ഇനി രാഹുല്‍ പാലക്കേട്ടേക്ക് പോകുമോ? കോണ്‍ഗ്രസ് നേതൃത്വം അകറ്റി നിര്‍ത്തും

ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് പോകുമോ? ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്ന് ഉറപ്പായി. അതുകൊണ്ടു തന്നെ രാഹുല്‍ തല്‍കാലം പത്തനംതിട്ടയില്‍ തുടരും.

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണ്. ജനുവരി 11-ാം തീയതി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് നാടകീയമായാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 ദിവസമായി രാഹുല്‍ ജയിലായിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന വാദം പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. രാഹുലിനെതിരെയുള്ള കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

പരാതിക്കാരി വിദേശത്തായതിനാല്‍ കേരളത്തിലേക്ക് എത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും എംബസി വഴി പ്രത്യേക സംവിധാനം ഉപയോഗിച്ച് മൊഴി രേഖപ്പെടുത്താന്‍ നീക്കം നടത്തുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അന്വേഷണത്തോടും അറസ്റ്റിനോടും രാഹുല്‍ സഹകരിച്ചില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസിന്റെ വിശദാംശങ്ങളും മുന്‍ കോടതി നിരീക്ഷണങ്ങളും പരിശോധിച്ച ശേഷമാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് വിവരം. ഇതിനിടെ കൂടുതല്‍ കേസുകള്‍ ഇനി രാഹുലിനെതിരെ ഉണ്ടാകില്ലെന്നും സൂചനയുണ്ട്. പരാതിക്കാര്‍ ഉണ്ടെങ്കിലും ആരും ഔദ്യോഗികമായി പരാതി നല്‍കില്ല. ഈ സാഹചര്യത്തില്‍ രാഹുല്‍ വിഷയം കൂടുതല്‍ വിവാദമാക്കേണ്ടതില്ലെന്ന നിലപാട് ചില കേന്ദ്രങ്ങള്‍ എടുത്തു കഴിഞ്ഞു.

കോണ്‍ഗ്രിസന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഉണ്ടാകില്ല. രാഹുലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വിവാദങ്ങളുണ്ടാക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും കെപിസിസി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പാലക്കാട് എന്തു വന്നാലും മത്സരിക്കുമെന്ന് നേരത്തെ രാഹുല്‍ പറഞ്ഞിരുന്നു. മാറിയ സാഹചര്യത്തില്‍ അതുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top