേറിയത് അസാധാരണമായ പൊട്ടിത്തെറികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ ഒളിയമ്പെയ്തും മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ കടന്നാക്രമിച്ചും അംഗങ്ങള്‍ രംഗത്തെത്തിയതോടെ യോഗം അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി. ജില്ലയില്‍ പാര്‍ട്ടി കടുത്ത വിഭാഗീയതയുടെ പിടിയിലാണെന്നും മൂന്ന് പ്രമുഖ നേതാക്കള്‍ നയിക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍ പരസ്പരം പാരവെച്ച് പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് യോഗത്തില്‍ ഉണ്ടായത്. യോഗത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പോലും ഇതെല്ലാം കേട്ട് ഞെട്ടി.

ആര്യയുടെ അഹങ്കാരവും കോര്‍പ്പറേഷനിലെ വീഴ്ചയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന പ്രതിസ്ഥാനത്ത് നിര്‍ത്തിയത് മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെയാണ്. മേയറുടെ പ്രവര്‍ത്തന പരാജയവും ജനങ്ങളോടുള്ള അഹങ്കാരവും പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ ആര്യക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തലയെടുപ്പുള്ള നേതാക്കളെ കണ്ടെത്താന്‍ കഴിയാത്തതും പലയിടത്തും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്നുവന്നതും ബിജെപിക്ക് ഗുണകരമായി. എതിരാളികള്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കിയപ്പോള്‍ എല്‍ഡിഎഫ് ചിത്രത്തിലേ ഇല്ലാതായെന്നും വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കാര്‍ യാത്ര പാര്‍ട്ടിക്കുള്ളില്‍ വലിയ അസംതൃപ്തിക്ക് കാരണമായതായി യോഗം വിലയിരുത്തി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ ചുവയുള്ള പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തത് ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കി. ഭരണസംവിധാനത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെട്ട് പാര്‍ട്ടി നിഷ്‌ക്രിയമായതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ വോട്ടര്‍മാരെ അകറ്റിയെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായി. എ. പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചു. എന്നാല്‍, പത്മകുമാര്‍ ചെയ്ത തെറ്റിന്റെ ഗൗരവത്തില്‍ സംശയമുള്ളതിനാലാണ് നടപടി എടുക്കാത്തതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. ആഗോള അയ്യപ്പ സംഗമത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പാര്‍ട്ടിയുടെ രാഷ്ട്രീയ ജാഗ്രതക്കുറവാണെന്നും അംഗങ്ങള്‍ പരിഹസിച്ചു.

മൂന്ന് തട്ടില്‍ ജില്ലാ നേതൃത്വം ജില്ലാ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഏറ്റവും വലിയ പ്രതിസന്ധിയായി ഉയര്‍ന്നത്. മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളാണ് ജില്ലയിലുള്ളതെന്നും ഓരോ തീരുമാനവും പരസ്പരം പരാജയപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അംഗങ്ങള്‍ ആരോപിച്ചു. തീരുമാനങ്ങളില്‍ കൂട്ടായ അഭിപ്രായമില്ലാത്തതും നേതൃത്വം മൂന്ന് തട്ടിലായതും പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തെ തകര്‍ത്തിരിക്കുകയാണ്. പുത്തലത്ത് ദിനേശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നേതൃത്വത്തെ അങ്കലാപ്പിലാക്കിയ ഈ തുറന്നുപറച്ചിലുകള്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top