രാജന്‍ പിള്ള.. .അറ്റ്‌ലസ് രാമചന്ദ്രന്‍.. ഇപ്പോള്‍ സിജെ റോയി; കഫേ കോഫി ഡേയുടെ വഴിയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പും; മലയാളിയെ നടുക്കി ബംഗ്ലുരുവിലെ വെടിയൊച്ച

കേരളത്തിന്റെ ബിസിനസ്സ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം കടന്നുവരുന്നത്. ബിസ്‌കറ്റ് രാജാവായി അറിയപ്പെട്ടിരുന്ന രാജന്‍ പിള്ളയില്‍ തുടങ്ങി, അറ്റ്ലസ് രാമചന്ദ്രനിലൂടെ സി.ജെ. റോയിയില്‍ എത്തിനില്‍ക്കുന്ന ഈ ദുരന്തപരമ്പരകള്‍ മലയാളിക്ക് നല്‍കുന്നത് സമാനമായ നോവാണ്.

ബ്രിട്ടാണിയ ബിസ്‌കറ്റിന്റെ വിജയശില്‍പ്പിയായിരുന്ന രാജന്‍ പിള്ളയായിരുന്നു ഈ നിരയിലെ ആദ്യത്തെ ഇര. വ്യവസായ ലോകത്തെ കുടിപ്പകകള്‍ ഒടുവില്‍ അദ്ദേഹത്തെ എത്തിച്ചത് തീഹാര്‍ ജയിലിലായിരുന്നു. ആ ജയില്‍വാസത്തിനിടെയുണ്ടായ മരണം കേരളത്തെ ഒന്നടങ്കം നടുക്കി. കാലങ്ങള്‍ക്കിപ്പുറം, പ്രവാസലോകത്തെ വിശ്വസ്തനായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ പതനവും സമാനമായിരുന്നു. സ്വര്‍ണ്ണ ബിസിനസ്സിലെ ശത്രുതയും പകയും അദ്ദേഹത്തെ യു.എ.ഇയിലെ അഴികള്‍ക്കുള്ളിലാക്കി. ആ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ ശ്രമിക്കവേയുണ്ടായ അദ്ദേഹത്തിന്റെ വേര്‍പാടും മലയാളികള്‍ക്ക് വിങ്ങലായി.

സി.ജെ. റോയിയുടെ മരണം രാജ്യത്തെ ആദായനികുതി വകുപ്പിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുകയാണ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ഒരു ബിസിനസ്സ് പ്രമുഖന്‍ ജീവനൊടുക്കുന്നത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ്. കഫേ കോഫി ഡേ സ്ഥാപകനായ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ ഇന്ത്യന്‍ ബിസിനസ്സ് ലോകത്തെ പിടിച്ചുലച്ച ഒന്നായിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനവും അമിതമായ ബാഹ്യസമ്മര്‍ദ്ദവുമാണ് തന്നെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയും സി.ബി.ഡി.ടി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സിദ്ധാര്‍ത്ഥയുടെ മരണത്തിന് കൃത്യം ആറ് വര്‍ഷം തികയുമ്പോഴാണ് സി.ജെ. റോയിയുടെ വിയോഗം. ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെയാണ് അദ്ദേഹം സ്വയം വെടിവെച്ച് മരിച്ചത്. രാജന്‍ പിള്ളയുടെയും അറ്റ്ലസ് രാമചന്ദ്രന്റെയും കാര്യത്തില്‍ വ്യവസായ പകയായിരുന്നു വില്ലനെങ്കില്‍, സിദ്ധാര്‍ത്ഥയുടെയും സി.ജെ. റോയിയുടെയും കാര്യത്തില്‍ അന്വേഷണ ഏജന്‍സികളുടെ നടപടികളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആത്മവിശ്വാസത്തിന്റെ കരുത്തില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവര്‍ ഒടുവില്‍ നിസ്സഹായരായി മടങ്ങേണ്ടി വരുന്നത് കേരളത്തിന്റെ വ്യവസായ ഭൂമികയ്ക്ക് വലിയൊരു ആഘാതമാണ്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top