തിരുവനന്തപുരം: ഐ.എസ്.ആര്.ഒ.യുടെ തന്ത്രപ്രധാനമായ ഉപഗ്രഹ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്ത് രഹസ്യ സന്ദര്‍ശനം നടത്തി. ആര് എസ് എസ് അനുകൂല മാധ്യമമായ തത്വമയീ ന്യൂസാണ് ഈ വാര്‍ത്ത പുറത്തു വിടുന്നത്.
ജനുവരി അവസാന വാരത്തില്‍ ഐ.എസ്.ആര്.ഒ. ആസ്ഥാനത്തെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ആറോളം സുപ്രധാന യോഗങ്ങളില്‍ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ ബാധിക്കുന്ന വിക്ഷേപണങ്ങളില്‍ അട്ടിമറി സാധ്യതയുണ്ടോ എന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായി അന്വേഷിച്ചതായാണ് വിവരം. ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ശത്രുക്കളുടെ നീക്കങ്ങള്‍ 500 കിലോമീറ്റര്‍ അകലെ നിന്നുപോലും തിരിച്ചറിയാന്‍ ശേഷിയുള്ള ‘അന്വേഷ’ എന്ന സുരക്ഷാ ഉപഗ്രഹമാണ് കഴിഞ്ഞ ജനുവരി 12-ന് നടന്ന വിക്ഷേപണത്തില്‍ പരാജയപ്പെട്ടത്. 2025 മെയ് മാസത്തിലും സമാനമായ രീതിയില്‍ വിക്ഷേപണ പരാജയം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡോവല്‍ നേരിട്ടെത്തിയത്.
സാധാരണഗതിയില്‍ 95 ശതമാനം വിജയശതമാനമുള്ള ഐ.എസ്.ആര്.ഒ.യ്ക്ക് സുരക്ഷാ ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ മാത്രം തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നത് ഗൗരവകരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വിദേശശക്തികളുടെയോ ചൈനീസ് ഹാക്കര്‍മാരുടെയോ ഇടപെടല്‍ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.
അതീവ രഹസ്യമായിട്ടായിരുന്നു ഡോവലിന്റെ കേരള സന്ദര്‍ശനം. ബി.ജെ.പി. നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയെന്നതിന്റെ സൂചനകള്‍ ലഭിച്ചത്. ജനുവരി 22-ന് ഡോവലിനൊപ്പമുള്ള യാത്രാചിത്രം രാജീവ് ചന്ദ്രശേഖര്‍ പങ്കുവെച്ചിരുന്നു.
ഐ.എസ്.ആര്.ഒ.യിലെ ഫെയിലിയര്‍ അനാലിസിസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതിന് പിന്നാലെയാണ് ഡോവലിന്റെ ഈ മിന്നല്‍ സന്ദര്‍ശനം ഉണ്ടായത്. സാങ്കേതിക വിദഗ്ധരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നത്.



