വിഎസിന്റെ മകനും വിഎസിന്റെ വിശ്വസ്തനും പരസ്പരം മത്സരിക്കുമോ? അരുണ്‍കുമാറും സുരേഷും അങ്കത്തിനോ? മലമ്പുഴിയില്‍ ആരു പൊട്ടും!

ലമ്പുഴയില്‍ വി.എസിന്റെ മകനും വിശ്വസ്തനും ഏറ്റുമുട്ടുമോ? കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി.എസ്. അച്യുതാനന്ദന്റെ തട്ടകമായ മലമ്പുഴയില്‍ ഇത്തവണ രാഷ്ട്രീയത്തിനപ്പുറം വൈകാരികമായ ഒരു പോരാട്ടത്തിന് കളമൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം നീക്കം നടത്തുമ്പോള്‍, വി.എസിന്റെ നിഴലായിരുന്ന മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ. സുരേഷിനെ യുഡിഎഫ് സ്വതന്ത്രനാക്കി അട്ടിമറിക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നു. വി.എസിന്റെ അനന്തരാവകാശിയും അദ്ദേഹത്തിന്റെ വിശ്വസ്തനും തമ്മിലുള്ള ഈ പോരാട്ടം മലമ്പുഴയിലെ വോട്ടര്‍മാരെ ശരിക്കും ധര്‍മ്മസങ്കടത്തിലാക്കിയിരിക്കുകയാണ്.

പതിനൊന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കിയിട്ടും വി.എസ് പക്ഷത്തിന്റെ കരുത്തായി നിലകൊണ്ട എ. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്. വി.എസിന്റെ മണ്ഡലത്തിലെ ഓരോ മുക്കും മൂലയും അറിയാവുന്ന സുരേഷിനെ ഇറക്കിയാല്‍ ബിജെപിക്ക് വലിയ സ്വാധീനമുള്ള മലമ്പുഴയില്‍ ഇടതുകോട്ട തകര്‍ക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍, ‘ഇപ്പോഴും ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്’ എന്ന സുരേഷിന്റെ പരസ്യനിലപാട് കോണ്‍ഗ്രസിനെ അല്പം അമ്പരപ്പിച്ചിട്ടുണ്ട്. എങ്കിലും യുഡിഎഫ് സ്വതന്ത്രനായി അദ്ദേഹം വന്നാല്‍ വി.എസ് അനുകൂല വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന് ഉറപ്പാണ്.

അരുണ്‍കുമാര്‍ എതിരാളിയായി വന്നാല്‍ സുരേഷ് മത്സരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. വി.എസിനോടും കുടുംബത്തോടും സുരേഷ് പുലര്‍ത്തുന്ന ആഴത്തിലുള്ള വൈകാരിക ബന്ധം ഈ നീക്കത്തിന് തടസ്സമായേക്കാം. വി.എസിന്റെ മകന്‍ അരുണ്‍കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ താന്‍ യുഡിഎഫ് ടിക്കറ്റില്‍ എതിരാളിയായി നില്‍ക്കില്ലെന്ന സൂചനയാണ് സുരേഷുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. ഇത് മുന്‍കൂട്ടി കണ്ടാണ് പാലക്കാട് ജില്ലാ കമ്മിറ്റി അരുണ്‍കുമാറിന്റെ പേര് സജീവമായി പരിഗണിക്കുന്നത്. സുരേഷിന്റെ വഴി അടയ്ക്കാന്‍ ഇതിലും നല്ലൊരു തന്ത്രം സിപിഎമ്മിന് മുന്നിലില്ല.

വി.എസ് പ്രഭാവം വീണ്ടും ജ്വലിപ്പിച്ചു നിര്‍ത്താന്‍ അരുണ്‍കുമാറിന് കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ ഐ.എച്ച്.ആര്‍.ഡിയിലെ പദവിയും പഴയ വിവാദങ്ങളും എതിരാളികള്‍ ആയുധമാക്കാന്‍ സാധ്യതയുണ്ട്. മറുവശത്ത്, വി.എസ് ഫാന്‍സിന്റെ പിന്തുണയോടെ സുരേഷ് മത്സരിച്ചാല്‍ മണ്ഡലത്തില്‍ ത്രികോണ മത്സരം മുറുകും. വി.എസിന്റെ തണലില്‍ വളര്‍ന്ന രണ്ട് പേര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ് മലമ്പുഴയിലെ ജനങ്ങള്‍.

അരുണ്‍കുമാറിലൂടെ വി.എസ് വികാരം നിലനിര്‍ത്താന്‍ സിപിഎമ്മിന് കഴിയുമോ, അതോ വിശ്വസ്തനിലൂടെ യുഡിഎഫ് അട്ടിമറി നടത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മലമ്പുഴയില്‍ ബിജെപിയും ഇത്തവണ വിജയ പ്രതീക്ഷയിലാണ്. അതായത് ആര്‍ക്കും അവിടെ ജയിക്കാം….

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top