മേലധികാരിക്കെതിരെ പരാതി നല്‍കി സ്ഥാപനത്തോട് അന്വേഷണം ആവശ്യപ്പെട്ടാല്‍ എന്തു സംഭവിക്കും……? ഒന്നും സംഭവിക്കില്ല; മാതൃഭൂമി കഥ

മാതൃഭൂമി നടത്തുന്ന അക്ഷരോത്സവത്തിന്റെ (Ka Festival) ധാര്‍മ്മികത ചോദ്യങ്ങളില്‍. മാധ്യമ പ്രവര്‍ത്തകയുടെ തുറന്നെഴുത്താണ് ഇതിനു കാരണം. സ്ഥാപനത്തിലെ തൊഴില്‍ പീഡനത്തെക്കുറിച്ചും നീതിനിഷേധത്തെക്കുറിച്ചും ഉന്നയിച്ച പരാതികള്‍ മാനേജ്മെന്റ് അട്ടിമറിച്ചുവെന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതോടെ സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ഥാപനം സ്ത്രീ ജീവനക്കാരോട് കാട്ടുന്ന നീതി കേടാണ് ചര്‍ച്ചയാകുന്നത്. ഇത്തരമൊരു സ്ഥാപനത്തിന് സാംസ്‌കാരിക ഉത്സവം നടത്താന്‍ എന്ത് ധാര്‍മ്മിക അവകാശമാണുള്ളതെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ പി. അനില്‍കുമാര്‍, എഡിറ്റര്‍ മനോജ് കെ. ദാസ് എന്നിവര്‍ മാനേജ്മെന്റിനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ചക്രവ്യൂഹത്തില്‍ കുരുങ്ങിയാണ് തനിക്ക് രാജിവെക്കേണ്ടി വന്നതെന്ന് മാധ്യമപ്രവര്‍ത്തക ആരോപിക്കുന്നു. മാതൃഭൂമിയില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗത്യന്തരമില്ലാതെ രാജി വയ്ക്കേണ്ടി വരുന്ന അഞ്ചാമത്തെ ജേണലിസ്റ്റാണ് താനെന്നും ഇവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ന്യൂസ് എഡിറ്റര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ആഭ്യന്തര അന്വേഷണം (Internal Enquiry) വേണമെന്ന ആവശ്യം പരിഗണിച്ചില്ലെന്ന് മാത്രമല്ല, കാലാവധി നീട്ടിക്കൊടുത്ത് ന്യൂസ് എഡിറ്ററെ സംരക്ഷിക്കാനാണ് മാനേജ്മെന്റ് ശ്രമിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. തൊഴിലിടത്തിലെ പീഡനത്തെക്കുറിച്ച് (Work Harassment) പരാതി നല്‍കിയപ്പോള്‍ അത് പിന്‍വലിപ്പിക്കാനാണ് സ്ഥാപനം ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തുന്നു. പരാതിയില്ലെന്ന് എഴുതിവാങ്ങാനുള്ള നീക്കം നടക്കില്ലെന്ന് കണ്ടപ്പോള്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ഇവര്‍ ആരോപിക്കുന്നു. KUWJ സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയില്‍ നീതിക്കായുള്ള നിയമപോരാട്ടം തുടരുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സാംസ്‌കാരിക ഉന്നതിയെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന ‘കാ ഫെസ്റ്റിവല്‍’ പോലുള്ള വേദികള്‍ ഒരുക്കുന്ന മാതൃഭൂമി, സ്വന്തം സ്ഥാപനത്തിലെ സ്ത്രീകളുടെ പരാതികളില്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ മാതൃഭൂമിക്കുള്ളിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചും മാധ്യമ ലോകത്ത് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.

മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

മേലധികാരിക്കെതിരെ പരാതി നല്‍കി സ്ഥാപനത്തോട്
അന്വേഷണം ആവശ്യപ്പെട്ടാല്‍
എന്തു സംഭവിക്കും……?
ഒന്നും സംഭവിക്കില്ല.
പ്രത്യേകിച്ച് സത്യം, സമത്വം, സ്വാതന്ത്ര്യം എന്നത് ഒരു കാലത്തേക്ക് മാത്രം മുറുകെ പിടിച്ച ഒരു സ്ഥാപനത്തിലാണെങ്കില്‍ .
നീതി കിട്ടണമെങ്കില്‍ നിങ്ങള്‍ നിയമപോരാട്ടത്തിനിറങ്ങിയേ മതിയാകൂ….
തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ പി. അനില്‍കുമാറും എഡിറ്റര്‍ മനോജ് കെ.ദാസും മാനേജ്‌മെന്റിനെ തെറ്റിദ്ധരിപ്പിച്ചുണ്ടാക്കിയ ചക്രവ്യൂഹത്തില്‍ കുരുങ്ങി രാജിവെക്കുന്ന രണ്ടാമത്തെ ആളാണ് ഞാന്‍. മാതൃഭൂമിയില്‍ നിന്ന് തന്നെ രണ്ടു വര്‍ഷത്തിനിടെ ഗത്യന്തരമില്ലാതെ രാജി വെയ്‌ക്കേണ്ടി വരുന്ന അഞ്ചാമത്തെ ജേണലിസ്റ്റും.
ന്യൂസ് എഡിറ്റര്‍ക്കെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ ഇന്റേണല്‍ എന്‍ക്വയറിയായിരുന്നു എന്റെ ആവശ്യം. പരാതി പരിഗണിച്ചില്ലെന്ന് മാത്രമല്ല എക്‌സ്‌ടെന്‍ഷനിലിരിക്കുന്ന
ന്യൂസ് എഡിറ്ററെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ അപ്പോസ്തലന്‍മാരെ ചട്ടം കെട്ടുകയും ചെയ്തു.
ഒരു വനിതാ ജീവനക്കാരി നല്‍കിയ വര്‍ക്ക് ഹരാസ്‌മെന്റ് പരാതിയില്‍ സ്ഥാപനം പരാതിയില്ലെന്ന് എഴുതി വാങ്ങിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണ് ചെയ്തത്. നടക്കില്ലെന്ന് കണ്ടപ്പോള്‍ നടപടിയെടുക്കുമെന്ന
ഭീഷണി മുഴക്കി. കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിച്ചു.
Kuwj സംസ്ഥാനകമ്മിറ്റി അംഗം എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഒപ്പം നീതിക്കായുള്ള പോരാട്ടങ്ങളും .
എന്തായാലും ചരിത്രം ഒരു ദിവസം കൊണ്ട്
അവസാനിക്കില്ല.

Share This Report

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top