ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ചോര്‍ച്ച കേരളത്തിന് അപമാനമാകുന്നു. ശനിയാഴ്ച രാത്രി പെയ്ത മഴയിലാണ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചത്. ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ വരവിനോടനുബന്ധിച്ച് കോടികള്‍ മുടക്കി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന പുതിയ ദൃശ്യങ്ങള്‍.
ബ്ലാസ്റ്റേഴ്‌സ് – മുംബൈ സിറ്റി എഫ്.സി. മത്സരത്തിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ എത്തിയ ജീവനക്കാരാണ് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന കാഴ്ച ആദ്യം കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ സംഘാടകര്‍ക്കെതിരെ കടുത്ത വിമര്‍ശനവും ട്രോളുകളുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ‘മെസ്സിക്ക് കുളിക്കാന്‍ ഷവര്‍ ഉണ്ടല്ലോ’, ‘കളി കാണാന്‍ വരുന്നവര്‍ക്ക് വെള്ളച്ചാട്ടവും കാണാം’, ‘ചൂടൊക്കെ അല്ലേ… ഒരു ഗ്യാപ്പിട്ടതാകും’ തുടങ്ങി നിരവധി പരിഹാസ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്പോണ്‍സര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റേഡിയത്തില്‍ ‘രാജ്യാന്തര നിലവാരത്തിലുള്ള’ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ പേരില്‍ വലിയ തോതിലുള്ള ഫണ്ട് സമാഹരണവും നടന്നിരുന്നു. ഏകദേശം 70 കോടി രൂപയുടെ നവീകരണമാണ് സ്പോണ്‍സര്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ടീം വരില്ലെന്ന് ഉറപ്പായതോടെ ജോലികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
നവീകരണത്തിനായി എത്ര രൂപയാണ് യഥാര്‍ത്ഥത്തില്‍ ചിലവാക്കിയതെന്ന കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചോര്‍ച്ചയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന വാദം വെറും തട്ടിപ്പായിരുന്നുവെന്നാണ് നിലവിലെ ഗാലറിയിലെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്.



