ഐടിക്കെതിരെ ഹര്‍ജി; 48 മണിക്കൂറിനുള്ളില്‍ യു ടേണ്‍; കോണ്‍ഫിഡന്റില്‍ ഡിസംബറില്‍ സംഭവിച്ചത് എന്ത്?

ബെംഗളൂരുവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് സി.ജെ. റോയ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും, ആ പ്രമുഖ വ്യവസായിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്താണെന്ന ചോദ്യം അലയടിക്കുകയാണ്.

ജനുവരി 30-ന് നടന്ന ആത്മഹത്യയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കുമ്പോള്‍, മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് ആദായനികുതി വകുപ്പിനെതിരെ റോയ് നടത്തിയ തീവ്രവും എന്നാല്‍ ഹ്രസ്വവുമായ ഒരു നിയമപോരാട്ടത്തിലേക്കാണ് ഇപ്പോള്‍ ഏവരുടെയും കണ്ണുകള്‍ നീളുന്നത്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ അതീവ ഗൗരവമായ വാദങ്ങളുമായി ഹര്‍ജി നല്‍കി വെറും 48 മണിക്കൂറിനുള്ളില്‍ അത് പിന്‍വലിച്ച ആ ‘യൂ-ടേണ്‍’ ആണ് ഇപ്പോള്‍ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ആ രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് മേല്‍ എന്ത് സമ്മര്‍ദ്ദമാണ് ഉണ്ടായതെന്നതാണ് ഉയരുന്ന ചോദ്യം.

ഡിസംബര്‍ 16-നായിരുന്നു നാടകീയമായ നീക്കങ്ങള്‍ തുടങ്ങിയത്. ബെംഗളൂരുവിലെ തങ്ങളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താന്‍ കൊച്ചിയിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നായിരുന്നു റോയിയുടെ പ്രധാന വാദം. തങ്ങളുടെ ബിസിനസ് ഇടപാടുകളെല്ലാം ബെംഗളൂരു കേന്ദ്രീകൃതമായിരിക്കെ, കേരളത്തിലെ ഉദ്യോഗസ്ഥര്‍ എങ്ങനെ അവിടെയെത്തി പരിശോധന നടത്തുമെന്ന ചോദ്യമാണ് അദ്ദേഹം ഹൈക്കോടതിയില്‍ ഉന്നയിച്ചത്. വ്യത്യസ്തമായ നിയമപരമായ അസ്തിത്വമുള്ള പല സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ ‘ഒരൊറ്റ വാറന്റ്’ ഉപയോഗിച്ചതിനെയും, പരിശോധനയ്ക്കിടെ പുറത്തുനിന്നുള്ള സാക്ഷികളെ കൊണ്ടുവന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. റെയ്ഡ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും തുടര്‍നടപടികള്‍ റദ്ദാക്കണമെന്നുമായിരുന്നു റോയിയുടെ ആവശ്യം.

അന്ന് കേസ് പരിഗണിച്ചപ്പോള്‍ ആദായനികുതി വകുപ്പ് അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും, ഡിസംബര്‍ 18-ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 18-ന് കോടതി വാദം കേള്‍ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിതമായി റോയ് തന്റെ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. എന്തിന് അദ്ദേഹം പിന്മാറി എന്നതിന് വ്യക്തമായ കാരണങ്ങളൊന്നും കോടതി രേഖകളില്‍ ഇല്ല.

തന്റെ സ്ഥാപനത്തിനെതിരെ നടന്ന നീക്കങ്ങളെ നിയമപരമായി ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത റോയ്, പെട്ടെന്ന് പിന്തിരിഞ്ഞതിന് പിന്നില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കോടതിക്ക് മുന്നിലെത്താതെ പോയ ആ പരാതിയിലെ വരികള്‍ക്കുള്ളില്‍ റോയിയുടെ മരണത്തിന്റെ കാരണങ്ങളും ഒളിഞ്ഞിരിപ്പുണ്ടോ എന്നാണ് ഇനി അറിയേണ്ടത്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top