കൊട്ടിഘോഷിക്കപ്പെട്ട എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ഒരാഴ്ച തികയും മുന്‍പേ തകര്‍ന്നടിഞ്ഞിരിക്കുന്നു. കേരള രാഷ്ട്രീയത്തിലെ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ് പെരുന്നയില്‍ നിന്നും പടരുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഈ രാഷ്ട്രീയ നീക്കം പരാജയപ്പെടാന്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒന്നാമതായി, എന്‍എസ്എസിന്റെ പ്രഖ്യാപിത നയമായ ‘സമദൂര’ സിദ്ധാന്തത്തില്‍ വിള്ളല്‍ വീഴുമെന്ന ആശങ്ക പെരുന്നയില്‍ ശക്തമായി. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനും, എന്‍ഡിഎ ഘടകകക്ഷിയെ നയിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയും ഒരു വശത്ത് നില്ക്കുമ്പോള്, സമുദായത്തിന്റെ നിഷ്പക്ഷത പണയപ്പെടുത്താന്‍ കഴിയില്ലെന്ന് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് ഉറപ്പിച്ചു.
രണ്ടാമതായി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇരു സംഘടനകളും ഒന്നിച്ച് നടത്തിയ ആക്രമണം പൊതുസമൂഹത്തില്‍ തിരിച്ചടിയായി. ഇത് കേവലം ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന പ്രതീതി ഉയരുകയും കോണ്‍ഗ്രസ് അനുകൂലികളായ സമുദായംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.
മറ്റ് സമുദായങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശന് നടത്തുന്ന വിവാദ പ്രസ്താവനകളാണ് എന്‍എസ്എസിനെ ചിന്തിപ്പിച്ച മറ്റൊരു ഘടകം. എല്ലാവരോടും മാന്യമായി വര്‍ത്തിക്കുന്ന സംഘടനയുടെ സല്‍പ്പേരിന് വെള്ളാപ്പള്ളിയുമായുള്ള ബന്ധം കളങ്കമുണ്ടാക്കുമെന്ന് നേതൃത്വം വിലയിരുത്തി. കൂടാതെ, തുടര്‍ച്ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ നേതാവ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ചതും ബിജെപി പാളയത്തിലേക്കുള്ള ഗൂഢനീക്കമാണോ എന്ന് ഡയറക്ടര്‍ ബോര്‍ഡ് സംശയിച്ചു.
അഞ്ചാമതായി, ഐക്യനീക്കത്തിനിടെ വെള്ളാപ്പള്ളിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്കാരവും കല്ലുകടിയായി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പുരസ്കാരത്തിന്റെ തിളക്കത്തില്‍ എന്‍എസ്എസ് മങ്ങിപ്പോകുമെന്ന വികാരം സമുദായത്തിനുള്ളില്‍ ശക്തമായി.
എന്നാല്‍ ഈ പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു വലിയ രാഷ്ട്രീയ ചടുലത കൂടിയുണ്ട്. രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാക്കിയതോടെ സുകുമാരന്‍ നായരുടെ നിലപാടില്‍ അയവുണ്ടായതായാണ് സൂചന. ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാമെന്ന ഉറപ്പ് ചില കേന്ദ്രങ്ങള്‍ പെരുന്നയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കെ.സി. വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ അനുനയ നീക്കങ്ങള്‍ ഫലം കണ്ടതോടെയാണ് ‘പഴയ പടക്കുതിരയെ’ വിശ്വസിച്ച് എന്‍എസ്എസ് വീണ്ടും യുഡിഎഫിനോട് അടുക്കുന്നത്. ഒടുവില്‍, ഐക്യരഥം ഉരുളും മുന്‍പേ ചക്രങ്ങള്‍ തകര്‍ന്ന് പെരുന്നയും കണിച്ചുകുളങ്ങരയും വീണ്ടും രണ്ട് ധ്രുവങ്ങളിലേക്ക് വഴിമാറുകയാണ്. ഇത് ആശ്വാസം നല്‍കുന്നത് കോണ്‍ഗ്രസിന് തന്നെയാണ്.



