ബോംബയെ മെരുക്കി; രാധയെ സ്വന്തമാക്കി; മോദിയുടെ പ്രിയങ്കരനായി; ചെങ്കല്‍ രാജശേഖരന്‍ നായര്‍ തിരുവനന്തപുരം സെന്‍ട്രലില്‍?

ത്താം ക്ലാസ് കഴിഞ്ഞ്, കയ്യില്‍ വലിയ സമ്പാദ്യങ്ങളൊന്നുമില്ലാതെ തിരുവനന്തപുരത്തെ ചെങ്കലില്‍ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയ ഒരു സാധാരണ പയ്യന്‍. തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന ഹോട്ടല്‍ വ്യവസായിയായി വളര്‍ന്നത് ഒരു സിനിമാക്കഥയെ വെല്ലുന്ന ജീവിത യാഥാര്‍ഥ്യമാണ്. കഠിനാധ്വാനം കൊണ്ടുമാത്രം ജീവിതം കെട്ടിപ്പടുത്ത രാജശേഖരന്‍ നായര്‍ എന്ന ആ പഴയ പത്താംക്ലാസുകാരനാണ് ഇന്ന് കേരള രാഷ്ട്രീയത്തിലെയും വ്യവസായ രംഗത്തെയും ശ്രദ്ധേയ സാന്നിധ്യം. കഴിവിന്റെ തീപ്പൊരിയാണ് കഠിനമായ ജീവിതമേഖലയില്‍നിന്ന് തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയായ രാജശേഖരന്‍ നായരെ ഉയര്‍ത്തിയത്. നിശ്ചയദാര്‍ഢ്യത്തിന്റെ ആയുധം ഉപയോഗിച്ചാണു വളര്‍ന്നത്. ഒരു രാഷ്ട്രീയക്കാരന്റെ കരസ്പര്‍ശം അതില്‍ പ്രകടമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി പ്രതീക്ഷിച്ചതിലും മികച്ച വോട്ട് നേടി. ഇത്തവണ തിരുവനന്തപുരം സെന്‍ട്രലിലേക്കാണ് രാജശേഖരന്‍ നായരെ പരിഗണിക്കന്നത്.

നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ബോംബെ. ഗുണ്ടകളും അധോലോകവും കൊടികുത്തി വാഴുന്ന കാലം. മലയാളികളെ ‘മദ്രാസി’ എന്ന് വിളിച്ച് കളിയാക്കിയിരുന്ന ആ നഗരത്തില്‍, ഒരു ഹോട്ടലിലെ സപ്ലയറായിട്ടായിരുന്നു തുടക്കം. ദിവസവും 20 മണിക്കൂര്‍ വരെ ജോലി. ഉറക്കം പലപ്പോഴും റോഡരികിലെ ഷെഡുകളില്‍. അതിനിടയിലും പുതിയ കോഴ്സുകള്‍ പഠിക്കാനും സമയം കണ്ടെത്തി. ഗള്‍ഫിലേക്ക് പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ, ദിനേശ് അഗര്‍വാള്‍ എന്ന മാര്‍വാഡി ബിസിനസുകാരന്‍ തന്റെ സഹായിയായി കൂടെ കൂട്ടിയതാണ് ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. പത്തുവര്‍ഷത്തെ വിശ്വസ്ത സേവനത്തിനൊടുവില്‍ അദ്ദേഹം സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങി.

ചെറുപ്പത്തിലേ ആര്‍.എസ്.എസ് ശാഖയിലൂടെ ലഭിച്ച വ്യക്തിത്വ പരിശീലനമാണ് അദ്ദേഹത്തിന് കരുത്തായത്. അടിയന്തരാവസ്ഥക്കാലത്ത്, അറസ്റ്റും ഗുണ്ടാ ആക്രമണവും ഭയന്ന് ആരും പുറത്തിറങ്ങാതിരുന്ന സമയത്ത് രാം നായികിനു വേണ്ടി ജനതാപാര്‍ട്ടിയുടെ പ്രചാരണത്തിന് അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. മുംബൈയില്‍ ബിസിനസ് പച്ചപിടിക്കുന്നതിനിടയിലാണ് തെന്നിന്ത്യന്‍ സിനിമാതാരം രാധയെ അദ്ദേഹം ജീവിതസഖിയാക്കുന്നത്. രാധ അന്ന് വലിയൊരു താരമാണെന്ന് പോലും ആ തിരക്കുകള്‍ക്കിടയില്‍ രാജശേഖരന്‍ നായര്‍ അറിഞ്ഞിരുന്നില്ല. കാര്‍ത്തിക, വിഘ്നേഷ്, തുളസി എന്നീ മൂന്ന് മക്കളടങ്ങുന്ന സന്തുഷ്ട കുടുംബം.

മുംബൈയില്‍ ബിസിനസ് സാമ്രാജ്യം വളരുമ്പോഴും, സ്വന്തം നാട്ടില്‍ കുറച്ചുപേര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ കേരളത്തിലേക്ക് തിരികെയെത്തിച്ചത്. ആരും പോകാന്‍ ഭയപ്പെട്ടിരുന്ന കോവളത്തെ ഒരു പ്രദേശം ഇന്ന് കാണുന്ന പഞ്ചനക്ഷത്ര റിസോര്‍ട്ടായ ‘ഉദയ് സമുദ്ര’ ആയി മാറിയത് അങ്ങനെയാണ്. 2014-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി, ഉദയ് സമുദ്രയിലാണ് താമസിച്ചത്. രാജശേഖരന്‍ നായരുടെ മികവ് കണ്ട് ഗുജറാത്തിലേക്ക് ബിസിനസ് മാറ്റാന്‍ മോദി ക്ഷണിച്ചെങ്കിലും, കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. പ്രവാസികള്‍ കാരണം കുടുംബങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മാറ്റണം എന്ന അദ്ദേഹത്തിന്റെ ലക്ഷ്യം കേട്ട് പ്രധാനമന്ത്രിയും പിന്തുണയറിയിച്ചു.

പിന്നീട് മോദി വീണ്ടും കേരളത്തില്‍ വന്നപ്പോള്‍ വിശ്രമിച്ചത് അദ്ദേഹം ശംഖുമുഖത്ത് പുതുതായി തുടങ്ങിയ ഉദയ് സ്യൂട്ട്സിലായിരുന്നു. ആലപ്പുഴയിലും വാഗമണ്ണിലുമായി റിസോര്‍ട്ടുകളും, സ്വന്തം നാടായ ചെങ്കലില്‍ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും അദ്ദേഹത്തിന്റേതായുണ്ട്. ഇന്ന് രണ്ടായിരത്തോളം പേര്‍ക്കാണ് അദ്ദേഹം തൊഴില്‍ നല്‍കുന്നത്. കഴിഞ്ഞ തവണ നെയ്യാറ്റിന്‍കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മികച്ച പ്രകടനം കാഴ്ചവെച്ച രാജശേഖരന്‍ നായരെ, ഇത്തവണ തിരുവനന്തപുരം സെന്‍ട്രലിലേക്കാണ് പാര്‍ട്ടി പരിഗണിക്കുന്നത്. വെറുമൊരു സ്ഥാനാര്‍ഥി എന്നതിലുപരി, വിയര്‍പ്പൊഴുക്കി വിജയം നേടിയ ഒരു വലിയ മനുഷ്യന്റെ കരുത്തുണ്ട് ആ പേരിന് പിന്നില്‍.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top