മോഹന്‍ലാല്‍ വഞ്ചകനല്ലെന്ന് സ്ഥിരീകരണം..; കോണ്‍ഫിന്റ് ഗ്രൂപ്പ് സത്യം പറയുന്നു; അഭ്യൂഹങ്ങള്‍ക്ക് വിരാമം: സിനിമാ മേഖലയില്‍ നിന്ന് നിക്ഷേപങ്ങളില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരെയും സിനിമാ മേഖലയിലെ മറ്റ് പ്രമുഖര്‍ക്കെതിരെയും ഉയരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മാനേജിങ് ഡയറക്ടര്‍ ടി.എ. ജോസഫ് രംഗത്ത്. മോഹന്‍ലാല്‍ വഞ്ചകനല്ലെന്നും കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ സിനിമാ മേഖലയില്‍ നിന്നുള്ള ആര്‍ക്കും പങ്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.ജെ. റോയിയുടെ മരണശേഷം ഉയര്‍ന്നു വന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നത് പോലെ മോഹന്‍ലാലിന് കോണ്‍ഫിഡന്റ് ഗ്രൂപ്പില്‍ നിക്ഷേപങ്ങളില്ലെന്ന് ടി.എ. ജോസഫ് വ്യക്തമാക്കി. മോഹന്‍ലാലുമായുള്ള ബന്ധം ‘കാസനോവ’ എന്ന സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാത്രമാണ് ഉണ്ടായത്. ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂര്‍ ചെയര്‍മാന്റെ അടുത്ത സുഹൃത്ത് മാത്രമാണ്, മറിച്ച് കമ്പനിയുടെ നിക്ഷേപകനല്ല. സൗഹൃദത്തിന്റെ പേരില്‍ സിനിമയുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ ചെയര്‍മാന്‍ പങ്കുവെച്ചിരുന്നു എന്നതൊഴിച്ചാല്‍ സാമ്പത്തികമായ മറ്റൊരു ബന്ധവും ഇവര്‍ തമ്മിലില്ല.

സിനിമാ മേഖലയില്‍ നിന്ന് ഇങ്ങോട്ട് പണം ലഭിക്കാന്‍ ഉണ്ടെന്നല്ലാതെ, അങ്ങോട്ട് ആര്‍ക്കും കൊടുക്കാനില്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഒരു ‘സീറോ ഡെബ്റ്റ്’ അതായത് കടബാധ്യതയില്ലാത്ത കമ്പനിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് എംഡി ഉറപ്പ് നല്‍കി. കേരളത്തിലെയും ബെംഗളൂരുവിലെയും എല്ലാ പ്രോജക്റ്റുകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം കമ്പനിക്കാണ്. നിക്ഷേപിച്ച ആര്‍ക്കും പണം നഷ്ടപ്പെടില്ലെന്നും എല്ലാ പ്രോജക്റ്റുകളും പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെയര്‍മാന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്‍ ഉന്നയിച്ച ആരോപണങ്ങളെ ടി.എ. ജോസഫ് തള്ളി.

‘ചെയര്‍മാന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ശരിയല്ല. അവര്‍ക്ക് കമ്പനി കാര്യങ്ങളെക്കുറിച്ച് അറിവില്ല. ചെയര്‍മാന്‍ ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല, വളരെ ശക്തനായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.’ യുട്യൂബ് ചാനലുകളും ചില മാധ്യമങ്ങളും ചെയര്‍മാനെ ‘കഴുകന്മാരെപ്പോലെ’ വേട്ടയാടുകയാണെന്നും, കള്ളക്കടത്തും ബിനാമി ഇടപാടുകളും ആരോപിച്ച് അദ്ദേഹത്തെ ഇനിയും അപമാനിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

നിലവില്‍ എസ്‌ഐടി അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണത്തില്‍ കമ്പനി തൃപ്തരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ മോഹന്‍ലാലിന് കോണ്‍ഫിഡന്റുമായി ഒരു ബിസിനസ്സും ഇല്ലെന്ന് വ്യക്തമാകുകയാണ്……

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top