വെല്‍ഡണ്‍ വാചാസ്പതി….. കുടിയിറക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞു; ബുധനൂരിലെ കരുതല്‍ കഥ

ട്ടിസം ബാധിച്ച യുവാവിനെയും കൈക്കുഞ്ഞിനെയും വീട്ടില്‍നിന്നിറക്കി വിട്ട് ജപ്തി നടത്താനുള്ള സ്വകാര്യ ബാങ്കിന്റെ നീക്കം നാട്ടുകാര്‍ തടഞ്ഞു ഒരു മനസ്സുമായി. കേരളത്തിന് ആകെ മാതൃകയാണ് ഈ നടപടി. ബുധനൂര്‍ ഉളളന്തിയില്‍ മേസ്തിരിപ്പണിക്കാരനായ ഗൃഹനാഥന്‍ ജോലിക്ക് പോയ നേരത്തായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഭേദമന്യേ ഒരു ഗ്രാമം ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബാങ്ക് അധികൃതര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

വീടിന്റെ ആധാരം പണയപ്പെടുത്തി എടുത്ത വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ജപ്തിക്ക് എത്തിയത്. ഗൃഹനാഥന്‍ വീട്ടിലില്ലാതിരുന്ന സമയത്ത് വീട്ടില്‍ ഓട്ടിസം ബാധിച്ച 22 കാരനായ മകനും ഗൃഹനാഥന്റെ മകളും അവരുടെ കൈക്കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്. മാനുഷിക പരിഗണനകള്‍ മറന്ന് ഇവരെ വീട്ടില്‍നിന്ന് പുറത്തിറക്കി വീട് പൂട്ടി സീല്‍ ചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സംഭവമറിഞ്ഞ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഉദ്യോഗസ്ഥരെ തടഞ്ഞു. നിയമപരമായ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധത്തിന് രാഷ്ട്രീയത്തിനപ്പുറം ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ആര്‍. മോഹനന്‍, വാര്‍ഡ് മെമ്പര്‍ രാജേഷ് ഗ്രാമം തുടങ്ങി വിവിധ പാര്‍ട്ടി നേതാക്കളും ഗ്രാമവാസികളും അണിനിരന്നു.

ഒരു ഗ്രാമത്തിന്റെ ഐക്യം: ആരേയും വീട്ടില്‍നിന്ന് പുറത്തിറക്കി ജപ്തി ചെയ്യരുതെന്ന മാനുഷികവും നിയമപരവുമായ വശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. നാട്ടുകാരുടെ ശക്തമായ നിലപാടിന് മുന്നില്‍ മറുപടിയില്ലാതെ ബാങ്ക് സംഘം അമ്പരന്നു. ഒടുവില്‍ നടന്ന ചര്‍ച്ചയില്‍ ജപ്തി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയായി. പട്ടികജാതി കുടുംബത്തെ അമിത പലിശയുടെയും നിയമക്കുരുക്കിന്റെയും പേരില്‍ തെരുവിലിറക്കാനുള്ള നീക്കത്തിനെതിരായ നാടിന്റെ ജാഗ്രതയായി ഈ സംഭവം മാറി. സോഷ്യല്‍ മീഡിയയിലടക്കം സന്ദീപ് വാചസ്പതിയുടെയും നാട്ടുകാരുടെയും ഈ ഇടപെടലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top