കൊച്ചി: വഴക്കിനിടെ പ്രകോപിതനായി ‘പോയി ചാകാന്‍’ എന്ന് പറയുന്നത് ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ബോധപൂര്‍വ്വമായ നടപടിയായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ബന്ധം വേര്‍പെടുത്താനുള്ള ഒരാളുടെ വ്യക്തിപരമായ തീരുമാനം ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്നും ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ വ്യക്തമാക്കി.
കാസര്‍കോട് സ്വദേശിനി അഞ്ചര വയസ്സുള്ള മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആരെങ്കിലും പോയി ചാവാന്‍ പറഞ്ഞാല്‍ കിണറ്റില്‍ ചാടരുത് എന്ന വികാരപരമായ പരാമര്‍ശത്തോടെയാണ് കോടതി നിയമപരമായ വശങ്ങള് വിശദീകരിച്ചത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി ഇയാള്‍ക്കെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കി.
അധ്യാപകനായ ഹര്ജിക്കാരന് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഹര്ജിക്കാരന് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി അറിഞ്ഞ യുവതി ഇത് ചോദ്യം ചെയ്യുകയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനിടെ യുവാവ് ‘പോയി ചാകാന്‍’ എന്ന് പറയുകയും ഇതില്‍ മനംനൊന്ത് യുവതി മകളുമായി ആത്മഹത്യ ചെയ്തെന്നുമാണ് പ്രോസിക്യൂഷന് കേസ്. എന്നാല്‍, ഐ.പി.സി സെക്ഷന്‍ 306 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെങ്കില്‍ മരിച്ച ആളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന രീതിയിലുള്ള ബോധപൂര്‍വ്വമായ ഇടപെടല്‍ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു.
പ്രകോപനത്തിന്റെ ഭാഗമായി സ്വാഭാവികമായി പറഞ്ഞുപോകുന്ന വാക്കുകള്‍ ഒരാള്‍ മരിക്കണമെന്ന ഗൂഢാലോചനയോടെയുള്ളതല്ലെന്ന് കോടതി വിലയിരുത്തി. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് ആത്മഹത്യാ പ്രേരണയുടെ പരിധിയില്‍ വരില്ല. പ്രതിക്ക് യുവതിയുടെ മരണം ആഗ്രഹിക്കുന്ന തരത്തിലുള്ള ഉദ്ദേശ്യമോ കൃത്യമായ തെളിവുകളോ ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്.
അവിവാഹിതനായ ഒരാള്‍ക്ക് ഉഭയസമ്മതപ്രകാരം എത്ര ബന്ധങ്ങളുമാകാം എന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനിടെ ഉയര്‍ന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍, വ്യക്തിബന്ധങ്ങളും നിയമപരമായ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച പുതിയ മാനങ്ങള്‍ നല്‍കുന്നതാണ് ഈ വിധി.



