പിടയ്ക്കുന്ന നെഞ്ചോടെയല്ലാതെ ആ ദൃശ്യം കണ്ടുതീര്‍ക്കാനാവില്ല! മരണത്തിന്റെ നീലപ്പൊക്കണമായി പാഞ്ഞെത്തിയ ബസിന് മുന്നിലേക്ക് പിഞ്ചുബാലിക ഓടിക്കയറിയത് നിമിഷാര്‍ദ്ധം കൊണ്ട്. നാടിനെ നടുക്കിയ ആ ദുരന്തം ഒഴിവായത് കൊടിയത്തൂര്‍ റൂട്ടിലെ ബസ് ഡ്രൈവര്‍ ഷിനോജിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ്. മരണം തൊട്ടുപിന്നിലെത്തിയ ആ നിമിഷത്തെ ഷിനോജ് വിശേഷിപ്പിക്കുന്നത് ഇങ്ങനെ- ‘ഇത് ദൈവത്തിന്റെ കൈയാണ്’.
വിറങ്ങലിച്ചുപോയ നിമിഷം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും റോഡിന്റെ മറുവശത്തുള്ള അമ്മയുടെ അടുത്തേക്ക് പാഞ്ഞെത്തിയതായിരുന്നു ആ കുരുന്ന്. അതേവേഗതയില്‍ കുതിച്ചെത്തിയ നീല ബസ്. കുട്ടി ബസിനടിയില്‍ പെട്ടുവെന്നുതന്നെയാണ് കണ്ടുനിന്നവരും ഷിനോജും ഒരു നിമിഷം കരുതിയത്. എന്നാല്‍, സ്വന്തം മക്കളുടെ മുഖം മനക്കണ്ണില്‍ കണ്ട ഷിനോജ്, ബസ് സര്‍വ്വശക്തിയുമെടുത്ത് വലത്തോട്ട് വെട്ടിച്ച് ബ്രേക്കിട്ടു. ബസ് ഒന്നുലഞ്ഞു നിന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ആ പിഞ്ചുജീവന്‍ മരണത്തെ തോല്‍പ്പിച്ചു.
രണ്ടുദിവസം വളയം തൊട്ടില്ല! കണ്മുന്നില്‍ കണ്ട കാഴ്ച നല്‍കിയ ഞെട്ടലില്‍ ഷിനോജിന്റെ കൈകാലുകള്‍ വിറച്ചുപോയി. ‘കുട്ടി ബസിനടിയില്‍ പെട്ടുവെന്നാണ് ഞാന്‍ കരുതിയത്. കൈയും കാലും വിറച്ചുപോയി. എനിക്കും ആ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ്. ആ പേടി കാരണം രണ്ട് ദിവസമാണ് ഞാന്‍ ബസ് ഓടിക്കാതിരുന്നത്,’ ഷിനോജ് വിതുമ്പലോടെ ഓര്‍ക്കുന്നു. അപകടം നടന്ന ഉടനെ ബസില്‍ നിന്നും ഇറങ്ങിയ ഷിനോജ്, പിന്നീട് സുഹൃത്തിനെ വളയമേല്‍പ്പിച്ച് അവിടെ നിന്നും മാറുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വീഡിയോ പുറത്തുവിട്ടത് പാഠമാകാന്‍ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ശനിയാഴ്ച തന്നെ ഷിനോജിന് ലഭിച്ചിരുന്നു. എന്നാല്‍ അത് പുറത്തുവിടാന്‍ ആദ്യം മടിച്ചു. പിന്നീട് രക്ഷിതാക്കള്‍ക്ക് ഇതൊരു പാഠമാകട്ടെ എന്ന് കരുതിയാണ് വീഡിയോ പങ്കുവെച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ മകളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റോഡിലിറങ്ങുമ്പോള്‍ രക്ഷിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കാട്ടുന്ന അശ്രദ്ധ എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുക എന്നതിന്റെ സാക്ഷ്യപത്രമായി ഈ ദൃശ്യം മാറിക്കഴിഞ്ഞു.
ഷിനോജിന്റെ മനസ്സാന്നിധ്യത്തിന് സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ പ്രവഹിക്കുകയാണ്. എന്നാല്‍, ഷിനോജ് ആ വിറയല്‍ മാറാതെ ഇപ്പോഴും പറയുന്നു- ‘രക്ഷിച്ചത് ഞാനല്ല, ദൈവമാണ്’.



