കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ, രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു കൊണ്ട് വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനായി ആദ്യ വോട്ട് അഭ്യര്‍ത്ഥിക്കല്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ മുറുകുന്നതിനിടയിലാണ് ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളെപ്പോലും തള്ളിക്കൊണ്ട് അമ്പലമുക്ക് വാര്‍ഡ് കമ്മിറ്റി മുരളീധരനായി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചത്. കേരളത്തിലെ പ്രധാന മുന്നണികളിലൊന്നിന്റെ പേരില്‍ വരുന്ന ഇത്തവണത്തെ ആദ്യ പ്രചാരണ പോസ്റ്ററാണിത് എന്നതാണ് ശ്രദ്ധേയം.
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് ഹൈക്കമാന്‍ഡ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വട്ടിയൂര്‍ക്കാവില്‍ മുരളീധരന്റെ കാര്യത്തില്‍ ഇതൊന്നും വിലപ്പോകില്ലെന്ന് അണികള്‍ തെളിയിച്ചു കഴിഞ്ഞു. രണ്ടു തവണ വട്ടിയൂര്‍ക്കാവില്‍ നിന്നും എംഎല്‍എയായ മുരളീധരന്‍ മണ്ഡലത്തിന് സുപരിചിതനാണ്. വടകരയില്‍ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ രാജിവെച്ചപ്പോഴും വട്ടിയൂര്‍ക്കാവുമായുള്ള ഹൃദയബന്ധം മുരളി ഉപേക്ഷിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തും പിന്നീട് തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായ തിരിച്ചടികള്‍ക്ക് ശേഷം തന്റെ രാഷ്ട്രീയ തട്ടകമായ വട്ടിയൂര്‍ക്കാവിലേക്ക് മുരളീധരന്‍ മടങ്ങിയെത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.
വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ മുരളീധരന്‍ എത്തുമ്പോള്‍ മറുവശത്ത് കരുനീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സിപിഎമ്മും ബിജെപിയും. എല്‍ഡിഎഫിനായി നിലവിലെ എംഎല്‍എ വി.കെ. പ്രശാന്ത് തന്നെ വീണ്ടും കളത്തിലിറങ്ങുമെന്നാണ് സൂചന. എന്നാല്‍ ബിജെപി ക്യാമ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ബിജെപിയിലെ കരുത്തുറ്റ വനിതാ നേതാവ് ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ബിജെപി മണ്ഡലത്തില്‍ പരിഗണിക്കുന്നത്.
മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായതോടെ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ അതിശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായി. ഡല്‍ഹിയില്‍ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പേ പോസ്റ്ററുകള്‍ നിരന്നത് ഐ ഗ്രൂപ്പിലെയും മറ്റ് നേതാക്കളെയും ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും വട്ടിയൂര്‍ക്കാവിലെ മുരളി തരംഗത്തെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് അമ്പലമുക്കിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ വട്ടിയൂര്‍ക്കാവിലെ ‘പോസ്റ്റര്‍ രാഷ്ട്രീയം’ കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ചൂടുപിടിപ്പിക്കുമെന്ന് ഉറപ്പാണ്.



