തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ പിണറായി സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിശോധിക്കാതെ താഴേത്തട്ടിലെ സഖാക്കളെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം നീക്കം. ഭരണവിരുദ്ധ വികാരമോ അയ്യപ്പ തരംഗമോ തോല്‍വിക്ക് കാരണമായോ എന്ന് അന്വേഷിക്കാന്‍ തയ്യാറാകാത്ത നേതൃത്വം നല്‍കുന്നത് പിണറായിയ്ക്ക് വീഴ്ച സംഭവിച്ചില്ലെന്ന സന്ദേശമാണ്. വീഴ്ചകള്‍ ബൂത്ത് തലത്തിലെ സംഘടനാ പാളിച്ചയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി എട്ടു ചോദ്യങ്ങളുമായി ബൂത്ത് തലത്തില്‍ കര്‍ശന പരിശോധനയ്ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിരല്‍ ചൂണ്ടാതിരിക്കാനുള്ള ഈ തന്ത്രം പാര്‍ട്ടിക്കുള്ളിലെ പ്രാദേശിക നേതാക്കള്‍ക്ക് വലിയ ‘പണി’ കിട്ടാന്‍ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി നല്കിയ ബൂത്ത് തല നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ താഴേത്തട്ടില്‍ വീഴ്ച പറ്റിയോ എന്നാണ് സംസ്ഥാന നേതൃത്വം പ്രധാനമായും അന്വേഷിക്കുന്നത്. വോട്ടര്‍പട്ടിക പരിശോധന, പുതിയ വോട്ടര്‍മാരെ ചേര്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രാദേശികമായി വന്ന വീഴ്ചകള്‍ തോല്‍വിക്ക് കാരണമായെന്നാണ് പാര്‍ട്ടി ലൈന്‍. വോട്ടെടുപ്പ് ദിവസം ലഭിക്കുമെന്ന് ഉറപ്പിച്ച വോട്ടുകള്‍ എന്തുകൊണ്ട് കിട്ടിയില്ല എന്നതിലാണ് ഇപ്പോള്‍ ഉത്തരങ്ങള്‍ തേടുന്നത്. എന്നാല്‍, സംഘടനാ വീഴ്ചയേക്കാള്‍ ഉപരി ഭരണത്തോടുള്ള ജനങ്ങളുടെ പരസ്യമായ അതൃപ്തിയാണ് ഫലത്തില്‍ പ്രതിഫലിച്ചതെന്ന പ്രാദേശിക നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന സമിതി ഗൗരവത്തിലെടുക്കുന്നില്ല.
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സുരക്ഷിതമായി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശോധനാരീതി നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ബ്രാഞ്ച്, ഏരിയ സെക്രട്ടറിമാരുടെ തലയില്‍ കെട്ടിവെക്കാനാണ് നീക്കം. പലയിടങ്ങളിലും പാര്‍ട്ടി ശില്പശാലകള് നടക്കാത്തത് ഏരിയ കമ്മിറ്റികളുടെ വീഴ്ചയായി കണക്കാക്കി നടപടികള്‍ സ്വീകരിച്ചേക്കാം. നിര്‍ദ്ദേശം ലംഘിച്ച് മത്സരിച്ച് തോറ്റ ഭാരവാഹികളെ ഉടന്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനവും നേതൃത്വത്തിനുണ്ട്. ഇത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് താഴേത്തട്ടില്‍ അച്ചടക്കം ഉറപ്പിക്കാനാണെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോഴും, യഥാര്‍ത്ഥ കാരണങ്ങള്‍ മൂടിവെക്കുന്നത് ഭാവിയില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.
ബൂത്ത് തലത്തില്‍ പ്രധാനമായും നാല് കാര്യങ്ങളിലാണ് പാര്‍ട്ടി വിശദീകരണം തേടുന്നത്. ചേര്‍ക്കാനായ വോട്ടുകളുടെ എണ്ണം, ലഭിക്കുമെന്ന് കരുതിയ വോട്ടുകള്‍, ഉറപ്പിച്ച വോട്ടുകളില്‍ വന്ന കുറവ് എന്നിവ ഇതില്‍പ്പെടും. ഭരണപരാജയങ്ങളെക്കുറിച്ചോ വിശ്വാസ വിഷയങ്ങളിലുണ്ടായ തിരിച്ചടിയെക്കുറിച്ചോ മിണ്ടാതെ, കണക്കുകളിലെ കളിയിലൂടെ പരാജയം ലഘൂകരിക്കാനാണ് ശ്രമം. ഇത്തരത്തില്‍ താഴേത്തട്ടിലെ അനിഷ്ടക്കാരെ ലക്ഷ്യമിട്ട് നടപടികള്‍ വരുന്നതോടെ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ വീഴ്ചകള്‍ മറച്ചുവെച്ചുകൊണ്ടുള്ള ഈ ‘അരിച്ചുപെറുക്കല്‍’ നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയേക്കാം.



